News

Get the latest news here

ഒറ്റപ്രസവത്തിൽ ഒമ്പത് കുഞ്ഞുങ്ങൾ ;മാലി യുവതിയ്ക്ക് അപൂര്‍വസൗഭാഗ്യം

ബമാക്കോ: ആഫ്രിക്കൻ രാജ്യമായ മാലിയിൽ ഇരുപത്തഞ്ചുകാരി ഒമ്പത് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയതായി മാലി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗർഭകാല പരിശോധനയുടെ അടിസ്ഥാനത്തിൽ ഏഴ് കുഞ്ഞുങ്ങളാണ് യുവതിയുടെ ഉദരത്തിലുള്ളതെന്നായിരുന്നു ഡോക്ടർമാരുടെ നിഗമനം. എന്നാൽ ഈ നിഗമനത്തെ പാടെ തെറ്റിച്ചു കൊണ്ടായിരുന്നു ചൊവ്വാഴ്ച ഒമ്പത് കുഞ്ഞുങ്ങളുടെ പിറവി. ഇതോടെ ഒറ്റ പ്രസവത്തിൽ കൂടുതൽ കുഞ്ഞുങ്ങൾ പിറക്കുന്ന അപൂർവസൗഭാഗ്യം ഹലീമ സിസ്സെ എന്ന യുവതിയ്ക്ക് ലഭിച്ചു.

മൊറോക്കോയിലെ ആശുപത്രിയിൽ ശസ്ത്രക്രിയയിലൂടെയായിരുന്നു കുഞ്ഞുങ്ങളുടെ ജനനം. ഹലീമയുടെ അപൂർവ ഗർഭം അധികൃതരുടേയും ശ്രദ്ധ നേടിയിരുന്നു. യുവതിയ്ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണെന്ന് മാർച്ചിൽ ഡോക്ടർമാർ അറിയിച്ചതിനെ തുടർന്ന് പ്രസിഡന്റ് ബാ നഡോയുടെ നിർദേശപ്രകാരം വിദഗ്ധചികിത്സയും പ്രത്യേക പരിഗണനയും ഉറപ്പാക്കാൻ ഹലീമയെയെ മൊറോക്കോയിലേക്ക് മാറ്റിയിരുന്നു.

അഞ്ച് പെൺകുട്ടികളും നാല് ആൺകുട്ടികളുമാണ് ജനിച്ചത്. നവജാതശിശുക്കളും അമ്മയും ആരോഗ്യത്തോടെയും സൗഖ്യത്തോടെയുമിരിക്കുന്നതായി മാലി ആരോഗ്യമന്ത്രി ഫാന്റാ സിബി അറിയിച്ചു. ഏതാനും ആഴ്ചകൾക്കുള്ളിൽ അമ്മയും കുഞ്ഞുങ്ങളും മാലിയിലേക്ക് മടങ്ങിയെത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. എന്നാൽ മൊറോക്കോയിലെ ഓരാശുപത്രിയിലും ഇത്തരത്തിലൊരു പ്രസവം നടന്നതായി വിവരം ലഭിച്ചിട്ടില്ലെന്ന് മൊറോക്കോ ആരോഗ്യമന്ത്രാലയത്തിന്റെ വക്താവ് റുചിദ് കൗധാരി പ്രതികരിച്ചു.

അപൂർവമായി മാത്രമാണ് ലോകത്ത് ഇത്തരത്തിലുള്ള പ്രസവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നോന്യുപ്ലെറ്റ്സ്(Nonuplets) എന്ന ഒറ്റ പ്രസവത്തിലുണ്ടാകുന്ന കൂടുതൽ എണ്ണം കുഞ്ഞുങ്ങൾക്ക് അതിജീവനം അസാധ്യമായാണ് കണ്ടുവരുന്നത്. പല സന്ദർഭങ്ങളിലും പൂർണവളർച്ചയെത്താതെ കുഞ്ഞുങ്ങൾ നഷ്ടപ്പെടുന്നതാണ് പതിവ്. ഇത്തരം പ്രസവത്തെ കുറിച്ചുള്ള വ്യാജവാർത്തകളും പ്രചരിക്കാറുണ്ട്. ഇന്ത്യാക്കാരിയായ യുവതി 11 ആൺകുട്ടികൾക്ക് ഒറ്റ പ്രസവത്തിൽ ജന്മം നൽകിയെന്ന വാർത്ത പ്രചരിക്കുകയും പിന്നീടത് വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.





Content Highlights: Mali Woman Gives Birth To Nine Babies
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.