News

Get the latest news here

എല്‍.ഡി.സി. റാങ്ക് ലിസ്റ്റ് കാലാവധി തീരാന്‍ ഒരുമാസം മാത്രം; ആശങ്കയോടെ ഉദ്യോഗാര്‍ഥികള്‍

കോഴിക്കോട്: മൂന്നുവർഷം മുമ്പ് നിലവിൽ വന്ന ലോവർ ഡിവിഷൻ ക്ലാർക്ക് റാങ്ക് ലിസ്റ്റ് അവസാനിക്കാൻ ഇനി ഒരുമാസം മാത്രം. 2018 ഏപ്രിലിൽ നിലവിൽ വന്ന വിവിധ വകുപ്പുകളിലേക്കുള്ള റാങ്ക് ലിസ്റ്റിന്റെ കാലാവധി ഓഗസ്റ്റ് നാലിന് കഴിയും. പ്രായപരിധി കഴിയാറായ ഒട്ടേറെ ഉദ്യോഗാർഥികൾ പട്ടികയിൽനിന്ന് നിയമനം കാത്തിരിക്കുകയാണ്. കോവിഡടക്കമുള്ള കാരണങ്ങളാൽ പട്ടികയിൽനിന്ന് മതിയായ നിയമനമുണ്ടായില്ലെന്നാണ് റാങ്ക് ലിസ്റ്റിലുള്ളവരുടെ പരാതി.

ഈ പട്ടികയിൽനിന്ന് ഇതുവരെ സംസ്ഥാനമൊട്ടാകെ 9666 പേർക്കുമാത്രമാണ് നിയമനം ലഭിച്ചത്. 2015-18 കാലയളവിലെ ലിസ്റ്റിൽനിന്ന് 11,478 ഉദ്യോഗാർഥികൾക്ക് നിയമനം ലഭിച്ചിരുന്നു. മുൻകാലങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതൽ സർക്കാരുദ്യോഗസ്ഥർ വിരമിച്ച വർഷങ്ങൾകൂടിയാണ് 2018 മുതലുള്ള മൂന്നുവർഷക്കാലം. 2500 പുതിയ വിവിധ ഉയർന്ന തസ്തികകൾ സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സർക്കാർ നേരത്തേ വ്യക്തമാക്കിയത്. എന്നാൽ, ആനുപാതികമായി ഒഴിവുകൾ നികത്തപ്പെട്ടില്ല.

ഏപ്രിൽ ഒന്നിന് അവസാനിക്കേണ്ടിയിരുന്ന ലിസ്റ്റിന്റെ കാലാവധി 2021 ഓഗസ്റ്റ് നാലുവരെ ദീർഘിപ്പിച്ചിരുന്നു. എന്നാൽ, പേരിനുമാത്രമുള്ള ഒഴിവുകളാണ് ഏപ്രിൽ-മേയ് മാസങ്ങളിൽ പി.എസ്.സി.ക്ക് റിപ്പോർട്ടുചെയ്തത്. അധ്യാപക നിയമനം നീണ്ടുപോകുന്നതും എൽ.ഡി.സി. ലിസ്റ്റിന് തിരിച്ചടിയായി. രണ്ട് ലിസ്റ്റിലും ഉൾപ്പെട്ട ഉദ്യോഗാർഥികൾ പട്ടികയിലുണ്ട്. ക്ലാർക്കുമാർക്ക് അധ്യാപക നിയമനം ലഭിക്കുമ്പോഴുള്ള റിലീവിങ് ഒഴിവുകളും ഇതോടെ ഇല്ലാതായി.

എൽ.ഡി.സി. തസ്തികയിലേക്ക് പി.എസ്.സി. നടത്തുന്ന പരീക്ഷകളുടെ ആദ്യ ഘട്ടംപോലും ഇതുവരെ പൂർത്തിയായിട്ടില്ല. രണ്ടാംഘട്ട പരീക്ഷയും മൂല്യനിർണയവും പൂർത്തിയാക്കി പുതിയ റാങ്ക് ലിസ്റ്റ് എപ്പോൾ വരുമെന്നത് അനിശ്ചിതത്വത്തിലാണ്. ഈ കാലയളവിലെ ഒഴിവുകൾ നികത്താൻ ഇപ്പോഴത്തെ റാങ്ക് ലിസ്റ്റ് പുതിയ ലിസ്റ്റ് നിലവിൽ വരുന്നതുവരെയോ ആറുമാസമോ ദീർഘിപ്പിക്കണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

Content Highlights: LDCRank list expires in one month; Job aspirants under tension, Kerala PSC
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.