News

Get the latest news here

ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ മരിക്കുന്നത് നരഹത്യയ്ക്ക് തുല്യം- അലഹബാദ് ഹൈക്കോടതി

ലഖ്നൗ: ഓക്സിജൻ വിതരണം ഉറപ്പുവരുത്താൻ ചുമതലപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്നുള്ള വീഴ്ച മൂലം ആശുപത്രികളിൽ ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിക്കാനിടയാകുന്നത് നരഹത്യയ്ക്ക് തുല്യമായ ക്രിമിനൽ കുറ്റമാണെന്ന് അലഹബാദ് ഹൈക്കോടതി. ഉത്തർപ്രദേശിലെ ലഖ്നൗ, മീററ്റ് തുടങ്ങിയ ജില്ലകളിൽ ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിക്കാനിടയായതിനെ സംബന്ധിച്ച്സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുന്ന വസ്തുതകളുടെ അടിസ്ഥാനത്തിലായിരുന്നു കോടതിയുടെ രൂക്ഷ വിമർശനം.

സംഭവത്തിൽ അന്വേഷണം നടത്താനും ജസ്റ്റിസുമാരായ സിദ്ധാർഥ് വർമ, അജിത് കുമാർ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ച് ഉത്തരവിട്ടു. സംസ്ഥാനത്തെ കോവിഡ് വ്യാപനവും ക്വാറന്റീൻ കേന്ദ്രങ്ങളുടെ അവസ്ഥയും ചൂണ്ടിക്കാട്ടി സമർപ്പിക്കപ്പെട്ട പൊതുതാത്പര്യഹർജി പരിഗണിച്ചായിരുന്നു ഉത്തരവ്.

ആശുപത്രികളിൽ ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിക്കാനിടയാകുന്നത് തടസ്സം കൂടാതെയുള്ള ഓക്സിജൻ വിതരണം ഉറപ്പാക്കാൻ ഉത്തരവാദിത്വമുള്ളവരുടെ അനാസ്ഥ മൂലമാണെന്നത് അതിയായ വേദനയുളവാക്കുന്നതായി കോടതി പറഞ്ഞു. സർക്കാരിന്റെ ഈ അനാസ്ഥ നരഹത്യയേക്കാൾ ഒട്ടും കുറവല്ലാത്ത ക്രിമിനൽ കുറ്റമാണെന്നും കോടതി കുറ്റപ്പെടുത്തി. ഹൃദയമാറ്റശസ്ത്രക്രിയയും മസ്തിഷ്കശസ്ത്രക്രിയയും വരെ നടത്തിശാസ്ത്രം ഏറെ പുരോഗമിച്ച ആധുനികകാലത്ത് ജനങ്ങളെ ഇത്തരത്തിൽ മരിക്കാൻ വിടുന്നത് അനുവദിക്കാനാവില്ലെന്നും കോടതി കൂട്ടിച്ചേർത്തു.

ഇത്തരം കാര്യങ്ങളിൽ സാമൂഹികമാധ്യമങ്ങളിലെ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിൽ അന്വേഷണത്തിന് സംസ്ഥാനസർക്കാരോ ജില്ലാ അധികാരികളോ അന്വേഷണത്തിന് ഉത്തരവിടുന്നത് പതിവല്ലെങ്കിലും, സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിലും സമാനമായ സ്ഥിതി നിലവിലുണ്ടെന്നഅഭിഭാഷകരുടെ വാദം അംഗീകരിച്ച് പ്രതിസന്ധി അടിയന്തരമായി പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ നിർദേശം നൽകുന്നതായി കോടതി വ്യക്തമാക്കി.

സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച വാർത്തകളെ കുറിച്ച് അന്വേഷിക്കാനും 48 മണിക്കൂറിനകം റിപ്പോർട്ട് നൽകാനും ലഖ്നൗ, മീററ്റ് ജില്ലാ മജിസ്ട്രേറ്റുമാർക്ക് കോടതി നിർദേശം നൽകി. കേസിൽ അടുത്ത വാദം നടക്കുന്ന ദിവസം ഓൺലൈനിൽ പങ്കെടുക്കാനും മജിസ്ട്രേറ്റുമാരോട് കോടതി. ആവശ്യപ്പെട്ടു.

കഴിഞ്ഞ ഞായറാഴ്ച മീററ്റ് മെഡിക്കൽ കോളേജിലെ ട്രോമ സെന്ററിൽ ഓക്സിജൻ ലഭിക്കാതെ അഞ്ച് രോഗികൾ മരിച്ചതായുള്ള വാർത്ത സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിച്ചത് ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. കൂടാതെ ലഖ്നൗവിലെ സ്വകാര്യആശുപത്രിയിൽ ഓക്സിജൻ അപര്യാപ്തത മൂലം രോഗികൾക്ക് പ്രവേശനം നിഷേധിക്കുന്നതായുള്ള വാർത്തയും കോടതി ഹർജി പരിഗണിക്കുമ്പോൾ മുഖവിലക്കെടുത്തു.





Content Highlights: Death Of Patients Due To No Supply Of Oxygen "Not Less Than Genocide" UP Court
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.