News

Get the latest news here

തിരഞ്ഞെടുപ്പ് പരാജയം; മുസ്ലിം ലീഗ് വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാവണമെന്ന് സംഘടനകള്‍

കോഴിക്കോട്: തിരഞ്ഞെടുപ്പ് പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് മുസ്ലിം ലീഗിൽ തിരുത്തലുകൾ വേണമെന്നും വിമർശനമുൾക്കൊള്ളാൻ പാർട്ടി തയ്യാറാവണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പ്രവർത്തകരുടെയും അനുഭാവികളുടെയും സംയുക്ത പ്രസ്താവന. അനുകൂല സാഹചര്യമുണ്ടായിട്ടും വളരെ തിളക്കം കുറഞ്ഞ വിജയം പാർട്ടിയുടെ കുറഞ്ഞു വരുന്ന ജനസ്വാധീനത്തെ സൂചിപ്പിക്കുന്നുവെന്നും പലയിടത്തും സിറ്റിംഗ് സീറ്റുകൾ വരെ നഷ്ടപ്പെട്ടത് അന്വേഷിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.

പാണക്കാട് സയ്യിദ് മുനവിറലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയ നേതാക്കൾക്കെതിരെസമൂഹ മാധ്യമ ഇടങ്ങളിൽ പ്രത്യക്ഷപ്പെട്ട കൂട്ട പ്രതിഷേധം നിലവിലുള്ള പാർട്ടി നിലപാടുകളോടുള്ള പ്രവർത്തകരുടെ വിയോജിപ്പിന്റെ സൂചനകളാണ്. അത് മുഖവിലക്കെടുക്കാൻ പാർട്ടി നേതൃത്വം ബാധ്യസ്ഥരാണെന്നും വിവിധ യൂണിറ്റ് കമ്മിറ്റികൾ, കേന്ദ്ര സർവകലാശാലയിലെ വിദ്യാർഥികൾ, അധ്യാപകർ, മുൻ പാർട്ടി ഭാരവാഹികൾ, വിവിധ കെഎംസിസി ഭാരവാഹികൾ ഒപ്പ് വെച്ച കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

തോറ്റ മണ്ഡലങ്ങളായ കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കളമശ്ശേരി, താനൂർ, അഴീക്കോട് എന്നിവിടങ്ങളിലെ സ്ഥാനാർഥി നിർണയം, സീറ്റ് ചർച്ച, പ്രചാരണ പ്രവർത്തനങ്ങൾ എന്നിവയിൽ സംഭവിച്ച പാളിച്ചകളും അതോടൊപ്പം മൊത്തത്തിൽ പാർട്ടി നേരിടുന്ന വോട്ട് ചോർച്ചയും വിശദമായി പഠിക്കാൻ പാർട്ടി തയ്യാറാവണമെന്ന പ്രസ്താവനയിൽ നിരവധി അനുഭാവികളും പ്രവർത്തകരും ഒപ്പ് വെച്ചിട്ടുണ്ട്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.