News

Get the latest news here

സുധാകരനങ്ങനെ പറഞ്ഞാലും മുഖ്യമന്ത്രി ഇങ്ങനെ പറയാന്‍ പാടില്ലായിരുന്നു, ഇത് നിലവാര തകര്‍ച്ച- ചെന്നിത്തല

ന്യൂഡൽഹി: കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരനെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ രൂക്ഷമായ വിമർശനങ്ങൾക്കെതിരെ രമേശ് ചെന്നിത്തല.

മുഖ്യമന്ത്രിയുടെ പത്രസമ്മേളനം ജനങ്ങൾ കാണുന്നത് കോവിഡിന്റെ വിവരങ്ങൾ അറിയാൻ വേണ്ടിയാണ്. പിണറായി വിജയന് എന്തും സംസാരിക്കാനുള്ള അവകാശമുണ്ട്. പക്ഷേ, കേരളത്തിലെ മുഖ്യമന്ത്രിക്ക് ഒരു നിലവാരം വേണം. ആ നിലവാര തകർച്ചയാണ് ഇന്നലെ കെ.പി.പി.സി.പ്രസിഡന്റ് കെ. സുധാകരനെതിരെ നടത്തിയ പത്രസമ്മേളനം തെളിയിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.

കോവിഡിന് വേണ്ടിയുള്ള പത്രസമ്മേളനത്തിൽ ഇതു പോലുള്ള വിവാദവിഷയങ്ങൾ പരാമർശിക്കാൻ പാടില്ലാത്തതാണ്. പ്രതിപക്ഷത്തെ കടന്നാക്രമിക്കാൻ പലപ്പോഴും പിണറായി വിജയൻ ഈ പത്രസമ്മേളനങ്ങൾ ദുരുപയോഗം ചെയ്തിട്ടുണ്ട്. എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് ഇന്നലെ അദ്ദേഹം സംസാരിച്ചത്.

ഇരിക്കുന്ന കസേരുയുടെ മഹാത്മ്യം മനസ്സിലാക്കി വേണം പിണറായി സംസാരിക്കേണ്ടത്. കെ. സുധാകരനെതിരായ പരാമർശത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. കുട്ടിക്കാലത്തും വിദ്യാഭ്യാസ കാലത്തും നടന്ന കാര്യങ്ങൾ ചികഞ്ഞെടുത്ത് പറയേണ്ട ഒരു കാര്യവും ഇപ്പോഴിവിടെ ഇല്ലെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

ദൗർഭാഗ്യകരമായ നടപടിയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. യഥാർത്ഥത്തിലുള്ള പിണറായി വിജയന്റെ മുഖമാണ് ഇന്നലെ പുറത്തുവന്നത്. സുധാകരൻ എവിടെയാണ് അദ്ദേഹത്തിനെതിരെ പറഞ്ഞതെന്ന് എനിക്കറിയില്ല. ഇനി അങ്ങനെ പറഞ്ഞാൽ പോലും മുഖ്യമന്ത്രി ഇങ്ങനെയാണോ പ്രതികരിക്കേണ്ടത്?ആരെല്ലാം എന്തെല്ലാം കാര്യങ്ങൾ ഞങ്ങളെ കുറിച്ചൊക്കെ പറയുന്നുണ്ട്. ഞങ്ങളൊന്നും ഈ തരത്തിലല്ലോ പ്രതികരിക്കുന്നത്. ഒരു കാരണവശാലും ചെയ്യാൻ പാടില്ലാത്ത, നിലവാരമില്ലാത്ത വാക്കുകളാണ് മുഖ്യമന്ത്രിയുടേത്.ചെന്നിത്തല പറഞ്ഞു.

കെ. സുധാകരൻ ആരാണെന്ന് ജനങ്ങൾക്കറിയാം. ഓട് പൊളിച്ച് വന്നതല്ല. മരം മുറി വിവാദത്തിൽനിന്ന് രക്ഷപ്പെടാനാണ് തട്ടിക്കൊണ്ടു പോകൽ ആരോപണങ്ങളൊക്കെ. ഇതൊന്നും ജനം വെച്ചുപൊറുപ്പിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

Content Highlights: Ramesh Chennithala against CM Pinarayi Vijayan-K Sudhakran issue
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.