News

Get the latest news here

അന്തർ സംസ്ഥാന യാത്രകൾക്ക് ആർടിപിസിആർ നിർബന്ധമല്ല; പുതിയ മാർഗനിർദേശങ്ങളുമായി ഐസിഎംആര്‍

ന്യൂഡൽഹി: ആർടിപിസിആർ പരിശോധനകൾ കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഐസിഎംആർ. സംസ്ഥാനങ്ങളോടും കേന്ദ്രഭരണപ്രദേശങ്ങളോടും ആർടിപിസിആർ പരിശോധന ചുരുങ്ങിയത് 70 ശതമാനമാക്കി ഉയർത്താൻ കേന്ദ്രം ആവർത്തിക്കുന്നതിനിടയിലാണ് ഇതുസംബന്ധിച്ച ഐസിഎംആറിന്റെ പുതിയ മാർഗനിർദേശങ്ങൾ എത്തിയിരിക്കുന്നത്.കോവിഡ് വ്യാപനം രൂക്ഷമായതോടെ ലാബോറട്ടറികളുചെ പരിശോധനാഭാരംകുറയ്ക്കുന്നതിന്റെ ഭാഗമായാണ് പുതിയ നിർദേശം.

10 ദിവസത്തെ ഹോം ഐസൊലേഷൻ പൂർത്തിയാക്കിയ, അവസാനത്തെ മൂന്നുദിവസങ്ങളിൽ പനിയോ മറ്റു ലക്ഷണങ്ങളോ ഇല്ലാത്തവരും ആർടിപിസിആർ ചെയ്യേണ്ടതില്ലെന്നാണ് ചൊവ്വാഴ്ച പുറത്തിറക്കിയ മാർഗനിർദേശങ്ങളിൽ ഐസിഎംആർ പറയുന്നത്. അന്തർസംസ്ഥാന യാത്രകൾക്ക് ആർടിപിസിആർ പരിശോധന ചെയ്യണമെന്ന നിർദേശവും പിൻവലിച്ചിട്ടുണ്ട്.

ദേശീയതലത്തിൽ 2506 മോളിക്യുലാർ ടെസ്റ്റിങ് ലാബോറട്ടറികളിലായി ആർടിപിസിആർ, ട്രൂനാറ്റ്, സിബിഎൻഎഎടി എന്നിവയുൾപ്പടെ 15 ലക്ഷം പരിശോധനകൾ നടത്താൻ ഇന്ത്യക്ക് കഴിയും. എന്നാൽ ആർടിപിസിആർ ടെസ്റ്റുകളിൽ പെട്ടെന്നുണ്ടായ വർധനവും ലാബ് ജീവനക്കാരിൽ പലരും കോവിഡ് പോസിറ്റീവായതിനെ തുടർന്ന് അവധിയിൽ പ്രവേശിച്ചതിനാലും ലാബോറട്ടറികൾക്ക് മേൽ അമിതഭാരമാണ് നിലവിലുളളത്. ആർടിപിസിആർ പരിശോധനയുടെ നടപടിക്രമങ്ങൾക്കായി 72 മണിക്കൂറാണ് അതിനാൽ വേണ്ടി വരുന്നത്.

ഈ സാഹചര്യം കണക്കിലെടുത്തുകൊണ്ടാണ് കൂട്ടായ പരിശോധനകൾക്ക് റാപ്പിഡ് ആന്റിജൻ പരിശോധന നടത്താൻ ഐസിഎംആർ ആവശ്യപ്പെട്ടിരിക്കുന്നത്. ആന്റിജൻ പരിശോധനകൾ എല്ലായിടത്തും അനുവദിക്കാമെന്നും ഐസിഎംആർ പറയുന്നു. രോഗലക്ഷണങ്ങളുണ്ടെങ്കിൽആന്റിജൻ പരിശോധനയിൽ നെഗറ്റീവായവരെ ആർടിപിസിആർ ടെസ്റ്റ് ചെയ്യണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ആന്റിജൻ, ആർടിപിസിആർ പരിശോധനയ്ക്കുളള ഫോമുകളിൽ വാക്സിനേഷൻ സംബന്ധിച്ച വിശദവിവരങ്ങൾ രേഖപ്പെടുത്തണമെന്നും നിർദേശമുണ്ട്. രണ്ടു ഡോസ് വാക്സിൻ സ്വീകരിച്ചവർക്കും കോവിഡ് പോസിറ്റീവാകുന്ന സാഹചര്യത്തിൽ ഈ വിവരത്തിന് വലിയ പ്രാധാന്യമുണ്ടെന്ന് ഐസിഎംആർ പറയുന്നു.



Content Highlights:ICMR issues new testing guidelines for Covid-19
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.