News

Get the latest news here

പിണറായിയെ ചവിട്ടിവീഴ്ത്തിയെന്ന് ഞാന്‍ പറഞ്ഞിട്ടില്ല- കെ.സുധാകരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ ചവിട്ടി വീഴ്ത്തിയെന്ന് താൻ എവിടേയും പറഞ്ഞിട്ടില്ലെന്ന് കെ.പി.സി.സി. അധ്യക്ഷൻ കെ. സുധാകരൻ. വാരികയിൽ ചതിയിലൂടെയാണ് അത് തെറ്റായി പ്രസദ്ധീകരിക്കപ്പെട്ടതെന്നും അതിന്റെ ഉത്തരവാദിത്തം തനിക്കല്ലെന്നും സുധാകരൻ പറഞ്ഞു.

സുധാകരന്റെ വാക്കുകളിലേക്ക്....

"പിണറായി ഉന്നയിച്ച ആരോപണങ്ങളോട് അതുപോലെ മറുപടി പറയാൻ എനിക്ക് സാധിക്കില്ല. പി.ആർ. ഏജൻസിയിൽനിന്ന് പുറത്ത് വന്ന യഥാർഥ പിണറായിയെ ആണ് ഇന്നലെ കണ്ടത്. അതുപോലെ തിരിച്ച് മറുപടി പറയാൻ എനിക്കാവില്ല. എന്റെ വ്യക്തിത്വവും എന്റെ സംസ്കാരവും ഇരിക്കുന്ന കസേരയുടെ മഹത്വവും പിണറായിയിലേക്ക് താഴാനാകില്ല.

"അഭിമുഖത്തിൽ വന്ന എല്ലാ കാര്യങ്ങൾ ഞാൻ പറഞ്ഞതല്ല. അദ്ദേഹത്തെ ചവിട്ടിയെന്ന് ഞാൻ അഭിമുഖത്തിനിടെ പറഞ്ഞിട്ടില്ല. പ്രസിദ്ധീകരിക്കില്ലെന്ന് ലേഖകൻ പറഞ്ഞതു കൊണ്ടാണ് സ്വകാര്യമായി കുറച്ച് കാര്യങ്ങൾ പറഞ്ഞത്. സംഭവത്തിന്റെ വിശദീകരണം പേഴ്സണലായി നൽകിയിട്ടുണ്ട്. ചതിയുടെ ശൈലിയിൽ ഇക്കാര്യങ്ങൾ അഭിമുഖത്തിൽ ചേർത്തതിന്റെ കുറ്റം എനിക്കല്ല. അത് മാധ്യമപ്രവർത്തനത്തിന് അപമാനമാണ്. പിണറായി വിജയനെ ചവിട്ടി താൻ വലിയ അഭ്യാസിയാണെന്ന് കേരളത്തെ അറിയിക്കാനുള്ള താത്പര്യം എനിക്കില്ല." അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ തനിക്കെതിരെ ഉന്നയിച്ച ഗുരതരമായ ആരോപണങ്ങളും വിമർശനങ്ങളോടും മറുപടി പറയുകയായിരുന്നു കെ.സുധാകരൻ. എറണാകുളം ഡിസിസി ഓഫീസിലാണ് സുധാകരൻ ഇന്ന് മാധ്യമങ്ങളെ കണ്ടത്. തന്റെ മക്കളെ തട്ടിക്കൊണ്ടുപോകാൻ സുധാകരൻ പദ്ധതിയിട്ടതായി തനിക്ക് അദ്ദേഹത്തിന്റെ വിശ്വസ്തനിൽ നിന്ന് വിവരം ലഭിച്ചിരുന്നുവെന്നടക്കം മുഖ്യമന്ത്രി ആരോപിച്ചിരുന്നു. ബ്രണ്ണൻ കോളേജിലെ പഠനകാലത്തെ കുറിച്ച് തനിക്കെതിരെ സുധാകരൻ ഒരു വാരികയിൽ പറഞ്ഞ കാര്യങ്ങൾക്ക് മറുപടി പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രി വിമർശനങ്ങൾ.

Content Highlights:kpcc president k sudhakaran against cm pinarayi vijayan
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.