News

Get the latest news here

ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവായാൽ രോഗം സംശയിക്കുന്നവര്‍ക്ക് മാത്രം ആര്‍ടിപിസിആര്‍- മുഖ്യമന്ത്രി

തിരുവനന്തപുരം: ആന്റിജൻ ടെസ്റ്റിൽ നെഗറ്റീവായാൽ രോഗം സംശയിക്കുന്നവർക്ക് മാത്രം ആർടിപിസിആർ പരിശോധന നടത്തുന്നതാണ് ഈഘട്ടത്തിൽ പ്രായോഗികമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആർടിപിസിആർ പരിശോധനാ ഫലം വൈകുന്നു എന്ന പ്രശ്നം നിലവിലുണ്ട്. മികച്ച ഫലം നൽകുന്ന ആന്റിജൻ കിറ്റുകൾ ഇപ്പോൾ ലഭ്യമാണ്. ഐസിഎംആറിന്റെ പുതിയ മാർഗനിർദേശം ഇതുമായി ബന്ധപ്പെട്ട് ഇറങ്ങിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ ചൂണ്ടിക്കാണിച്ചു.

സംസ്ഥാനത്തിന് പുറത്തുനിന്ന് വരുന്ന റെയിൽവേ യാത്രക്കാർ, യാത്രപുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പുള്ള ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം എന്ന് നിഷ്കർഷിച്ചിട്ടുണ്ട്.ആശുപത്രികളിലെ വൈദ്യുതി വിതരണം തടസമില്ലാതെ മുന്നോട്ട് പോകേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ആശുപത്രികളിൽ അടിയന്തിര ഇലക്ട്രിക് സപ്ലേയും ഉറപ്പാക്കണം. അതിതീവ്ര മഴയ്ക്കും ഇടി മിന്നലിനും സാധ്യതയുള്ള ദിവസങ്ങളാണ് മുന്നിലുള്ളത്. അതുകൊണ്ട് ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്താൻ കെ.എസ്.ഇ.ബിക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഓക്സിജൻ ഉത്പാദന ശേഷി വർധിപ്പിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തീകരിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഓക്സിജൻ ഉപയോഗിക്കുന്ന ഇടങ്ങളിൽ ഓക്സിജൻ ഓഡിറ്റ് ഫയർഫോഴ്സ് നേതൃത്വത്തിൽ നടക്കുന്നുണ്ട്. ആശുപത്രികളിൽ തീപിടുത്തം ഒഴിവാക്കാനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്. പൾസ് ഓക്സി മീറ്റർ കുറഞ്ഞ ചിലവിലും സ്റ്റാർട്ട് അപ്പുകൾ വഴി നിർമിക്കാനാകുമെന്നും ഇതിന്റെ സാങ്കേതിക കാര്യങ്ങൾ കെൽട്രോണിനെക്കൊണ്ട് ചെയ്യിക്കാൻ വ്യവസായ വകുപ്പിന് നിർദേശം നൽകിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Content Highlights: COVID-19 Antigen Testing, RT-PCR test, Pinarayi Vijayan
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.