News

Get the latest news here

അസം-മിസോറം അതിര്‍ത്തിയില്‍ സംഘര്‍ഷം; ആറ് അസം പോലീസുകാര്‍ കൊല്ലപ്പെട്ടു

ന്യൂഡൽഹി: അസം-മിസോറം അതിർത്തിയിലുണ്ടായ സംഘർഷത്തിൽ ആറ് അസം പോലീസുകാർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഏറ്റുമുട്ടലിൽ 50ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇരു സംസ്ഥാനങ്ങൾക്കുമിടയിലുള്ള അതിർത്തി പ്രശ്നം സംഘർഷത്തിലേക്ക് നീങ്ങിയാണ് ഏറ്റുമുട്ടൽ ഉണ്ടായത്. സംഘർഷത്തിനിടയിൽ വെടിവെപ്പുണ്ടായതായും റിപ്പോർട്ടുണ്ട്.

അസമിലെ ചാച്ചാർ ജില്ലയും മിസോറമിലെ കോലാസിബ് ജില്ലയും അതിർത്തിപങ്കുവെക്കുന്ന പ്രദേശത്താണ് സംഘർഷമുണ്ടായത്. ആൾക്കൂട്ടം സർക്കാർ വാഹനങ്ങൾ അഗ്നിക്കിരയാക്കുകയും പോലീസിന് നേരെ കല്ലെറിയുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. പരിക്കേറ്റവരിൽ ചാച്ചാർ പോലീസ് സൂപ്രണ്ടും ഉൾപ്പെടുന്നു.

സംഘർഷത്തിൽ ആറ് പോലീസുകാർ കൊല്ലപ്പെട്ടതായി അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയാണ് ട്വിറ്ററിൽ അറിയിച്ചത്. പോലീസിനു നേരെ മിസോറമിൽനിന്നുള്ള അക്രമികൾ വെടിവെക്കുകയായിരുന്നെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിർത്തിയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെടണമെന്നും പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും നേരത്തെ ഇരു സംസ്ഥാനങ്ങളുടെയും മുഖ്യമന്ത്രിമാർ ആവശ്യപ്പെട്ടിരുന്നു. പ്രശ്നം അടിയന്തരമായി പരിഹരിക്കാൻ ഇടപെടൽ വേണമെന്ന് അമിത് ഷായെ ടാഗ് ചെയത് മിസോറം മുഖ്യമന്ത്രി സോറംതംഗ ട്വീറ്റ് ചെയ്തിരുന്നു.

ജനങ്ങൾ അക്രമം തുടരുമ്പോഴും ഞങ്ങൾ സ്ഥാപിച്ച പോലീസ് പോസ്റ്റുകൾ എടുത്തുമാറ്റാനാണ് കോലാസിബ് എസ്പി ആവശ്യപ്പെടുന്നതെന്ന് അസം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശർമയും ട്വീറ്റിൽ ആരോപിച്ചു.

മുഖ്യമന്ത്രിമാരുടെ ആവശ്യത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇരു മുഖ്യമന്ത്രിമാരുമായും ബന്ധപ്പെടുകയും അതിർത്തിയിലെ പ്രശ്നം പരിഹരിക്കുന്നതിന് അടിയന്തിര ഇടപെടൽ നടത്താൻ അദ്ദേഹം മുഖ്യമന്ത്രിമാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സംഘർഷം രൂക്ഷമായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നത്.

Content Highlights:Assam cops killed in border violence with Mizoram
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.