News

Get the latest news here

വീണ്ടും ആ ബ്രണ്ണൻ കോളേജ് ത്രില്ലർ; പിണറായിയും സുധാകരനും നേർക്കുനേർ

തിരുവനന്തപുരം: ബ്രണ്ണൻ കോളേജിൽ വിദ്യാർഥിരാഷ്ട്രീയത്തിന്റെ ഭാഗമായി പത്തമ്പതു വർഷംമുമ്പ് നടന്ന അടിപിടികളാണ് ഇപ്പോൾ കേരള രാഷ്ട്രീയത്തിന്റെ 'ചോര തിളപ്പിക്കു'ന്നത്. കെ.പി.സി.സി. പ്രസിഡന്റായി സ്ഥാനമേറ്റശേഷം കെ. സുധാകരൻ മുഴക്കിയ അവകാശവാദങ്ങളും അതിന് മുഖ്യമന്ത്രിയുടെ മറുപടിയുമാണ് അന്നത്തെ സംഘട്ടനങ്ങളുടെ 'ത്രില്ലിൽ' കേരള രാഷ്ട്രീയത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത്. പിണറായി വിജയനെ ഒറ്റച്ചവിട്ടിനു വീഴ്ത്തിയെന്നും വളഞ്ഞിട്ട് തല്ലിയെന്നും സുധാകരൻ പറയുമ്പോൾ മുഖ്യമന്ത്രിയുടെ മറുപടി ഇങ്ങനെ.

ഒരു പ്രത്യേക ആക്ഷൻ

''അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള സ്വപ്നം കാണുന്നതിനെ ഞാൻ തടയേണ്ടതില്ല. അദ്ദേഹത്തിന് പിണറായി വിജയനെ ചവിട്ടിവീഴ്ത്തണമെന്ന് മോഹമുണ്ടായിക്കാണും. യഥാർഥത്തിൽ സംഭവിച്ചതെന്താ? അക്കാലത്ത് കെ.എസ്.എഫിന്റെ സംസ്ഥാന ഭാരവാഹിയാണ് ഞാൻ. കെ.എസ്.എഫ്. ക്ലാസ് ബഹിഷ്കരണം ആഹ്വാനംചെയ്തിരുന്നു. അന്നൊരു പരീക്ഷയെഴുതേണ്ടയാളാണ് ഞാൻ. ബഹിഷ്കരിക്കുകയാണെന്ന് അറിയിക്കാൻ കോളേജിൽപ്പോയി പരീക്ഷയെഴുതാതിരുന്നു. പരീക്ഷാ ബഹിഷ്കരണത്തിന്റെ ഭാഗമായ സമരം നടക്കുന്നു. കെ.എസ്.യു. തടയാൻവരുന്നു. കെ.എസ്.എഫുമായി സംഘർഷമായി. അക്കൂട്ടത്തിൽ സുധാകരനും ഉണ്ടായിരുന്നു. സുധാകരനെ അന്ന് തനിക്കറിയില്ല. സംഘർഷം കൈവിട്ടുപോയി. അപ്പോൾ ഈ ചെറുപ്പക്കാരന്റെനേരെ (സുധാകരന്റെ) ഒരു പ്രത്യേകരീതിയിലുള്ള ആക്ഷൻ ഞാനെടുത്തു. അയാളുടെ ശരീരത്തിൽ തൊട്ടില്ല. അയാളെ ഒന്നും ചെയ്തില്ല. എന്റെ രണ്ടുകൈയും കൂട്ടിയിടിച്ചു. ഈ ഇടിയിൽ ഒരു വല്ലാത്ത ശബ്ദമുണ്ടായി. സ്വാഭാവികമായി അതിന്റെ പിന്നാലെയുള്ള ചില വാക്കുകളും വരും. അതെന്താണെന്ന് ഊഹിച്ചാൽ മതി.

അപ്പോൾ അയാളുടെ നേതാവായ ബാലൻ വന്ന് എന്നെ പിടിച്ചു. ബാലനും ഞങ്ങളും സുഹൃത്തുക്കളാണ്. അയ്യോ, വിജയാ ഒന്നും ചെയ്യല്ലേയെന്നു പറഞ്ഞു. അന്ന് ഞാൻ പറഞ്ഞ വാചകം (ഇന്നു പറയാൻ പറ്റുമോ എന്നറിയില്ല) ഇതായിരുന്നു: പിടിച്ചുകൊണ്ടുപോടാ, ആരായിവൻ? അവനേയും പിടിച്ച് ആളുകളങ്ങ് പോയി. അതാണ് സംഭവിച്ചത്. സുധാകരൻ ഇപ്പോൾ മനസ്സിലാക്കിക്കോ, അന്നത് അവിടെനിന്നത് ഞാൻ ബ്രണ്ണൻ കോളേജ് വിട്ടതുകൊണ്ടും അവിടെ പരീക്ഷയെഴുതാൻ മാത്രം പോയതുകൊണ്ടുമാണ്. അതോർത്താൽ നല്ലത്.ഏത് ഫ്രാൻസിസ്?

സുധാകരൻ പറഞ്ഞത്- പിണറായി പലവട്ടം കെഎസ്.യു.ക്കാരുടെ തല്ലുകൊണ്ടിട്ടുണ്ട്. കോളേജിലെ ആൽത്തറയിൽനടന്ന യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരുന്ന പിണറായി കെ.എസ്.യു.ക്കാരൻ ഫ്രാൻസിസിനെക്കുറിച്ച് സദാ പിച്ചാത്തിയുംകൊണ്ട് നടക്കുന്നവൻ എന്നുപറഞ്ഞു. അപ്പോൾ ഫ്രാൻസിസ് ചാടി സ്റ്റേജിൽക്കയറി പിണറായിയെ മൈക്കെടുത്ത് അടിച്ചു. പിന്നെ ഞങ്ങളെല്ലാവരുംകൂടി പിണറായിയെയും കൂട്ടരെയും അടിച്ചോടിച്ചു.

മുഖ്യമന്ത്രി- ഈ ഫ്രാൻസിസ് ഞാൻ കോളേജ് വിടുന്നതുവരെ അവിടെയില്ല. എന്റെ ശരീരത്തിനടുത്തേക്ക് ആക്രമിക്കാൻ വരണമെന്ന് ആഗ്രഹിക്കുന്ന പല ആൾക്കാരുമുണ്ടാവും. പക്ഷേ, ആരും ശരീരത്തിന് അടുത്തെത്തിയിട്ടില്ല. നേരത്തേ പോലീസുകാർ ചെയ്തതുമാത്രമേയുള്ളൂ. അത് മനസ്സിലാക്കിക്കോളണം.

സുധാകരനൊപ്പം പ്രവർത്തിച്ചിരുന്ന, ഇപ്പോഴും ജിവിച്ചിരിക്കുന്ന മമ്പറം ദിവാകരൻ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട്. ഡി.സി.സി. അംഗം പുഷ്പരാജിന്റെ കാൽ അടിച്ചുതകർത്തതടക്കം ഒരുപാട് സംഭവങ്ങളുണ്ട്. തന്റെ പക്കലുള്ള ഫോട്ടോകളും തെളിവുകളും പുറത്തുവിട്ടാൽ കേരളത്തിലെ ഒരു കോൺഗ്രസ് പ്രവർത്തകനും സുധാകരനെ കെ.പി.സി.സി. പ്രസിഡന്റാക്കാൻ പറയില്ല. തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽവെച്ച് തന്നെക്കൊല്ലാനും ശ്രമം നടന്നതായി മമ്പറം വെളിപ്പെടുത്തി.

ഡി.സി.സി. ഓഫീസിനും കെ. കരുണാകരൻ സ്മാരകത്തിനും വേണ്ടി പിരിച്ചെടുത്ത കോടികൾ എവിടെെയന്നും മമ്പറം ചോദിക്കുന്നുണ്ട്. ചിറയ്ക്കൽ സ്കൂൾ വാങ്ങാൻ സുധാകരന്റെ നേതൃത്വത്തിൽ 30 കോടിയാണ് പിരിച്ചത്. എന്നിട്ട് സ്കൂൾ വാങ്ങിയതുമില്ല. ആ തുകയെവിടെ?

അർധനഗ്ന പ്രദക്ഷിണം

ഇനി സുധാകരനൊപ്പം ബ്രണ്ണൻ കോളേജിൽ പഠിച്ചിരുന്ന എ.കെ. ബാലൻ (മുൻ മന്ത്രി) ഓർത്തുപറഞ്ഞ മറ്റൊരു സംഭവം. 67-69 കാലത്ത് സപ്തകക്ഷി മുന്നണിയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്നു സി.എച്ച്. മുഹമ്മദ് കോയ. അന്ന് ബ്രണ്ണൻ കോളേജിൽ കമ്യൂണിറ്റി ഹാൾ ഉദ്ഘാടനം ചെയ്യാനെത്തിയ മുഹമ്മദ് കോയയ്ക്കെതിരേ സുധാകരൻ കരിങ്കൊടികാട്ടി. ചെരുപ്പെറിഞ്ഞു. സുധാകരന്റെ അതിക്രമത്തെ തടയാനിറങ്ങിയ വിദ്യാർഥികൾ അർധനഗ്നനാക്കി അയാളെ കോളേജ് ചുറ്റിപ്പിച്ചില്ലേ.

ബി.ജെ.പി.യിൽ പോകുമോ?

ബി.ജെ.പി.യുമായി യോജിച്ചുപോകാനാവുമെന്നു തോന്നിയാൽ താൻ പോകുമെന്ന് മൂന്നുവർഷംമുമ്പ് പറഞ്ഞയാളാണ് സുധാകരൻ. ഇപ്പോൾ അതിൽ ഉറച്ചുനിൽക്കുന്നുണ്ടോയെന്നറിയില്ല. പക്ഷേ, അതിന്റെ ചില തികട്ടലുകളുണ്ട്. അതുകൊണ്ടാണ് കേരളത്തിൽ കോൺഗ്രസിന്റെ മുഖ്യശത്രു ബി.ജെ.പി.യല്ല, സി.പി.എം. ആണെന്ന് അദ്ദേഹം പറയുന്നത്. എന്താണ് കോൺഗ്രസ് നേതൃത്വം ഇതേപ്പറ്റി പറയുന്നതെന്ന് ചോദിച്ചിട്ട് ആരും പ്രതികരിച്ചില്ല -മുഖ്യമന്ത്രി പറഞ്ഞു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.