By
Admin
/
May 30, 2021 //
Editor's Pick /
ഇനിയും വേട്ടയാടി മതിയായില്ലെങ്കില്‍ കാള്‍ടെക്സ് ജങ്ഷനില്‍ വന്ന് നില്ക്കാം,ഒറ്റവെട്ടിന് തീര്‍ത്തേക്കണം
കോഴിക്കോട്: സിപിഎം പ്രവർത്തകരാൽ താനും കുടുംബവും വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് മാധ്യമപ്രവർത്തക വിനിത വേണു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വിനിത വേണുവിന്റെ വെളിപ്പെടുത്തൽ. കണ്ണൂരിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥനായ സുമേഷിന്റെ ഭാര്യയാണ് വിനിത.
സുഹൃത്തിന്റെ വീട്ടിലേക്ക് പോയ ഭർത്താവിനെ മദ്യപാനികളായ ഒരു സംഘം ആളുകൾ ചേർന്ന് സദാചാര പോലീസിങ് നടത്തിയതും സംഭവത്തെ തുടർന്ന് പത്രത്തിൽ വന്ന വാർത്തയും പരാമർശിച്ചുകൊണ്ടാണ് വിനിതയുടെ പോസ്റ്റ്. സദാചാര പോലീസിങ്ങിന് ഇരയായ സുമേഷിനെ ഇരിട്ടി സ്റ്റേഷനിലെ മൊബൈൽ പെട്രോളിങ് യൂണിറ്റ് എസ്ഐയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തിയാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷിച്ചതെന്ന് കുറിപ്പിൽ വിനിത പറയുന്നു.
സംഭവിച്ച കാര്യങ്ങൾ പൊലീസ് സ്റ്റേഷനിൽ മൊഴിയായി നൽകുകയും ചെയ്തു. ദേഹോപദ്രവം ഉണ്ടാവാത്തതിനാലും, കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്ന അവസ്ഥ ആയതിനാലും രേഖാമൂലം പരാതി നൽകിയില്ല. മറ്റ് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ നൽകിയ മൊഴി മതിയെന്ന് സ്റ്റേഷനിൽ നിന്നും അറിയിച്ചു. പിന്നാലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ വിളിച്ചു. അദ്ദേഹത്തെയും യഥാർത്ഥ വിവരങ്ങൾ തന്നെ അറിയിച്ചു. വീട്ടിൽ മടങ്ങിയെത്തിയ ശേഷം ഞങ്ങൾ ഇക്കാര്യം വിശദമായി സംസാരിച്ചു. വളരെ ഡെസ്പായിരുന്ന അദ്ദേഹത്തെ ഞാൻ സമാധാനിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. വിനിത എഴുതുന്നു
കഴിഞ്ഞ മൂന്ന് വർഷമായി തങ്ങൾ അനുഭവിക്കുന്ന മെന്റൽ ട്രോമ ഊഹിക്കാവുന്നിലും അപ്പുറമാണെന്നും വിനിത പറയുന്നു. പേടിച്ച് ജീവിക്കേണ്ട അവസ്ഥ.. ഞങ്ങളുടെ ആകെയുള്ള സമ്പാദ്യവും ലോണും സുഹൃത്തുക്കളുടെ സഹായവും ഒക്കെ ചേർത്ത് ഒരു ചെറിയ സ്ഥലം കണ്ണൂരിൽ വാങ്ങിയിരുന്നു. അത് വിറ്റ് അവിടെ നിന്നും പലായനം ചെയ്യേണ്ട അവസ്ഥ. സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം പറയാൻ പേടിക്കേണ്ട അവസ്ഥ. ഞാൻ ഒരു പോസ്റ്റ് ഇട്ടാൽ അത് എന്റെ ഭർത്താവിന്റെ ജോലി തെറിപ്പിക്കാൻ ഉപയോഗിക്കുന്ന അവസ്ഥ. അഭിപ്രായ സ്വാതന്ത്ര്യത്തെക്കുറിച്ച് അവർ തന്നെ വീണ്ടും വീണ്ടും വാചാലരാകും.
ജോലിക്കിടയിലും വ്യക്തി ജീവിതത്തിലും അത്രയും മാന്യത പുലർത്തുന്നയാളാണ് ഭർത്താവെന്നും സംഘടനാ പ്രവർത്തനം നടത്തി എന്നതിന്റെ പേരിൽ മാത്രം ഒരാളെ അപമാനിക്കുകയും മോശക്കാരനായി ചിത്രീകരിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നതാണ് തങ്ങളെ വേദനിപ്പിക്കുന്നതെന്നും വിനിത പറയുന്നു.
ആരുടെയും സഹതാപമോ പിന്തുണയോ തേടിയല്ല പോസ്റ്റെന്നും വിനിത വ്യകതമാക്കുന്നുണ്ട്. നിരവധി തവണ എഴുതാൻ ശ്രമിച്ചെങ്കിലും പേടിച്ചിട്ട് തന്നെയാണ് എഴുതാഞ്ഞത്. ഇതൊക്കെ നിസ്സാരമെന്ന് തോന്നുന്നവർ ഉണ്ടാകാം. പക്ഷേ നാളെ ആർക്കും ഇത്തരം അവസ്ഥ ഉണ്ടാകാം എന്ന് ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സദാചാര പൊലീസുകാരും അവർക്ക് ചൂട്ട് പിടിക്കുന്നവരും എവിടെയും പതുങ്ങിയിരുപ്പുണ്ട്. അത്തരക്കാരെ പിന്തുണക്കാൻ , മനുഷ്യത്വത്തെക്കുറിച്ച് പാടുമെങ്കിലും , അതാകെ റദ്ദ് ചെയ്ത് , ജനാധിപത്യത്തിന്റെ കുപ്പായമിട്ട ഫാസിസ്റ്റുകളായി ഇറങ്ങും. ജാഗ്രത. എന്ന് പറഞ്ഞാണ് അവർ കുറപ്പ് അവസാനിപ്പിക്കുന്നത്.
വിനിതയുടെ പോസ്റ്റിന് പിന്തുണയുമായി നിരവധി പേരാണ് എഫ്ബി കുറിപ്പുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
Related News
Comments