News

Get the latest news here

നക്‌സൽ വർഗീസ് വധം: അവസാന ദൃക്‌സാക്ഷിയും വിടവാങ്ങി


മുഹമ്മദ് ഹനീഫ


വിതുര (തിരുവനന്തപുരം): നക്സൽ നേതാവ് വർഗീസ് വധത്തിലെ അവസാന ദൃക്സാക്ഷിയും കേസിലെ 21-ാം സാക്ഷിയുമായിരുന്ന റിട്ട. സി.ആർ.പി.എഫ്. ഉദ്യോഗസ്ഥൻ തൊളിക്കോട് എം.എച്ച്.എസ്. മൻസിലിൽ മുഹമ്മദ് ഹനീഫ (82) അന്തരിച്ചു. കോൺസ്റ്റബിൾ രാമചന്ദ്രൻ നായരുടെ ഏറ്റു പറച്ചിലിനെ തുടർന്നുണ്ടായ കേസിൽ കോടതി നിയോഗിച്ച കമ്മിഷനു മുന്നിൽ ഹനീഫ മൊഴി നൽകിയിരുന്നു. മുൻ ഐ.ജി. കെ.ലക്ഷ്മണക്കെതിരേ ജീവപര്യന്തം ശിക്ഷ വിധിക്കാൻ നിർണായകമായത് അദ്ദേഹത്തിന്റെ മൊഴിയായിരുന്നു.

വയനാട്ടിലെ തിരുനെല്ലിക്കാട്ടിൽ പ്രവർത്തനം നടത്തിയ നക്സലുകളെ പിടികൂടാൻ നിയോഗിക്കപ്പെട്ട സി.ആർ.പി.എഫിലെ അംഗമായിരുന്നു ഹനീഫ. 1970 ഫെബ്രുവരി 18-നാണ് വർഗീസിനെ പിടികൂടുന്നത്. മാനന്തവാടി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചെങ്കിലും ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം തിരുനെല്ലിയിലേക്കു തന്നെ തിരികെ കൊണ്ടു പോകുകയായിരുന്നു. തിരുനെല്ലിയിൽ നിന്ന് വർഗീസിനെ വനത്തിലേക്ക് കൊണ്ടുപോകാൻ നിയോഗിക്കപ്പെട്ട നാലു കോൺസ്റ്റബിൾമാരിൽ ഒരാളായിരുന്നു ഹനീഫ.

വർഗീസിനെ താൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു എന്ന് കോൺസ്റ്റബിളായിരുന്ന രാമചന്ദ്രൻനായർ വർഷങ്ങൾക്കു ശേഷം വെളിപ്പെടുത്തിയത് വിവാദമായി. ഡി.ഐ.ജി. പി.വിജയൻ, ഡിവൈ.എസ്.പി. കെ.ലക്ഷ്മണ എന്നിവരുടെ നിർദേശത്തെ തുടർന്നാണ് താൻ നിറയൊഴിച്ചതെന്ന് രാമചന്ദ്രൻനായർ പറഞ്ഞു. തുടർന്നുണ്ടായ അന്വേഷണത്തിനൊടുവിൽ എറണാകുളം സി.ബി.ഐ. കോടതിയിൽ കേസെത്തി. അപ്പോഴേക്കും രാമചന്ദ്രൻനായർ ഉൾപ്പെടെ മൂന്ന് കോൺസ്റ്റബിൾമാരും മരിച്ചു. അവശേഷിച്ചത് ഹനീഫ മാത്രം.

2010 ഏപ്രിൽ 9ന് സി.ബി.ഐ. കോടതിയിൽ ഹാജരായി മൊഴിനൽകാൻ ഹനീഫയ്ക്ക് നോട്ടീസ് ലഭിച്ചു. രോഗങ്ങളും ശാരീരിക അവശതയും മൂലം ഹാജരാകാൻ കഴിയില്ലെന്ന് കോടതിയെ അറിയിച്ചതിനെത്തുടർന്ന് കോടതി നിർദേശപ്രകാരം 2010 മേയ് 21ന് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആർ.ആർ.കമ്മത്ത്, ഹനീഫയുടെ വീട്ടിലെത്തി മൊഴിയെടുത്തു. 32 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന വർഗീസിനെ വെടിവച്ചു വീഴ്ത്തുന്നത് താൻ നോക്കി നിൽക്കുകയായിരുന്നെന്ന് നിറകണ്ണുകളോടെയാണ് ഹനീഫ മൊഴി നൽകിയതെന്ന് വീട്ടുകാർ ഓർക്കുന്നു. ഡിവൈ.എസ്.പി. ലക്ഷ്മണയുടെ ആജ്ഞയ്ക്കും നിർബന്ധത്തിനും വഴങ്ങിയാണ് രാമചന്ദ്രൻനായർ അതു ചെയ്തതെന്നും ഹനീഫ മജിസ്ട്രേറ്റിനെ ധരിപ്പിച്ചു. മൊഴിയുടെ അടിസ്ഥാനത്തിൽ 2010 ഒക്ടോബർ 28ന് ലക്ഷ്മണയെ ജീവപര്യന്തം തടവിനും പതിനായിരം രൂപ പിഴയ്ക്കും വിധിച്ചു.

ആത്തുക്കാബീവിയാണ് ഭാര്യ. മക്കൾ: ഷുഹുറുദീൻ, താഹിറാ ബീവി, നസീറാ ബീവി, മുഹമ്മദ്. മരുമക്കൾ: റജീല, ഷാഫി, ബഷീർ, റജീന.

content highlights: naxal varghese encounter: last witness passes away
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.