News

Get the latest news here

'രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ടു; മൂന്നാം തരംഗത്തിന് സാധ്യത, ജാഗ്രത കൈവെടിയരുത്'

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗത്തിന്റെ ഉച്ചസ്ഥായി പിന്നിട്ടെന്നും എന്നാൽ മൂന്നാം തരംഗ സാധ്യത ഉള്ളതിനാൽ ജാഗ്രത കൈവെടിയരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥങ്ങളും മരണങ്ങളും ഉണ്ടാകുന്നതും വർധിക്കുന്നതും.അതിനാൽ ആശുപത്രികളെ സംബന്ധിച്ച നിർണായക സമയമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"സാർവ്വദേശീയ തലത്തിലും ദേശീയ തലത്തിലും ചർച്ച ഉയർന്നു വന്നിട്ടുള്ളത് മൂന്നാം തരംഗ സാധ്യതയെ കുറിച്ചാണ്. വാക്സിനെ അതിജീവിക്കാൻ ശേഷി നേടിയ വൈറസ് ഉത്ഭവമാണ് മൂന്നാം തരംഗത്തിന് കാരണമായേക്കുക", മുഖ്യമന്ത്രി പറഞ്ഞു.

പ്രാഥമിക കർത്തവ്യം ജീവൻ സംരക്ഷിക്കുക എന്നതാണെന്നും രണ്ടാമത്തെ തരംഗം എത്രത്തോളം രോഗബാധ ഉയരാം എന്ന പാഠം പഠിപ്പിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.

"വാക്സിനെടുത്താൽ ഒരു ഡോസാണെങ്കിലും സുരക്ഷിതത്വമുണ്ട്. എന്നാൽ ഇത്തരം ആളുകളും രോഗവാഹകരാവും. വാക്സിനെടുത്തവർക്ക് രോഗം വരുന്നത് അനുബന്ധ രോഗമുള്ളതിനാലാണ്. അതിനാൽ അവരെല്ലാം കോവിഡ് പെരുമാറ്റ ചട്ടം കൃത്യമായി പാലിക്കണം. അനുബന്ധ രോഗങ്ങളുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധ പുലർത്തണം. കോവിഡിന്റെ രണ്ടാം തരംഗത്തിന്റെ ഇതുവരെയുള്ള സ്ഥിതി നോക്കിയാൽ അതിന്റെ ഉച്ചസ്ഥായി പിന്നിട്ടതായി കണക്കാക്കാം. എന്നാൽ ഉച്ചസ്ഥായി പിന്നിട്ട ശേഷമാണ് രോഗവുമായി ബന്ധപ്പെട്ട ഗുരുതരാവസ്ഥങ്ങളും മരണങ്ങളും ഉണ്ടാകുന്നതും വർധിക്കുന്നതും.അതിനാൽ ആശുപത്രികളെ സംബന്ധിച്ച നിർണായക സമയമാണിത്. ഈ ഘട്ടത്തെ നേരിടാനുള്ള എല്ലാ മുൻകരുതലുകളും മുഴുവൻ ജില്ലാ ആശുപത്രികളിലും കളക്ടർമാരുടെ നേതൃത്വത്തിൽ ഉറപ്പുവരുത്തേണ്ടതുണ്ടെന്ന നേരത്തെ കണ്ടതാണ്. പ്രാഥമിക കർത്തവ്യം ജീവൻ സംരക്ഷിക്കുക എന്നതാണ്", മുഖ്യമന്ത്രി വ്യക്തമാക്കി.

രണ്ടാമത്തെ തരംഗം പലകാര്യങ്ങൾ പഠിപ്പിച്ചെന്നും അദ്ദേഹം പറഞ്ഞു."രണ്ടാമത്തെ തരംഗം എത്രത്തോളം രോഗബാധ ഉയരാം. വൈറസുകളുടെ ജനിതക വ്യതിയാനം എന്തെല്ലാം ഭീഷണി ഉയർത്താം, ആരോഗ്യ സംവിധാനങ്ങൾ മറ്റ് സർക്കാർ സംവിധാനങ്ങൾ എങ്ങനെ തയ്യാറെടുക്കണം, സാമൂഹിക ജാഗ്രത എത്തരത്തിൽ പ്രായോഗിക വത്കരിക്കണം, എന്ന പാഠങ്ങൾ നമ്മെ പഠിപ്പിച്ചു. മൂന്നാമത്തെ തരംഗം ഉണ്ടാകാനുള്ള സാധ്യത നിലനിൽക്കെ ഈ അനുഭവങ്ങളെ വിശദമായ രീതിയിൽ വിലയിരുത്തി കൂടുതൽ മികച്ച രീതിയിൽ തയ്യാറെടുക്കാനുള്ള നടപടിയെടുക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്". ജനങ്ങളുടെ പിന്തുണകൊണ്ടാണ് രാജ്യത്തിന്റെ മറ്റ് സ്ഥലങ്ങളിൽ നാശം വിതച്ച തരംഗത്തെ നമ്മുടെ നാട്ടിൽ പിടിച്ചു നിർത്താനായതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സഹകരിച്ച ജനങ്ങളെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ഈ ജാഗ്രത കുറച്ചു നാൾ കൂടി ഇതേപോലെ തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.

content highlights:CM Pinarayi Vijayan On Covid Third wave possibility
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.