News

Get the latest news here

'സകല കാര്യങ്ങളിലും വ്യത്യസ്തനായ തിരുമേനി'- അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം:മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ മരണത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്. നർമമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലർത്തി എല്ലായ്പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ ആണ് നമുക്ക് നഷ്ടമായതതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് കുറിപ്പ്

മാർത്തോമ്മാ സഭാ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയുടെ വിയോഗത്തിൽ അനുശോചിക്കുന്നു. പൗരോഹിത്യ രംഗത്തെ ജനജീവിതത്തിന്റെ ഉന്നമനത്തിനായി ഫലപ്രദമായി ഉപയോഗിക്കാമെന്ന് തെളിയിച്ച തിരുമേനിയാണ് വിടവാങ്ങിയത്.

വേദനിക്കുന്നവന്റെ കണ്ണീരൊപ്പുക, ഭാരം താങ്ങുന്നവന് ആശ്വാസം നൽകുക എന്നിവയായിരുന്നു എന്നും ക്രിസ്തുവിന്റെ വഴിക്ക് സഞ്ചരിച്ച അദ്ദേഹത്തിന്റെ നിലപാട്.പുരോഗമന സ്വഭാവമുള്ള കാര്യങ്ങളെ ഹൃദയപൂർവ്വം എന്നും അദ്ദേഹം സ്വാഗതം ചെയ്തു. മാനുഷികമായ തലങ്ങളിലേക്ക് മത ചിന്തകളെ ഉയർത്തിയെടുത്തു. 100 വർഷത്തിലധികം ജീവിക്കാൻ കഴിയുക എന്നത് അത്യപൂർവമായി മനുഷ്യജീവിതത്തിന് ലഭിക്കുന്ന ഭാഗ്യമാണ്. അതത്രയും ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.

അനാഥരുടെ കണ്ണീരൊപ്പുന്നതിനും അവർക്കാശ്വാസം എത്തിക്കുന്നതിനും ജീവിതം ഉഴിഞ്ഞുവെച്ച ശ്രേഷ്ഠ പുരോഹിതനാണ് ക്രിസോസ്റ്റം തിരുമേനി. നർമമധുരമായി ജീവിതത്തെ കാണുകയും ചിരിയുടെ മധുരം കലർത്തി എല്ലായ്പ്പോഴും ജനങ്ങളെ രസിപ്പിക്കുകയും ചെയ്ത് സകല കാര്യങ്ങളിലും വ്യത്യസ്തനായി നിന്ന തിരുമേനിയെ ആണ് നമുക്ക് നഷ്ടമായത്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.