News

Get the latest news here

മദ്യപിച്ചെത്തിയ യുവാക്കള്‍ വിദ്യാര്‍ഥികളെ കെട്ടിയിട്ട് രണ്ടുമണിക്കൂര്‍ മര്‍ദിച്ചു



കുമളി: മദ്യലഹരിലായിരുന്ന അഞ്ച് യുവാക്കൾ, പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർഥികളെ കെട്ടിയിട്ട് മർദിച്ചശേഷം മൊബൈൽഫോണും മാലയും കവർന്നു. ബിയർകുപ്പി ഉപയോഗിച്ചും അടിച്ചു. ആശുപത്രിയിൽ ചികിത്സ േതടിയ വിദ്യാർഥികൾ പോലീസിൽ പരാതി നൽകി. പോലീസ് അന്വേഷണം തുടങ്ങി.വ്യാഴാഴ്ച രാത്രി കുമളി റോസാപ്പൂക്കണ്ടത്താണ് സംഭവം. വഴിയരികിൽ പെൺസുഹൃത്തുമായി സംസാരിച്ചിരുന്ന വിദ്യാർഥികളെ, ഈസംഘം ചോദ്യംചെയ്തു. പെൺകുട്ടി വീട്ടിലേക്ക്‌ മടങ്ങിയതോടെ അക്രമിസംഘം വിദ്യാർഥികളെ ആളൊഴിഞ്ഞ സ്ഥലത്തെ മോട്ടോർപുരയിലേക്ക്‌ പിടിച്ചുകൊണ്ടുപോയി.ഇരുവരുടെയും ഷർട്ടഴിച്ച് കൈയ്യിൽ കെട്ടിയിട്ട് മുട്ടുകുത്തി ഇരുത്തി. ലഹരി ഉപയോഗിക്കാൻ നിർബന്ധിച്ചപ്പോൾ എതിർത്തതോടെ ഇവരെ മർദിക്കുകയായിരുന്നു. ഇവർ വേദനകൊണ്ട് കരഞ്ഞു. വീട്ടിൽനിന്നു വിദ്യാർഥികളെ ഫോണിൽ വിളിച്ചപ്പോൾ, മർദനവിവരം പറയാതിരിക്കാൻ അക്രമികൾ ഭീഷണിപ്പെടുത്തി.വിദ്യാർഥികൾ തളർന്നപ്പോഴാണ് കെട്ടഴിച്ചുവിട്ടത്. വിദ്യാർഥികളിലൊരാളുടെ മുക്കാൽ പവനോളം വരുന്ന സ്വർണമാലയും മൊബൈൽഫോണും 100 രൂപയും അക്രമികൾ കൈക്കലാക്കി.വിദ്യാർഥികൾ വിവരം വീട്ടുകാരെ അറിയിച്ചു. തുടർന്ന് ഇവരെ കുമളി കുടുംബാരോഗ്യകേന്ദ്രത്തിലെത്തിച്ചു. പോലീസ് ആദ്യം കേസെടുക്കാൻ തയ്യാറായില്ല. വീട്ടുകാർ പ്രതിഷേധിച്ചതിനെത്തുടർന്ന് പോലീസെത്തി കണ്ടാലറിയുന്നവർക്കെതിരേ കേസെടുക്കുകയായിരുന്നു. അക്രമികൾ കഞ്ചാവുകേസിലെ പ്രതികളാണെന്നും വിവരമുണ്ട്.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.