News

Get the latest news here

മുല്ലപ്പള്ളിയെ മാത്രം ബലിയാടാക്കാന്‍ കഴിയില്ലെന്ന് നേതാക്കള്‍; രാഷ്ട്രീയകാര്യസമിതി വെള്ളിയാഴ്ച

കോഴിക്കോട്: ധാർമികതയെ കുറിച്ചാണ് ഇപ്പോൾ കോൺഗ്രസിലെ ചർച്ചകളത്രയും. ലക്ഷ്യം ഒന്നുമാത്രം- കെ.പി.സി.സി പ്രസിഡന്റ് പദത്തിൽനിന്ന് മുല്ലപ്പള്ളി രാമചന്ദ്രനെ ഒഴിവാക്കി നേതൃത്വത്തിൽ പുനഃസംഘടന എന്നത് തന്നെ. എന്നാൽ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വം മുല്ലപ്പള്ളിയിൽമാത്രം കേന്ദ്രീകരിക്കുന്നതിൽ അതൃപ്തിയുള്ളവരും ധാരാളം. പക്ഷേ, അവരും ഇതുപോലെ പാർട്ടിക്ക് മുന്നോട്ട് പോകാനാവില്ലെന്ന് സമ്മതിക്കുന്നു.

ഇത്രയും പോറലൊന്നും ഏറ്റില്ലെങ്കിലും അസമിലുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് അവിടത്തെ പി.സി.സി. പ്രസിഡന്റ് രാജിവെച്ചതാണ് മുല്ലപ്പള്ളിക്ക് എതിരായുള്ള നീക്കത്തിന്റെ അടിസ്ഥാനം.

വർക്കിങ് പ്രസിഡന്റ് കെ. സുധാകരനെ രംഗത്തിറക്കാനാണ് വീണ്ടും ശ്രമം. വിവിധ ഗ്രൂപ്പുകളിൽപ്പെട്ട ഒട്ടേറെ നേതാക്കൾ കെ. സുധാകരനുമായി ഇതിനകം ബന്ധപ്പെട്ടു എന്നാണ് വിവരം. പ്രത്യേകിച്ചുള്ള സംഘടനാചർച്ചകളൊന്നും ഇല്ലെങ്കിലും ചൊവ്വാഴ്ച കാലത്ത് തിരുവനന്തപുരത്തേക്ക് പോകാനിരുന്ന സുധാകരൻ വിമാനസർവീസ് റദ്ദാക്കിയതിനാൽ യാത്ര റദ്ദാക്കി.

ഉറങ്ങുന്ന പ്രസിഡന്റിനെ നമുക്കിനിയും ആവശ്യമുണ്ടോ എന്ന് ഫെയ്സ്ബുക്കിൽ കുറിച്ച ഹൈബി ഈഡൻ എം.പിയുടെ പരാമർശമാണ് ചൊവ്വാഴ്ച ചർച്ചകൾക്ക് ചൂടുപകർന്നത്. ആത്മാർഥതയുള്ള തെറ്റുതിരുത്തലുകളാണ് വേണ്ടതെന്ന് പി.സി. വിഷ്ണുനാഥും സൂചിപ്പിച്ചു. മുല്ലപ്പള്ളിയെയും ഉപജാപക സംഘങ്ങളെയും മാറ്റിയില്ലെങ്കിൽ കോൺഗ്രസ് നിലംതൊടില്ലെന്ന സമസ്ത മുഖപത്രത്തിന്റെ പരാമർശം നീക്കങ്ങൾക്ക് പുതിയ മാനംനൽകി. സമൂലമായ അഴിച്ചുപണി അനിവാര്യമാണെന്ന് എ വിഭാഗം നേതാവ് കെ.സി. ജോസഫും പ്രതികരിച്ചതോടെ ആവശ്യത്തിന് ഗ്രൂപ്പ് വ്യത്യാസമില്ലെന്ന സ്ഥിതിയായി. ഏതെങ്കിലും ഒരു വ്യക്തിയെ ചൂണ്ടിയല്ല ഇതെന്നും താഴെത്തട്ട് മുതൽ മാറ്റം ആവശ്യമാണെന്നും കെ.സി. ജോസഫ് വിശദീകരിക്കുന്നുണ്ട്.

തൊണ്ണൂറുകളിൽ കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് നടന്നപ്പോൾ ഒന്നിച്ചുനിന്ന എ-ഐ വിഭാഗങ്ങളെ തോൽപ്പിച്ചാണ് കെ. സുധാകരൻ കണ്ണൂരിലെ കോൺഗ്രസ് അധ്യക്ഷസ്ഥാനത്ത് എത്തുന്നത്. സുധാകരൻ വന്നാൽ സംഘടനയ്ക്ക് കുറെക്കൂടി ഊർജം കൈവരിക്കാനാവുമെന്ന് വലിയൊരു വിഭാഗം നേതാക്കളും വിശ്വസിക്കുന്നുണ്ട്.

ഹൈക്കമാണ്ടിന്റെ പിന്തുണയാണ് മുല്ലപ്പള്ളിയുടെ കരുത്ത്. എ.കെ. ആന്റണിയുമായും കെ.സി. വേണുഗോപാലുമായെല്ലാം അടുത്ത ബന്ധം പുലർത്തുന്ന മുല്ലപ്പള്ളി, രമേശ് ചെന്നിത്തല, ഉമ്മൻചാണ്ടി തുടങ്ങിയവരുമായും ചർച്ചചെയ്താണ് കാര്യങ്ങൾ നീക്കുന്നത്. എന്നാൽ കെ. സുധാകരൻ, കെ. മുരളീധരൻ ഉൾപ്പെടെയുള്ള ഒട്ടേറെ നേതാക്കൾ മുല്ലപ്പള്ളിയുടെ പ്രവർത്തനശൈലിയിൽ വിയോജിക്കുന്നു.

Content Highlights:Kerala Assembly Election 2021, Congress
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.