News

Get the latest news here

മറാഠാ സംവരണം: ഭരണഘടനാ ബെഞ്ച് പരിഗണിച്ചത് നാല് വിഷയങ്ങള്‍, കേരളത്തിന്റെ നിലപാടിനും തിരിച്ചടി

ന്യൂഡൽഹി: മറാഠകൾക്കു തൊഴിലിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സംവരണം നൽകാൻ 2017 നവംബറിൽ മഹാരാഷ്ട്ര നിയമസഭ പാസ്സാക്കിയ നിയമം ചോദ്യം ചെയ്തുള്ള ഹർജികൾ തള്ളിക്കൊണ്ട് സുപ്രീം കോടതി നടത്തിയത് സുപ്രധാന വിധി. സംവരണം അമ്പത് ശതമാനത്തിൽ അധികം ആകരുത് എന്ന ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ അഞ്ച് അംഗ ഭരണഘടന ബെഞ്ച് ആണ് വിധി പ്രസ്താവിക്കുന്നത്. സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങൾ ഏതെന്നു തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഒഴിവാക്കിയ 102 ആം ഭരണഘടന ഭേദഗതിയുടെ സാധുത സംബന്ധിച്ചും ഇന്ന് ഭരണഘടന ബെഞ്ച് നിലപാട് വ്യക്തമാക്കുന്നുണ്ട്.

സാമൂഹികാവസ്ഥ പഠിച്ച് സംസ്ഥാന പിന്നാക്ക കമ്മിഷൻ സമർപ്പിച്ച റിപ്പോർട്ട് പരിഗണിച്ച് മറാഠാ സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 16 ശതമാനം സംവരണം ഏർപ്പെടുത്താനാണ് മഹാരാഷ്ട്ര സർക്കാർ നിയമം കൊണ്ടുവന്നത്. സംവരണം അംഗീകരിച്ച ബോംബെ ഹൈക്കോടതി അത് ജോലിയിൽ 12 ശതമാനവും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ 13 ശതമാനവും ആയി കുറച്ചിരുന്നു. എന്നാൽ ഇങ്ങനെ കുറയ്ക്കുമ്പോൾ പോലും സംവരണം 50 ശതമാനം കടക്കരുതെന്ന ഇന്ദിര സാഹ്നി കേസിലെ വിധിയുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീം കോടതിയിലെ ഹർജികൾ.

സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് പരിഗണിച്ച നാല് വിഷയങ്ങൾ:

1. ഭരണഘടനാ ഭേദഗതികളും കോടതിവിധികളും സാമൂഹിക മാറ്റങ്ങളും കണക്കിലെടുക്കുമ്പോൾ, ഇന്ദിര സാഹ്നി കേസിൽ വിധി വിശാല ബെഞ്ചിന്റെ പരിഗണനയ്ക്കു വിടുകയോ പുനഃപരിശോധനയ്ക്കു വിധേയമാക്കുകയോ വേണോ?

2. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കമുള്ള വിഭാഗങ്ങളെയും അവർക്കുള്ള ആനുകൂല്യങ്ങളും തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം നിഷേധിക്കുന്നതാണോ 102-ാം ഭേദഗതി?(2018 ഓഗസ്റ്റിൽ പ്രാബല്യത്തിലായ 102-ാം ഭരണഘടനാ ഭേദഗതിയിലൂടെ ദേശീയ പിന്നാക്ക വിഭാഗ കമ്മിഷന് ഭരണഘടനാ പദവി നൽകി. ഒപ്പം, സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കവിഭാഗങ്ങൾ ഏതെന്നു തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കുള്ള അധികാരം ഒഴിവാക്കി. പിന്നാക്ക വിഭാഗങ്ങളെ പ്രഖ്യാപിക്കാൻ രാഷ്ട്രപതിക്കും പട്ടിക പരിഷ്കരിക്കാൻ പാർലമെന്റിനുമാണ് ഇപ്പോൾ അധികാരം.)

3. ഭരണഘടനയുടെ 15(4), 16(4) വകുപ്പുകൾ പ്രകാരം ഏതു പിന്നാക്ക വിഭാഗവുമായി ബന്ധപ്പെട്ടും നിയമമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. ഇത് ചുരുക്കുന്നതാണോ 102-ാം ഭേദഗതിയിലൂടെ ഉൾപ്പെടുത്തിയ 342എ വകുപ്പ്?

4. സംസ്ഥാനങ്ങൾക്കുള്ള നിയമനിർമാണ അധികാരം ഇല്ലാതാക്കുന്നതിലൂടെ 342എ വകുപ്പ് ഫെഡറൽ നയത്തെയോ ഭരണഘടനയുടെ ഘടനയെയോ ബാധിക്കുന്നുണ്ടോ?

കേരളം സ്വീകരിച്ച നിലപാട്

ഇന്ദിര സാഹ്നി പുനഃപരിശോധിക്കണമെന്നും 102 ആം ഭരണഘടന ഭേദഗതി തെറ്റാണെന്നുമാണ് കേരളം സ്വീകരിച്ചിരുന്ന നിലപാട്.

ഇന്ദിര സാഹ്നി കേസിലെ വിധി പുനഃപരിശോധിക്കുന്നത് സംബന്ധിച്ചും, 102 ആം ഭരണഘടന ഭേദഗതി സംബന്ധിച്ചും ഉള്ള നിലപാട് അറിയിക്കാൻ കേരളം ഉൾപ്പടെ ഉള്ള സംസ്ഥാന സർക്കാരുകളോട് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിർദേശിച്ചിരുന്നു.

സുപ്രീം കോടതി ഭരണഘടന ബെഞ്ച് 1992-ൽ ഇന്ദിര സാഹ്നി കേസിൽ വിധി പ്രസ്താവിച്ചപ്പോൾ സാമൂഹിക പിന്നാക്കാവസ്ഥ മാത്രമായിരുന്നു സംവരണത്തിനായി പരിഗണിച്ചിരുന്ന ഘടകം. എന്നാൽ ആ വിധി വന്ന ശേഷം കാലം മാറി. സാമ്പത്തിക പിന്നാക്കാവസ്ഥയും നിലവിൽ സംവരണത്തിനായുള്ള ഘടകമാണെന്ന് കേരളം സുപ്രീം കോടതിയിൽ നിലപാട് വ്യക്തമാക്കിയിരുന്നു. അതിനാൽ സംവരണ പരിധി 50 ശതമാനം കടക്കാം എന്നായിരുന്നു കേരളത്തിന്റെ നിലപാട്.

സംവരണ വിഭാഗങ്ങളെ നിശ്ചയിക്കുന്നതുമായി ബന്ധപ്പെട്ട 102-ാം ഭരണഘടനാ ഭേദഗതിയിലെ വ്യവസ്ഥകളെയും കേരളം ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എതിർത്തു. ഉദ്യോഗസ്ഥ തലത്തിൽ തീരുമാനിക്കേണ്ട ഒന്നല്ല സംവരണം. നിയമനിർമാണ സഭകൾക്കും ജനപ്രതിനിധികൾക്കുമാണ് സംവരണം നിശ്ചയിക്കാനുള്ള അധികാരമെന്നും കേരളം കോടതിയിൽ വ്യക്തമാക്കി.

Content Highlights:Supreme Court, Maratha reservation, Indra Sawhney case
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.