By
Admin
/
Jul 09, 2021 //
Editor's Pick /
ആനകളിലുമുണ്ട് ജനറേഷൻ ഗ്യാപ്പ്; പ്രായപൂർത്തിയായ കൊമ്പന്മാർക്കിഷ്ടം ഒറ്റയ്ക്ക് കഴിയാൻ
കോട്ടയം: മനുഷ്യരിൽ മാത്രമല്ല, ജനറേഷൻ ഗ്യാപ്പ്; ആനകളിലുമുണ്ട്. പ്രായം കൂടുമ്പോൾ അവർ ഗൗരവക്കാരാകും. ഇളമുറക്കാരോട് അത്ര സൗഹൃദം പ്രകടിപ്പിക്കില്ല. കൂട്ടുകൂടിയാൽ പ്രായവ്യത്യാസമനുസരിച്ച് കൂട്ടുചേരലും കൂട്ടംപിരിഞ്ഞ് ജീവിക്കലും ഏഷ്യൻ ആനകളുടെ പ്രത്യേകതയെന്ന് പഠനം. പിടിയാനകൾ ഇതിൽനിന്ന് വ്യത്യസ്തമായ സ്വഭാവമാണ് പ്രകടിപ്പിക്കുന്നത്. കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പിന്റെ സഹായത്തോടെ പ്രവർത്തിക്കുന്ന ജവഹർലാൽ നെഹ്റു സെന്റർ ഫോർ അഡ്വാൻസ്‌ഡ് സയന്റിഫിക് റിസർച്ചിലെ ഗവേഷകരാണ് പഠനം നടത്തിയത്. വംശനാശഭീഷണി നേരിടുന്ന ഏഷ്യൻ ആനകളുടെ സംരക്ഷണത്തിനും പരിപാലനത്തിനും സഹായിക്കുന്ന നിഗമനങ്ങൾ സ്വരൂപിക്കുന്നതിനായിരുന്നു ആറുവർഷം നീണ്ട പഠനം.വനത്തിന്റെ സ്വാഭാവികതയിൽ ജീവിക്കുന്ന ഏഷ്യൻ ആനകളെയാണ് പഠനവിധേയമാക്കിയത്. കർണാടകയിലെ ബന്ദിപ്പൂർ നാഷണൽ പാർക്ക്, നാഗരഹൊളെ നാഷണൽ പാർക്ക് എന്നിവിടങ്ങളിലായിരുന്നു ഇത്. പി.കീർത്തിപ്രിയ, എസ്.നന്ദിനി, ടി.എൻ.സി.വിദ്യ എന്നിവരാണ് ഗവേഷകർ. കൊമ്പന്മാരുടെ സ്വഭാവംപ്രായപൂർത്തിയായിക്കഴിഞ്ഞാൽ ഏഷ്യൻ ആനകളിലെ കൊമ്പന്മാർക്കിഷ്ടം കൂടുതൽ നേരവും ഒറ്റയ്ക്ക് കഴിയാൻ. കൂട്ടുകൂടുന്നെങ്കിൽ സമപ്രായക്കാരോടുമാത്രം. അവൻ പിറന്നുവീണ സംഘത്തിൽനിന്ന് അകന്നുപോകുമെങ്കിലും ഇടയ്ക്ക് അവർക്കൊപ്പം കൂടുകയും ചെയ്യും. തന്റെ മേധാവിത്വം ഉറപ്പിക്കാൻ സമപ്രായക്കാരായ കൊമ്പന്മാരോട് മത്സരിക്കുന്നതിലും തത്പരർ. ചെറുപ്രായത്തിൽ കൂട്ടത്തോടുചേർന്നു നിൽക്കുന്ന സ്വഭാവമാണെങ്കിലും പ്രായപൂർത്തിയാകുമ്പോൾ ഒറ്റയ്ക്ക് സഞ്ചരിക്കാനാണ് കൂടുതൽ താത്പര്യം. 15മുതൽ 30 വയസ്സുവരെയുള്ള ആനകളുമായി ചങ്ങാത്തത്തിന് മുതിർന്ന കൊമ്പന്മാർക്ക് താത്പര്യമില്ല. 15-30 പ്രായത്തിലുള്ളവയ്ക്ക് അത്രയും പ്രായമെത്താത്ത കൊമ്പന്മാരുമായി സഹവസിക്കാനും ഇഷ്ടമില്ല. എന്നാൽ, ഭക്ഷ്യവിഭവങ്ങളെക്കുറിച്ചും പ്രത്യുത്പാദന സ്വഭാവത്തെക്കുറിച്ചും പ്രായമായ കൊമ്പന്മാരിൽനിന്ന് മനസ്സിലാക്കാൻ ഇളമുറക്കാർ ശ്രദ്ധിക്കാറുണ്ടെന്നതും കൗതുകകരമാണ്. പിടിയാനകളുടെ പ്രീതിനേടാൻ ചെറുപ്പമുള്ള ആനകൾ തമ്മിൽ മത്സരമുണ്ട്. ഇത് കൂടുതലും സമപ്രായക്കാരായ ആനകൾ തമ്മിലാണ്. ആനകൾക്ക് ദീർഘമായ മദകാലം പ്രകൃതി സമ്മാനിച്ചത് വളരെദൂരം സഞ്ചരിക്കുന്നതിനും ഇണയെ തേടുന്നതിനുമാണ്. മദകാലത്താണ് കൂടുതൽ ഇണചേരലും പ്രത്യുത്പാദന ശേഷിയുമെങ്കിലും മറ്റ് കാലയളവിലും ഇതിന് തടസ്സമില്ല. എന്നാൽ, പിടിയാനകൾക്ക് നാലഞ്ചുവർഷത്തിനിടയിൽ ഏതാനും ദിവസം മാത്രമാണ് ഇണചേരൽ ചോദനയുള്ളത്. വിവിധ പ്രായത്തിലുള്ള 83 കൊമ്പനാനകളെയാണ് ആറുവർഷം നിരീക്ഷിച്ചത്. 878 ദിവസമാണ് ഫീൽഡിൽ വിവരശേഖരണം നടത്തിയത്. 853 ദിവസം ആനകളെക്കണ്ടു. മുതിർന്ന കൊമ്പന്മാരെ നിരീക്ഷിച്ചത് 718 ദിവസം. കൂട്ടംപിരിയൽ പ്രകൃതിയൊരുക്കിയത്ബന്ധുത്വമുള്ള ആനകളുമായി ഇണചേരലും പ്രത്യുത്പാദനവും ഒഴിവാക്കുന്നതിന് പ്രകൃത്യാ ലഭിച്ച സ്വഭാവമാണ് പ്രായപൂർത്തിയായ കൊമ്പന്മാരുടെ കൂട്ടംപിരിയൽ. കൂട്ടത്തിൽനിന്ന് വിട്ടുപോയാലും ഇടയ്ക്ക് അതേ സംഘത്തിലേക്ക് താത്‌കാലികമായി കൊമ്പന്മാർ മടങ്ങിയെത്താറുണ്ട്.-ഡോ. പി.എസ്.ഈസ (വനഗവേഷണ കേന്ദ്രം മുൻ ഡയറക്ടർ ഇൻ-ചാർജ്).
Related News
Comments