News

Get the latest news here

ഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രതിദിനകോവിഡ് കേസുകളില്‍ കുറവ്; ഭൂപടം പങ്കുവെച്ച് സര്‍ക്കാര്‍

ന്യൂഡൽഹി: ഇന്ത്യയിലെ പ്രതിദിന കോവിഡ്-19 രോഗികളുടെ സംസ്ഥാനതല ശരാശരിയിൽ സ്ഥായിയായ കുറവുണ്ടെന്ന്കേന്ദ്രസർക്കാർ. ഇക്കാര്യം വ്യക്തമാക്കുന്ന, കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സഹായത്തോടെ തയ്യാറാക്കിയ ഭൂപടം സർക്കാർ ട്വിറ്ററിലൂടെ പ്രസിദ്ധീകരിച്ചു.

മാപ്പ് നൽകുന്ന വിവരമനുസരിച്ച് പ്രതിദിന കോവിഡ് രോഗികളുടെ ദേശീയതലത്തിലുള്ള ശരാശരി വർധനനിരക്ക് -5.05ശതമാനമാണ്. ചില സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് രാജ്യത്തിന്റെ വടക്ക് കിഴക്കൻ ഭാഗങ്ങളിൽ പ്രതിദിന രോഗികളുടെ ശരാശരി വർധനനിരക്ക് ഉയർന്ന നിലയിൽ തന്നെ തുടരുന്നതൊഴിച്ചാൽ മറ്റു ഭാഗങ്ങളിൽ ഇത് നെഗറ്റീവായി തുടരുന്നതായി മാപ്പ് വ്യക്തമാക്കുന്നു.

കോവിഡുമായി ബന്ധപ്പെട്ട സമകാലിക വിവരങ്ങൾ പങ്കുവെക്കുന്ന ഒദ്യോഗിക ട്വിറ്റർ അക്കൗണ്ടായ മൈ ഗവൺമെന്റ് ഇന്ത്യയിലൂടെ വെള്ളിയാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. ആരോഗ്യമന്ത്രാലയം വ്യാഴാഴ്ച പുറത്തു വിട്ട കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയതെന്ന് ട്വീറ്റിൽ പറയുന്നു.


Indias efforts to defeat #COVID19 are beginning to show colours! Heres the state-wise stats showing a decline in the average daily new cases.
For more updates, visit https://t.co/CKhgW2LA7d #IndiaFightsCorona pic.twitter.com/drG6pBtGmy
— MyGovIndia (@mygovindia) June 18, 2021

സംസ്ഥാനതല കോവിഡ് കണക്കുകൾ വിവിധ നിറങ്ങളിലായാണ് മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ 10 മുതൽ 17 വരെയുള്ള ദിവസങ്ങളിലെ കണക്കുകൾ അടിസ്ഥാനമാക്കിയാണ് ഭൂപടം തയ്യാറാക്കിയിരിക്കുന്നത്. പൂജ്യത്തിൽ താഴെ വർധനനിരക്കുള്ള സംസ്ഥാനങ്ങൾ പച്ച നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും പച്ച നിറത്തിലാണ് ഭൂപടത്തിൽ കാണുന്നത്. ഇത് രാജ്യത്തെ പ്രതിദിനരോഗികളുടെ എണ്ണത്തിലുണ്ടായ കുറവ് വ്യക്തമാക്കുന്നു. 0-10 ശതമാനം വരെ പ്രതിദിനനിരക്കുള്ള സംസ്ഥാനങ്ങൾ മഞ്ഞ നിറത്തിലും 10-20 ശതമാനം വരെയുള്ളവ ഓറഞ്ച് നിറത്തിലും 20 ശതമാനത്തിന് മുകളിലുള്ളവ(നിലവിൽ സിക്കിം മാത്രം) ചുവപ്പിലുമാണ് അടയാളപ്പെടുത്തിയിട്ടുള്ളത്.

ഹോട്ട് സ്പോട്ടുകളായിരുന്ന മഹാരാഷ്ട്ര, തമിഴ്നാട്, ഡൽഹി എന്നിവ ഉൾപ്പെടെ ബഹുഭൂരിഭാഗം സംസ്ഥാനങ്ങളിലും പ്രതിദിന രോഗികളുടെ ശരാശരി വർധനനിരക്ക് നെഗറ്റീവാണ്. എന്നാൽ കഴിഞ്ഞ ഏഴ് ദിവസത്തെ കണക്കനുസരിച്ച് വടക്കൻ സംസ്ഥാനമായ ഉത്തരാഖണ്ഡ്, വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അസം, ത്രിപുര കൂടാതെ കേരളം എന്നീ ചില സംസ്ഥാനങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണത്തിലെ ശരാശരി വളർച്ചാനിരക്ക് 0-10 ശതമാനമായാണ് രേഖപ്പെടുത്തുന്നത്.

ഇതേ കാലയളവിൽ ലഡാക്ക്, അരുണാചൽ പ്രദേശ്, മിസോറാം എന്നിവടങ്ങളിൽ രോഗികളുടെ എണ്ണത്തിലെ ശരാശരി വർധനനിരക്ക് 10-20 ശതമാനമാണ്. സിക്കിമിൽ മാത്രമാണ് 20 ശതമാനത്തിനും മുകളിലായി ശരാശരിനിരക്ക് രേഖപ്പെടുത്തിയിട്ടുള്ളത്.



Content Highlights: India sees state-wise decline in average daily new COVID-19 cases, govt shares map
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.