News

Get the latest news here

സിറോ പ്രിവലന്‍സ് ഫലം സൂചിപ്പിക്കുന്നത് കേരളം ശരിയായ ദിശയിലെന്ന് - മുഖ്യമന്ത്രി

തിരുവനന്തപുരം: ഐ.സി.എം.ആർ2021 ജൂൺ മാസം അവസാനവും ജൂലായ് ആദ്യവുമായി നടത്തിയ നാലാമത് സിറോ പ്രിവലൻസ് പഠനത്തിന്റെ ഫലം പ്രസിദ്ധീകരിച്ചു. കേരളത്തിൽ തൃശൂർ, പാലക്കാട്, എറണാകുളം ജില്ലകളിലാണ് പഠനം നടത്തിയത്. 42.7 ശതമാനമാണ് ഈ ജില്ലകളിൽ നിന്നുള്ള ഫലമനുസരിച്ച് സംസ്ഥാനത്തെ സിറോ പോസിറ്റിവിറ്റി. സംസ്ഥാനത്ത് ഏതാണ്ട് 50 ശതമാനം പേർക്ക് രോഗം ഇതുവരെ ബാധിച്ചിരുന്നില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കേരളത്തിന്റെ കോവിഡ് നിയന്ത്രണത്തിന്റെ വിജയത്തെയാണിത് കാണിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല രാജ്യത്ത് 28 ൽ ഒരാൾക്ക് രോഗം കണ്ടെത്താൻ കഴിഞ്ഞു എന്നാണ് കണക്കെങ്കിൽ, കേരളത്തിൽ അഞ്ചിൽ ഒരാളിൽ രോഗം കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. കേരളത്തിലെ ടെസ്റ്റിംഗ് രീതി ശരിയായ ദിശയിലാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

രോഗം ബാധിച്ചവരിൽ ഏറെപ്പേരെയും കണ്ടെത്താൻ കഴിഞ്ഞതിനാൽ എല്ലാവർക്കും ഉചിതമായ ചികിത്സ നൽകാനും രണ്ടാം തരംഗത്തിലും കോവിഡ് ആശുപത്രികളിലും ഐ.സി.യുകളിലുമായി അഡ്മിറ്റ് ചെയ്യുന്നവരുടെ എണ്ണം 25,000 ആയി പരിമിതപ്പെടുത്താനും കഴിഞ്ഞതായി മുഖ്യമന്ത്രി പറഞ്ഞു. ഒരു ഘട്ടത്തിലും ചികിത്സാ സൗകര്യങ്ങൾക്കുപരിയായി രോഗികളുടെ എണ്ണം വർധിച്ചിട്ടില്ല. സ്വാഭാവികമായും മരണനിരക്കും കേരളത്തിൽ കുറവാണ്.

ഒന്നാംഘട്ട രോഗവ്യാപന കാലത്തെ നമ്മുടെ പ്രതിരോധ നടപടികളുടെ ഫലമായാണ് വലിയൊരു വിഭാഗം ജനങ്ങൾക്ക് രോഗം ബാധിക്കാതിരുന്നത്. അങ്ങനെയുള്ളവർ രോഗം ബാധിക്കാൻ സാധ്യതയുള്ളവരായിരുന്നത് കൊണ്ടും വ്യാപനസാധ്യത കൂടുതലുള്ള ഡെൽറ്റവൈറസ് വകഭേദം വ്യാപകമായി വ്യാപിച്ചത് കൊണ്ടുമാണ് രണ്ടാം തരംഗത്തിൽ ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് വർധിച്ച് നിൽക്കുന്നത്. - മുഖ്യമന്ത്രി പറഞ്ഞു

ഇതിനോടകം തന്നെ 18 വയസ്സിന് മുകളിലുള്ള 50% ശതമാനത്തിന് ഒരു ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്. മറ്റുള്ളവർക്ക് കൂടി അതിവേഗം വാക്സിനേഷൻ നടത്താൻ കഴിഞ്ഞാൽ അധികം വൈകാതെ 70% പേർക്ക് രോഗപ്രതിരോധം ലഭ്യമാക്കി സാമൂഹ്യ പ്രതിരോധശേഷി കൈവരിച്ച് നമുക്ക് കോവിഡിനെ നിയന്ത്രണ വിധേയമാക്കാൻ കഴിയുമെന്ന പ്രതീക്ഷയും മുഖ്യമന്ത്രി പങ്കുവെച്ചു.

മുൻകൂട്ടി നിശ്ചയിച്ച സാമ്പിളിങ് പ്രകാരം തെരഞ്ഞെടുക്കപ്പെട്ടവരുടെ രക്തത്തിലുള്ള ആന്റിബോഡി സാന്നിധ്യം നിർണ്ണയിക്കുകയാണ് സിറോ പ്രിവലൻസ് സർവേയിലൂടെ നടത്തുന്നത്. രോഗം വന്ന് ഭേദമായവരിലും വാക്സിൻ സ്വീകരിച്ചവരിലും കോവിഡ് വൈറസിനെതിരായ ആന്റിബോഡികളുണ്ടാവും. സിറോ പ്രിവലൻസ് പഠനത്തിലൂടെ സമൂഹത്തിൽ എത്രശതമാനം പേർക്ക് രോഗ പ്രതിരോധശേഷി ആർജ്ജിക്കാൻ കഴിഞ്ഞെന്ന് കണ്ടെത്താൻ കഴിയും. സിറോ പോസിറ്റിവിറ്റിയും ഇതികം റിപ്പോർട്ട് ചെയ്യപ്പെട്ട ടെസ്റ്റ് പോസിറ്റിവിറ്റിയും താരതമ്യം ചെയ്ത് ഇപ്പോൾ പിന്തുടർന്ന് വരുന്ന ടെസ്റ്റിഗ് രീതിയുടെയും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെയും കാര്യക്ഷമത വിലയിരുത്താനും ഇതിലൂടെ സാധിക്കും.

21 സംസ്ഥാനങ്ങളിൽ നിന്നുള്ള 70 ജില്ലകളിലായി 100 ആരോഗ്യപ്രവർത്തകരടക്കം ശരാശരി 400 പേർ ഓരോ ജില്ലയിൽ നിന്നും എന്ന ക്രമത്തിൽ ആറുവയസ്സിനു മുകളിലുള്ള 28,975 പേരിലാണ് ടെസ്റ്റ് നടത്തിയത്. ടെസ്റ്റിംഗ് ഫലമനുസരിച്ച് രാജ്യത്ത് 67.6 ശതമാനം സിറോ പോസിറ്റിവിറ്റിയാണ് കണ്ടത്. അതായത് രാജ്യത്ത് മൂന്നിൽ രണ്ട് പേർക്ക് രോഗം വന്നു പോയതിനാലോ വാക്സിൻ വഴിയോ രോഗ പ്രതിരോധം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ഇതിനു മുൻപ് പ്രസിദ്ധീകരിച്ച സിറോ പ്രിവലൻസ് സർവേ പ്രകാരം കേരളത്തിൽ 11.6 ശതമാനം പേർക്കായിരുന്നു രോഗം വന്നു ഭേദമായത്. ആ ഘട്ടത്തിൻ ദേശീയ ശരാശരി 21 ശതമാനമായിരുന്നു.

Content Highlights: kerala is on the right track in handling covid says cm quoting seroprevalance
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.