News

Get the latest news here

വാക്സിന്‍ നല്‍കിയിട്ടും കോവിഡ് വര്‍ധിക്കുന്നു; സീഷെല്‍സിലെ വിവരങ്ങള്‍ പരിശോധിക്കുമെന്ന് WHO

ജനീവ: ജനസംഖ്യയുടെ ഭൂരിഭാഗം പേർക്കും വാക്സിൻ നൽകിയ ശേഷവും രോഗികളിടെ എണ്ണത്തിൽ പെട്ടന്ന് വർധനവുണ്ടായ സീഷെൽസിൽ നിന്നുള്ള കോവിഡ് വിവരങ്ങൾ അവലോകനം ചെയ്തുവരികയാണെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്.ഒ.). ഭൂരിഭാഗം പേർക്കും വാക്സിൻ നൽകിയിട്ടും കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പരിശോധിച്ചവരിൽ മൂന്നിലൊന്ന് പേർക്ക് രോഗം സ്ഥിരീകരിച്ചതിനേ തുടർന്നാണ് രാജ്യത്ത് നിന്നുള്ള കോവിഡ് വിവരങ്ങൾ ലോകാരോഗ്യ സംഘടന പരിശോധിക്കാൻ തീരുമാനിച്ചത്.

രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ ഭൂരിഭാഗവും വാക്സിനേഷൻ എടുക്കാത്തവരും അല്ലെങ്കിൽ ഒരു ഡോസ് മാത്രം സ്വീകരിച്ചവരുമാണെന്ന് സീഷെൽസ് ആരോഗ്യ മന്ത്രാലയവും ഡബ്ല്യു.എച്ച്.ഒയും വ്യക്തമാക്കി. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച ആരും മരണമടഞ്ഞിട്ടില്ലെന്നും കഠിനമായി രോഗം ബാധിക്കുകയും ചികിത്സ ആവശ്യമായി വരികയും ചെയ്തവർ വാക്സിൻ സ്വീകരിക്കാത്തവരാണെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

ഒരു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള രാജ്യത്ത് പ്രതിദിനം നൂറിനടുത്ത് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. വിവരങ്ങൾ അവലോകനം ചെയ്യുകയാണെന്നും പുരോഗതി വിലയിരുത്തുകയും പ്രവണതകൾ മനസിലാക്കുകയാണെന്നുംഡബ്ല്യു.എച്ച്.ഒ. വക്താവിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു.

രാജ്യത്ത്ശരാശരി പോസിറ്റീവ് കേസുകളുടെ എണ്ണം ഏപ്രിൽ 30 ലെ 120 ൽ നിന്ന് മെയ് എട്ടിന് 314 ആയി ഉയർന്നതായി മന്ത്രാലയം അറിയിച്ചു. രോഗം സ്ഥിരീകരിക്കുന്നവരിൽ മൂന്നിൽ രണ്ട് പേരും മറ്റൊരു വ്യക്തിയുമായുള്ള അടുത്ത സമ്പർക്കത്തിലൂടെയാണ് രോഗബാധിതരാകുന്നതെന്നാണ് റിപ്പോർട്ടുകൾ.

ഒരു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള സീഷെൽസ് തങ്ങളുടെ ജനതയ്ക്ക് വാക്സിൻ വിതരണത്തിനുള്ള നടപടികൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. ചൈനയുടെ പക്കൽ നിന്ന് ലഭിച്ച സിനോഫാമും ഇന്ത്യയിൽ നിന്ന് കിട്ടിയ കോവിഷീൽഡുമാണ് സീഷെൽസ് വാക്സിനേഷനായി ഉപയോഗിച്ചത്.

Content Highlights: WHO reviewing seychelles Covid 19 data after fully vaccinated people test positive
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.