News

Get the latest news here

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട എം.പിയെ അറസ്റ്റ് ചെയ്തു

ഹൈദരാബാദ്:ആന്ധ്ര പ്രദേശ്മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയ്ക്കനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട എം.പി. കെ. രഘുരാമ കൃഷ്ണം രാജുവിനെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് അറസ്റ്റ് ചെയ്തു. നരസാപുരത്ത് നിന്നുള്ള പാർലമെന്റംഗമായ കൃഷ്ണം രാജുവിനെ രാജ്യദ്രോഹക്കുറ്റം ചുമത്തിയാണ് വെള്ളിയാഴ്ച സി.ഐ.ഡി. അറസ്റ്റ് ചെയ്തത്. അനധികൃതസ്വത്ത് സമ്പാദനക്കേസിൽ ജഗൻ മോഹൻ റെഡ്ഡിയ്ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് സി.ബി.ഐ. പ്രത്യേക കോടതിയോട് കൃഷ്ണം രാജു ആഴ്ചകൾക്ക് മുമ്പ് ആവശ്യപ്പെട്ടിരുന്നു.

സംസ്ഥാന സർക്കാരിന്റെ അന്തസ്സിനെ അപകീർത്തിപ്പെടുത്തുന്ന വിധത്തിൽ പ്രവർത്തിച്ചതിനാണ് അറസ്റ്റ്. സർക്കാരിനെതിരെയുള്ള കൃഷ്ണം രാജുവിന്റെ അഴിമതി ആരോപണങ്ങളും ഇതിലുൾപ്പെടുന്നു. രാജ്യദ്രോഹം, വിവിധ വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം ജനിപ്പിക്കൽ, സാമൂഹികവിപത്തിന് കാരണമാകുന്ന പ്രവൃത്തി എന്നീ കുറ്റങ്ങളാണ് എം.പിക്കെതിരെ ചുമത്തിയിട്ടുള്ളത്.

സാമുദായിക വിഭാഗങ്ങൾക്കിടയിൽ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലും സർക്കാരിനെതിരെ പൊതുവികാരം സൃഷ്ടിക്കുന്ന തരത്തിലുമുള്ള പ്രസംഗങ്ങൾ കൃഷ്ണം രാജുവിന്റെ ഭാഗത്ത് നിന്നുണ്ടായതായി തെളിവ് ലഭിച്ചതായി പോലീസ് വക്താവ് അറിയിച്ചു. കൂടാതെ ഉന്നത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് സർക്കാരിനെതിരെ അവിശ്വാസ്യതയുണ്ടാക്കാനും കൃഷ്ണം രാജു ശ്രമിച്ചതായി അന്വേഷണസംഘം കൂട്ടിച്ചേർത്തു.

ജഗൻ മോഹൻ റെഡ്ഡിയ്ക്കെതിരെ 2012 മുതൽ മുതൽ നിലവിലുള്ള അനധികൃതസ്വത്ത് സമ്പാദന കേസിൽ അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ഏപ്രിൽ 27-നാണ് കൃഷ്ണം രാജു ആവശ്യപ്പെട്ടത്. ജാമ്യവ്യവസ്ഥകൾ മുഖ്യമന്ത്രി ലംഘിച്ചുവെന്ന് ആരോപിച്ചായിരുന്നു അത്. വർഷങ്ങൾക്ക് മുമ്പ് വൈ.എസ്.ആർ. കോൺഗ്രസ് വിട്ടുപോയ കൃഷ്ണം രാജു 2019-ലെ ലോക്സഭതിരഞ്ഞെടുപ്പിന് തൊട്ടു മുമ്പാണ് പാർട്ടിയിൽ മടങ്ങിയെത്തിയത്. അതിനിടയിൽ ബി.ജെ.പിയിലും ടി.ഡി.പിയിലും മാറി മാറി പലതവണ അംഗമായിട്ടുണ്ട്.

Content Highlights: Andhra Pradesh Arrests MP For Sedition After He Says Cancel Chief Ministers Bail
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.