News

Get the latest news here

മെഡിക്കല്‍ ബിരുദാനന്തര ബിരുദ പരീക്ഷ ഒഴിവാക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി; INICET നീട്ടിവെച്ചു

ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ മെഡിക്കൽ ബിരുദാനന്തര ബിരുദ അവസാന സെമസ്റ്റർ പരീക്ഷ ഒഴിവാക്കണമെന്ന ഹർജി സുപ്രീം കോടതി തള്ളി. പരീക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം വിദ്യാർഥികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ഇന്ദിര ബാനർജിയും എം.ആർ ഷായും അടങ്ങിയ അവധിക്കാല ബെഞ്ച് തള്ളിയത്.

രോഗികളെ ചികിത്സിക്കേണ്ടവരാണ് അവർ. എങ്ങനെയാണ് പരീക്ഷ പാസ്സാകാത്തവരെ ചികിത്സിക്കാൻ അനുവദിക്കുകയെന്നും കോടതി ചോദിച്ചു. വിദ്യാഭ്യാസ നയവുമായി ബന്ധപ്പെട്ട കാര്യമായതിനാൽ പരീക്ഷ ഒഴിവാക്കണമെന്ന ആവശ്യം പരിഗണിക്കാൻ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. കേസിൽ കേന്ദ്ര സർക്കാരിനും നാഷണൽ മെഡിക്കൽ കമ്മീഷനും കോടതി നോട്ടീസ് അയച്ചു.

ഇതിനിടെ, മെഡിക്കൽ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുള്ള ഐഎൻഐസിഇടി പരീക്ഷ മാറ്റിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. പരീക്ഷ കുറഞ്ഞത് ഒരു മാസത്തേക്കെങ്കിലും മാറ്റിവെക്കണമെന്ന് കോടതി നിർദേശിച്ചു. പരീക്ഷ ജൂലായ് 17ന് ശേഷം മാത്രമേ നടത്താൻ പാടുള്ളൂ എന്നും കോടതി ഉത്തരവിട്ടു.

മേയ് മാസത്തിലാണ് പരീക്ഷ നടത്താൻ നേരത്തെ നിശ്ചയിച്ചിരുന്നത്. കോവിഡ് സാഹചര്യത്തിൽ അത് ജൂൺ 16ലേക്ക് മാറ്റിയിരുന്നു. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് ഒരു സംഘം ജൂനിയർ ഡോക്ടർമാരാണ് കോടതിയെ സമീപിച്ചത്.

Content Highlights:Supreme Court Rejects PG Medical Students Plea To Waive Final Exams
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.