News

Get the latest news here

കോവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം; മാര്‍ഗനിര്‍ദേശങ്ങള്‍ ആലോചനയിലെന്ന് കേന്ദ്രം

ന്യൂഡൽഹി: കോവിഡ് കോവിഡ് ബാധിച്ച്മരിച്ചവരുടെ ബന്ധുക്കൾക്ക് നഷ്ടപരിഹാരം നൽകുന്നതിനു മാർഗനിർദേശങ്ങൾ തയ്യാറാക്കുന്നത് ആലോചനയിലാണെന്ന് കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവിൺ പവാർ. കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ മാർഗനിർദേശങ്ങൾ തയ്യാറാക്കാനുള്ള സുപ്രീം കോടതി നിർദേശം സർക്കാർ പാലിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ലോക്സഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി.

രാജ്യത്തെ കോവിഡ്-19-ന്റെ വ്യാപനവും, രോഗം മഹാമാരിയാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനവും കണക്കിലെടുത്ത് സംസ്ഥാന ദുരന്തപ്രതികരണ ഫണ്ടിൽ(എസ്.ഡി.ആർ.എഫ്.)നിന്ന് സഹായം നൽകുന്നതിനു ഇതൊരു ദുരന്തമായി കേന്ദ്രസർക്കാർ പരിഗണിക്കുകയാണെന്നും അവർ വ്യക്തമാക്കി.

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങൾക്കെല്ലാം നഷ്ടപരിഹാരം നൽകിയാൽ വൻബാധ്യതയാവുമെന്നു പറഞ്ഞ് സർക്കാരിന് ഒഴിയാനാവില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ഇത് സംബന്ധിച്ച് മാർഗനിർദേശങ്ങൾ തയ്യാറാക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.

സർക്കാരിന്റെ വിഭവസ്രോതസ്സുകൾക്ക് പരിധിയുണ്ടെന്നും കോവിഡ് തുടരുന്ന ദുരന്തമായതിനാൽ നാലുലക്ഷം രൂപ നഷ്ടപരിഹാരം നൽകാനാവില്ലെന്നും കേന്ദ്രസർക്കാർ ജൂലായ് 21-ന് സുപ്രീം കോടതിയിൽ അറിയിച്ചിരുന്നു. നാലുലക്ഷത്തോളം പേർ മരിച്ചതായും ചൂണ്ടിക്കാട്ടിയിരുന്നു.

2005-ലെ ദുരന്തനിവാരണ നിയമത്തിലെ ചട്ടം 12 പ്രകാരം ദേശീയ ദുരന്തത്തിനിരയാവുന്നവർക്ക് കുറഞ്ഞ ആശ്വാസം വ്യവസ്ഥ ചെയ്യുന്നുണ്ട്. 12(iii) പ്രകാരം ഇതിൽ ആശ്രിതർക്കുള്ള നഷ്ടപരിഹാരവും ഉൾപ്പെടുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ചട്ടം 12 നിർബന്ധിത വ്യവസ്ഥ അല്ലെന്ന സോളിസിറ്റർ ജനറൽ തുഷാർമേത്തയുടെ വാദവും കോടതി തള്ളിയിരുന്നു.

സർക്കാരിന് അവരുടേതായ മുൻഗണനാക്രമങ്ങളും വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും മുന്നിലുണ്ട്. കോവിഡ് മഹാമാരി സാമ്പത്തികമേഖലയിലുണ്ടാക്കിയ ആഘാതവും പരിഗണിക്കണം. ആശ്രിതർക്കുള്ള നഷ്ടപരിഹാരം സർക്കാരിന് ബാധ്യതയുണ്ടാക്കുമെന്നത് വസ്തുതയാണ്. ഒരു രാജ്യത്തിനും അനന്തമായ വിഭവങ്ങളില്ല. സാഹചര്യങ്ങളും വസ്തുതകളും പരിശോധിച്ചേ അതിന്റെ വിതരണം സാധ്യമാവൂ. അതിനാൽ തുക എത്രയെന്നു സർക്കാരിനോട് നിർദേശിക്കുന്നത് ഉചിതമല്ല. അതും മുൻഗണനകളും സർക്കാർ നിശ്ചയിക്കണം -എന്നാണ് വിധി വായിച്ച് ജസ്റ്റിസ് എം.ആർ. ഷാ പറഞ്ഞത്.

2020 ജനുവരി മുതൽ 2021 ജൂലായ് 22 വരെ രാജ്യത്തെ സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി 4,18,987 കോവിഡ് മരണങ്ങൾ റിപ്പോർട്ടുചെയ്തിട്ടുണ്ട്. മരണനിരക്ക് കൃത്യമായി രേഖപ്പെടുത്താൻ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും കർശനനിർദേശം നൽകിയിട്ടുണ്ട്.

Content Highlights: Framing guidelines for compensation to COVID victims under consultation
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.