News

Get the latest news here

വെള്ള കണ്ടാമൃഗങ്ങള്‍ കുറയുന്നു; എണ്ണം കൂട്ടാന്‍ എമ്മ ജപ്പാനിലെത്തി

എമ്മ തന്റെ പത്ത് വയസ്സുകാരൻ പങ്കാളിക്കൊപ്പം ജപ്പാനിലെ ടോബു മൃഗശാലയിൽ വാസം തുടങ്ങി. തയ്വാനിൽനിന്നാണ് എമ്മ ജപ്പാനിലേക്കെത്തിയത്. ഏഷ്യയിൽ ഗണ്യമായി കുറയുന്ന വെള്ള കണ്ടാമൃഗങ്ങളുടെ എണ്ണം വർധിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ അഞ്ച് വയസ്സുകാരിയെ ജപ്പാനിലെത്തിച്ചിരിക്കുന്നത്.

സമീപഭാവിയിൽ വംശനാശഭീഷണി നേരിടുന്ന ജീവികളുടെ കൂട്ടത്തിലാണ് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ വെള്ള കണ്ടാമൃഗത്തെ(White Rhinoceros) ഉൾപ്പെടുത്തിയിട്ടുള്ളത്. ലോകത്ത് 18,000 എണ്ണം മാത്രമാണ് ഈ ജീവിവർഗത്തിൽ അവശേഷിക്കുന്നതെന്ന് വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ പറയുന്നു.

തയ്വാനിലെ ലിയോഫൂ സഫാരി പർക്കിൽ നിന്ന് പതിനാറ് മണിക്കൂർ നീണ്ട യാത്രക്കൊടുവിലാണ് ചൊവ്വാഴ്ച എമ്മ ടോബോയിലെത്തിയത്. കോവിഡ് വ്യാപനത്തെ തുടർന്ന് ചില നടപടിക്രമങ്ങൾ വൈകിയതിനാൽ എമ്മയുടെ യാത്രയും അൽപം വൈകിയതായി മൃഗശാലാ അധികൃതർ പറഞ്ഞു. എമ്മക്കായി ഒരുക്കിയ മുറിയ്ക്ക് പുറത്ത് വെച്ച് കണ്ടെയ്നർ തുറന്ന ഉടനെ സങ്കോചമില്ലാതെ എമ്മ ഇറങ്ങി വന്നതായി അവർ പറഞ്ഞു.

മാർച്ചിലായിരുന്നു എമ്മയുടെ യാത്ര ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ യാത്ര നീണ്ടു. വൈകിയത് നന്നായി എന്നാണ് എമ്മയുടെ പുതിയ അധികൃതർ പറയുന്നത്. കാരണം തയ്വാനിൽ നിന്നു തന്നെ ചില ജപ്പാൻ പദങ്ങൾ വശത്താക്കിയാണ് എമ്മ എത്തിച്ചേർന്നിരിക്കുന്നത്. ജപ്പാനിലേക്കുള്ള യാത്ര നിശ്ചയിച്ചതോടെ എമ്മയുടെ മേൽനോട്ടക്കാർ വരൂ, വേണ്ട തുടങ്ങിയ പല വാക്കുകൾ എമ്മയ്ക്ക് പരിചിതമാക്കി.

എന്തായാലും തന്റെ കൂട്ടുകാരൻ മോറനോടൊപ്പം സന്തുഷ്ടയായി കഴിയുകയാണ് എമ്മയിപ്പോൾ. തോലിനും കൊമ്പിനും വേണ്ടിയുള്ള നായാട്ടിനിരയാവുന്നതും കാലാവസ്ഥാ വ്യതിയാനവും കണ്ടാമൃഗങ്ങളുടെ പ്രത്യേകിച്ച് വെള്ളനിറമുള്ളവയുടെ വംശനാശത്തിന് കാരണങ്ങളാണ്. ഇത് പ്രതിരോധിക്കാൻ പല പദ്ധതികളും ലോകത്തിലെ വിവിധ വന്യജീവി സംരക്ഷണ സംഘടനങ്ങൾ ആവിഷ്കരിച്ച് നടപ്പാക്കി വരുന്നുണ്ട്.

Content Highlights: White rhino Emma travels to Japan to find love and a mate
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.