News

Get the latest news here

നഷ്ടമായത് ഇന്ത്യക്കാരുടെ ഹൃദയത്തില്‍ പ്രത്യേകസ്ഥാനം നേടിയ കായികതാരത്തെ-പ്രധാനമന്ത്രി

ന്യൂഡൽഹി: ഇന്ത്യൻ അത്ലറ്റിക്സിലെ പറക്കും സിഖ് മിൽഖ സിങിന്റെ നിര്യാണത്തിൽ രാഷ്ട്രീയ നേതാക്കളും കായിക താരങ്ങളും അനുസ്മരിച്ചു. ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടിയ കായിക താരത്തെ നഷ്ടമായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. നമുക്ക് ഒരു അസാധാരണമായ കായിക താരത്തെയാണ് നഷ്ടമായിരിക്കുന്നത്.ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഒരു പ്രത്യേക സ്ഥാനം നേടിയ ആളാണ് മിൽഖ. പ്രചോദനാത്മകമായ അദ്ദേഹത്തിന്റെ വ്യക്തിത്വം ദശലക്ഷകണക്കിന് ആളുകളെ ആകർഷിച്ചു. അദ്ദേഹത്തിന്റെ വിടവാങ്ങലിൽ കടുത്ത മനോവേദനയുണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

കുറച്ചുനാൾ മുമ്പ് താൻ മിൽഖ സിങുമായി സംസാരിച്ചിരുന്നു. ഇത് തങ്ങളുടെ അവസാന സംഭാഷണമാകുമെന്ന് തനിക്കറിയില്ലായിരുന്നു. വളർന്നുവരുന്ന നിരവധി കായിക താരങ്ങൾ അദ്ദേഹത്തിന്റെ ജീവിത യാത്രയിൽ നിന്ന് ശക്തി പ്രാപിക്കും. അദ്ദേഹത്തിന്റെ കുടുംബത്തിനും ലോകമെമ്പാടുമുള്ള നിരവധി ആരാധകർക്കും തന്റെ അനുശോചനമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

മിൽഖ സിങിന്റെ പോരാട്ടങ്ങളുടേയും കരുത്തിന്റേയും കഥ ഇന്ത്യൻ തലമുറകളെ പ്രചോദിപ്പിക്കുമെന്ന് അനുശോചന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.

ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ, മറ്റു കായിക താരങ്ങളും രാഷ്ട്രീയ നേതാക്കളും മിൽഖ സിങിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.