News

Get the latest news here

ഐഷ സുല്‍ത്താനയ്‌ക്കെതിരായ നീക്കത്തില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയില്‍ കൂട്ട രാജി

കൊച്ചി; സിനിമാ പ്രവർത്തക ഐഷ സുൽത്താനയ്ക്ക് എതിരായ നീക്കത്തിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ബിജെപിയിൽ കൂട്ടരാജി. ഐഷയുടെ ദ്വീപായ ചെത്ത്ലത്ത് ദ്വീപിലെ 12 പേർ രാജിവച്ചു. ബിജെപി സ്റ്റേറ്റ് സെക്രട്ടറി അബ്ദുൾ ഹമീദ്, ചെത്തലത്ത് ദ്വീപിലെ സെക്രട്ടറി, വഖഫ് ബോർഡ് അംഗം എന്നിവർ അടക്കമുള്ളവരാണ് രാജിക്കത്ത് അയച്ചത്.

ഐഷയ്ക്കെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ കവരത്തി പോലീസിന് പരാതി നൽകിയതിൽ പ്രതിഷേധിച്ചാണ് രാജിവെക്കുന്നതെന്ന് രാജിക്കത്തിൽ പറയുന്നു.അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ നടപ്പിലാക്കിയ കാര്യങ്ങൾക്കെതിരെയാണ് ഐഷ സുൽത്താന പ്രതിഷേധിച്ചത്. അതിന്റെ പേരിൽ രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് അംഗീകരിക്കാനാവില്ല. അമിത് ഷായെ ബിജെപി പ്രവർത്തകർ കണ്ടുവെങ്കിലും ദ്വീപിലെ സ്ഥിതിഗതികൾക്ക് യാതൊരു മാറ്റവുമുണ്ടായില്ലെന്നും രാജിക്കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആന്ത്രോത്ത് ദ്വീപിൽനിന്ന് രണ്ടുപേരും അഗത്തിലിൽനിന്ന് ഒരാളും രാജിവച്ചിട്ടുണ്ട്.

ലക്ഷദ്വീപ് സ്വദേശിയും സിനിമാ പ്രവർത്തകയുമായ ഐഷ സുൽത്താനക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. കവരത്തി പൊലീസാണ് കേസെടുത്തിരിക്കുന്നത്. ചാനൽ ചർച്ചയ്ക്കിടെ നടത്തിയ ബയോ വെപ്പൺ പരാമർശത്തിനെതിരേ നൽകിയ പരാതിയിലാണ് കേസ്. ലക്ഷദ്വീപ് ബിജെപി അധ്യക്ഷനാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.

തന്നെ ചിലർ രാജ്യദ്രോഹിയായി ചിത്രീകരിക്കുന്നുവെന്ന്നേരത്തെ അവർ ആരോപിച്ചിരുന്നു. ചാനൽ ചർച്ചയിൽ നടത്തിയ പരാമർശങ്ങൾ പ്രഫുൽ പട്ടേലിനെ മാത്രം ഉദ്ദേശിച്ചാണെന്നും രാജ്യത്തെയോ ഗവൺമെന്റിനെയോ ഉദ്ദേശിച്ചല്ലെന്നും ഐഷ പറഞ്ഞിരുന്നു.

Content Highlights:Aisha Sultana issue: mass resignation from Lakshadweep BJP


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.