News

Get the latest news here

പത്തു ദിവസത്തിനുള്ളിൽ നിർത്തിയത് 18 തീവണ്ടികൾ

കൊച്ചി: യാത്രക്കാരില്ലാതായതോടെ പത്തു ദിവസത്തിനുള്ളിൽ കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികൾ റദ്ദാക്കി. വരുംദിവസങ്ങളിൽ കൂടുതൽ തീവണ്ടികൾ റദ്ദാക്കിയേക്കും. അതിഥിത്തൊഴിലാളികളുടെ നാട്ടിലേക്കുള്ള യാത്രയായതിനാൽ ദീർഘദൂര തീവണ്ടികളിൽമാത്രമാണ് ആളുള്ളത്.

ശനിയാഴ്ച മംഗലാപുരത്തേക്ക് പോയ അന്ത്യോദയ എക്സ്പ്രസിൽ രണ്ടു കോച്ചുകളിലേക്കുള്ള യാത്രക്കാരേ ഉണ്ടായിരുന്നുള്ളു. ആദ്യം കോച്ചുകൾ കുറച്ച് പരീക്ഷണം നടത്തിയിരുന്നു.

കഴിഞ്ഞയാഴ്ച ബെംഗളൂരുവിലേക്കുള്ള കൊച്ചുവേളി-ബാനസ്വാടിയും എറണാകുളം-ബാനസ്വാടിയും നിർത്തിയിരുന്നു. അനിശ്ചിതമായാണ് ഈ തീവണ്ടികൾ റദ്ദാക്കിയത്. തിങ്കളാഴ്ചയോടെ ദക്ഷിണ-പശ്ചിമ റെയിൽവേ, യശ്വന്ത്പൂർ-കണ്ണൂർ തീവണ്ടി റദ്ദാക്കി. എന്നുവരെയാണ് റദ്ദാക്കലെന്ന് പറഞ്ഞിട്ടില്ല. ഇതോടെ മലബാറിൽ നിന്നും ബെംഗളൂരു ഭാഗത്തേക്ക് വണ്ടികളില്ലാതായി. ഇതിന് പിന്നാലെയാണ് ദക്ഷിണറെയിൽവേ 12 തീവണ്ടികൾ ഒറ്റയടിക്ക് റദ്ദാക്കിയത്.

ലോക്ഡൗണിന് സമാനമായ സാഹചര്യമായതിനാൽ രാത്രി ഒമ്പതിനുശേഷം റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നവർക്ക് യാത്രാസൗകര്യമില്ലാത്തത് ആളുകൾ കുറയാനുള്ള കാരണങ്ങളിലൊന്നാണ്. കേരളത്തിനുള്ളിൽ ജോലിക്കാർ മാത്രമാണിപ്പോൾ തീവണ്ടിയെ ആശ്രയിക്കുന്നത്. ചൊവ്വാഴ്ചമുതൽ സർക്കാർ ഓഫീസുകളിലടക്കം ഹാജർ 25 ശതമാനമാക്കിയതോടെ ഇനിയും യാത്രക്കാർ ഗണ്യമായി കുറയും.

Content Highlight: 18 trains stopped in ten days
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.