News

Get the latest news here

മനസ്സറിയാൻ ഹൈക്കമാൻഡ് പ്രതിനിധികൾ എത്തുന്നു ; ഘടകകക്ഷി നേതാക്കളെയും കാണും

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ പശ്ചാത്തലത്തിൽ എം.എൽ.എ.മാരുടെ മനസ്സറിയാൻ ഹൈക്കമാൻഡ് പ്രതിനിധികൾ ബുധനാഴ്ചയെത്തും. ഘടകകക്ഷി നേതാക്കളെക്കണ്ട് അഭിപ്രായമറിയാനാണ് മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, വൈദ്യലിംഗം എന്നിവരെ നിയോഗിച്ചിരിക്കുന്നത്.

പ്രതിപക്ഷ നേതൃസ്ഥാനം സംബന്ധിച്ചാണ് പ്രധാന ചർച്ച. രമേശ് ചെന്നിത്തല തുടരുമോയെന്ന കാര്യത്തിലാണ് തീരുമാനമുണ്ടാകേണ്ടത്. കോൺഗ്രസിലെ 21 എം.എൽ.എ.മാരും കെ.പി.സി.സി. പ്രസിഡന്റുമായാണ് ചർച്ച. കോൺഗ്രസിന്റെ നേതാവ് സ്വാഭാവികമായും പ്രതിപക്ഷ നേതാവുകൂടി ആയതിനാലാണ് ഘടകകക്ഷി നേതാക്കളുടെയും അഭിപ്രായവും തേടുന്നത്.

ചെന്നിത്തലതന്നെ തുടരട്ടെയെന്ന അഭിപ്രായമുള്ളവരും പുതിയ തലമുറയിലേക്ക് നേതൃത്വം മാറട്ടെയെന്ന നിലപാടുകാരും പാർട്ടിയിലുണ്ട്. ജനങ്ങൾക്ക് ബോധ്യപ്പെടുന്നതരത്തിൽ മാറ്റംവരുത്തണമെന്നതാണ് വി.ഡി. സതീശൻ അനുകൂലികളുടെ വാദം. കാര്യങ്ങൾ ഫലപ്രാപ്തിയോടെ അവതരിപ്പിക്കാനുള്ള സാമർഥ്യവും ദീർഘകാലത്തെ നിയമസഭാ പരിചയവും അദ്ദേഹത്തിന് അനുകൂല ഘടകങ്ങളാണ്. സതീശൻ ഐ ഗ്രൂപ്പായതിനാൽ ഗ്രൂപ്പിനുള്ളിലെ സമവായവും അനിവാര്യമാണ്.

21 അംഗ നിയമസഭാ കക്ഷിയിൽ ഐ ഗ്രൂപ്പിനാണ് നേരിയ മുൻതൂക്കം. നിയമസഭാകക്ഷി നേതൃസ്ഥാനം ലഭിക്കുകയാണെങ്കിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.ടി. തോമസ് എന്നിവരാണ് എ ഗ്രൂപ്പിന്റെ മനസ്സിലുള്ളത്. എന്നാൽ, പ്രതിപക്ഷ നേതൃസ്ഥാനം പിടിച്ചെടുക്കേണ്ടെന്നും പൊതുവികാരമനുസരിച്ച് തീരുമാനം വരട്ടെയെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. തങ്ങൾ സമ്മർദം ചെലുത്തി രമേശിനെ മാറ്റിയെന്ന ധാരണ വരരുതെന്ന തീരുമാനവുമുണ്ട്.

നിലവിൽ പ്രതിപക്ഷ നേതൃസ്ഥാനത്തെച്ചൊല്ലി ശക്തമായ ചേരിതിരിവില്ലെങ്കിലും അണിയറയിൽ ചർച്ചകൾ സജീവമാണ്.

കെ.പി.സി.സി.തലത്തിലുള്ള അഴിച്ചുപണി സംബന്ധിച്ച ചർച്ചകൾ ഹൈക്കമാൻഡ് പ്രതിനിധികൾ നടത്തില്ല. ഇക്കാര്യം പിന്നീട് വിശദമായ ചർച്ചകൾക്കുശേഷമേ ഉണ്ടാകൂ. കെ.പി.സി.സി. രാഷ്ട്രീയകാര്യ സമിതിയുടെ യോഗവും അടുത്തയാഴ്ച രണ്ടുദിവസം ചേരുന്നുണ്ട്.

content highlights:congress high command representatives to visit kerala
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.