News

Get the latest news here

ഗൗരിയമ്മയെ കുടുംബാംഗമായി കാണുന്നവർ ധാരാളമുണ്ട്;സംസ്‌കാരചടങ്ങിലെ ജനക്കൂട്ടത്തെക്കുറിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗൗരിയമ്മയുടെ സംസ്കാര ചടങ്ങുമായി ബന്ധപ്പെട്ട് ആൾക്കൂട്ടമുണ്ടായതിന്റെ പശ്ചാത്തലത്തിൽ സാമൂഹിക മാധ്യമങ്ങളിലുയർന്ന വിമർശനങ്ങളോട് പ്രതികരിച്ച് മുഖ്യമന്ത്രി. ഗൗരിയമ്മയെ സ്വന്തം കുടുംബാംഗം പോലെ കാണുന്ന ധാരാളം പേരുണ്ടെന്നും അതുകൊണ്ടാണ് സംസ്കാര ചടങ്ങിൽ 20 പേരിൽ കൂടതൽ പേർക്ക് പങ്കെടുക്കാൻ അനുമതി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബത്തിൽ ഒരാൾ മരണപ്പെട്ടാൽ എല്ലാവരും പങ്കെടുക്കണം എന്ന രീതിയിലാണ് സംസ്കാര ചടങ്ങിൽ 20 പേർക്ക് പങ്കെടുക്കാം എന്ന രീതിയിലേക്ക് ചുരുക്കിയത്. എന്നാൽ ഗൗരിയമ്മയുടെ കാര്യത്തിൽ അത് 20-ൽ നിൽക്കില്ല എന്നറിയാവുന്നതുകൊണ്ടാണ് 300 ആക്കി ഉയർത്തിയത്. നാട്ടിൽ ധാരാളം പേരാണ് ഗൗരിയമ്മയെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്നത്.

അവർക്ക് അവസാനമായി ആദരവർപ്പിക്കാൻ വരിക എന്നുളളത് നമ്മുടെ നാടിന്റെ ദീർഘകാലത്തെ ഒരു സംസ്കാരത്തിന് അനുസരിച്ച് ചെയ്തുവരുന്നതാണ്.അതിന് തടസ്സം വരാതിരിക്കാനാണ് 300 പേർ എന്ന് നിശ്ചയിച്ചത്. അത് കഴിയാവുന്നത്ര പാലിക്കാനാണ് ശ്രമിച്ചത്. എന്നാൽ ആളുകൾ വികാരത്തിന് അനുസരിച്ച് തളളിക്കയറിയിട്ടുണ്ടാകും. അവിടെ ബലപ്രയോഗത്തിലൂടെ നിയന്ത്രിച്ചാൽ മാധ്യമങ്ങൾ തന്നെ അതിനെതിരേ പറയും. അതുകൊണ്ടാണ് പൊതുസാഹചര്യത്തിനനുസരിച്ചുളള നില സർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗൗരിയമ്മയുടെയും ആർ.ബാലകൃഷ്ണപ്പിളളയുടെയും സംസ്കാരചടങ്ങിൽ നിരവധിപേർ പങ്കെടുത്തതിൽ സാമൂഹിക മാധ്യമങ്ങളിൽ വിമർശമുയർന്നിരുന്നു. സാധാരണക്കാർക്ക് ഒരു നീതിയും രാഷ്ട്രീയക്കാർക്ക് മറ്റൊരുനീതിയുമാണെന്നായിരുന്നു പ്രധാന വിമർശം. ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോഴാണ് പൊതുസാഹചര്യത്തിനനുസരിച്ചുളള ഒരു നിലയാണ് സർക്കാർ സ്വീകരിച്ചതെന്ന വിശദീകരണം മുഖ്യമന്ത്രി നൽകിയത്.



Content Highlights: CM responds to criticism on social media over crowd at Gowri ammas funeral
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.