News

Get the latest news here

18+ പ്രായക്കാർക്കുള്ള വാക്സിൻ വിതരണം: മറ്റ് രോഗമുള്ളവര്‍ക്ക് മുന്‍ഗണന -മുഖ്യമന്ത്രി

തിരുവനന്തപുരം: 18-45 വയസ്സ് പ്രായമുള്ളവരിൽ മറ്റ് രോഗമുള്ളവർക്ക് ഉടൻ വാക്സിൻ നൽകാനുള്ള നടപടികൾ സ്വീകരിച്ചുവെന്ന് മുഖ്യമന്ത്രി. മറ്റ് മുൻഗണന വിഭാഗക്കാരുടെ എണ്ണം കണക്കാക്കി അതുപ്രകാരം വാക്സിൻ കൊടുക്കുന്നത് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

18-45 വയസ്സ് പ്രായമുള്ളവർക്ക് വിതരണം ചെയ്യാനായി സർക്കാർ വിലകൊടുത്ത് വാങ്ങിയ കോവിഷീൽഡ്, കോവാക്സിൻ എന്നീ വാക്സിനുകൾ വിതരണം ചെയ്യുന്നത് സംബന്ധിച്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഷീൽഡ്, കോവാക്സിൻ എന്നിവയുടെ ആദ്യ ബാച്ചുകൾ സംസ്ഥാനത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് എല്ലാവർക്കും ഒറ്റയടിക്ക് വാക്സിൻ നൽകുകയെന്നത് വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.എല്ലാവർക്കും വാക്സിൻ നൽകുക എന്നതാണ് സർക്കാർ നയം. എന്നാൽ ഈ ഘട്ടത്തിൽ എല്ലാവർക്കും വാക്സിൻ നൽകാൻ മാത്രം വാക്സിൻ ലഭ്യമല്ല. 18-45 വയസ്സ് പ്രായമുള്ളവർക്ക് ഓർഡർ ചെയ്ത വാക്സിൻ അവർക്ക് തന്നെ നൽകും. ഇക്കാര്യത്തിൽ മുൻഗണന ആവശ്യം വരുന്നുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

45 വയസ്സിന് മുകളിൽ പ്രായമുള്ളവർക്കുള്ള വാക്സിൻ കേന്ദ്രസർക്കാരാണ് ലഭ്യമാക്കുന്നത്. കേരളത്തിൽ 45ന് വയസ്സിന് മുകളിലുള്ളത് ഏകദേശം 1.13 കോടി ആളുകളാണ്. അവർക്ക് രണ്ട് ഡോസ് വീതം നൽകാൻ 2.26 കോടി ഡോസ് വാക്സിൻ നമുക്ക് ലഭിക്കണം.

കോവിഡ് തരംഗത്തിന്റെ നിലവിലെ വ്യാപന വേഗതയിൽ ഉണ്ടാവുന്ന മരണനിരക്ക് പിടിച്ചുനിർത്താൻ 45 വയസ്സിന് മുകളിൽ പ്രായമുള്ളവരുടെ വാക്സിനേഷൻ എത്രയും പെട്ടന്ന് പൂർത്തിയാക്കണം. കേരളത്തിന് അർഹമായ വാക്സിൻ എത്രയും പെട്ടന്ന് ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് അഭ്യർഥിച്ചു. ഇക്കാര്യത്തിൽ നിരവധി തവണ ഔദ്യോഗികമായി കേന്ദ്രവുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.