News

Get the latest news here

മുട്ടില്‍ മരം കൊള്ള; അന്വേഷണ സംഘത്തില്‍ നിന്ന് മാറ്റിയ ഡിഎഫ്ഒയെ തിരിച്ചെടുത്തു, കൂടുതല്‍ ചുമതല

കോഴിക്കോട്: മുട്ടിൽ മരം കൊള്ളയെക്കുറിച്ച് അന്വേഷിക്കുന്ന സംഘത്തിലേക്ക് കോഴിക്കോട് ഡിഎഫ്ഒ പി ധനേഷ് കുമാറിനെ തിരിച്ചെടുത്തു. വനംമന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ധനേഷ് കുമാറിനെ കൂടുതൽ ചുമതലയോടെയാണ് ധനേഷിനെ തിരിച്ചെടുത്തത്. നോർത്ത് സോണിലെ അന്വേഷണ ചുമതലയാണ് ഡിഎഫ്ഒ ധനേഷിന് നൽകിയിരിക്കുന്നത്.അന്വേഷണ സംഘത്തിൽ നിന്ന് മാറ്റിയത് വിവാദമായിരുന്നു.

മരം മുറി അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ അഞ്ച് ഡിഎഫ്ഒമാരിൽ ഒരാൾ ധനേഷ്കുമാറായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി എറണാകുളം, തൃശൂർ ജില്ലകളുടെ ചുമതലയായിരുന്നു ധനേഷിന്. ധനേഷ് കുമാറിന്രണ്ടു ലക്ഷം രൂപ കൈക്കൂലി നൽകിയെന്ന് മരംമുറി കേസിലെ മുഖ്യ പ്രതി റോജി അഗസ്റ്റിൻ കഴിഞ്ഞദിവസം മാധ്യമങ്ങളിലൂടെ ആരോപിച്ചിരുന്നു. പിന്നീടത് പിൻവലിച്ചു. പിന്നാലെയാണ് ധനേഷിനെ അന്വേഷണസംഘത്തിൽ നിന്ന് മാറ്റിയതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. മാറ്റം ഭരണപരമായ കാരണം കൊണ്ടാണെന്നാണ് വനംവകുപ്പ് വിശദീകരിച്ചത്. എന്നാൽ ഇതിനെക്കുറിച്ച് അറിഞ്ഞില്ലെന്നാണ് വനംമന്ത്രിയുടെ പ്രതികരണം.

പി. ധനേഷ് കുമാറിനെ അന്വേഷണസംഘത്തിൽ നിന്ന് മാറ്റി പുനലൂർ ഡിഎഫ്ഒ ബൈജു കൃഷ്ണന് പകരം ചുമതല നൽകിയിരുന്നു. വിവാദത്തെക്കുറിച്ച് വനം വകുപ്പ് വിജിലൻസ് അന്വേഷണം തുടങ്ങിയിരുന്നു. അന്വേഷണ റിപ്പോർട്ട് 10 ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ വനം വിജിലൻസ് ചീഫ് നിർദേശം നൽകിയതിനിടെയാണ് ഡിഎഫ്ഒയെ അന്വേഷണസംഘത്തിൽനിന്ന് പി ധനേഷ് കുമാറിനെ മാറ്റിയത്. ഇത് വിവാദത്തിനു തുടക്കം കുറിച്ചിരുന്നു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.