News

Get the latest news here

കോവിഡ് വാക്സിന് കടുത്തക്ഷാമം;പല ജില്ലയിലും വിതരണം സ്വകാര്യ ആശുപത്രികൾവഴിമാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പ്രതിരോധമരുന്നിന് കടുത്തക്ഷാമം. മരുന്ന് ഇല്ലാത്തതിനാൽ സർക്കാർ കേന്ദ്രങ്ങൾ വഴിയുള്ള വിതരണം തിങ്കളാഴ്ച മുതൽ ഭാഗികമായി.

വാക്സിൻ സ്റ്റോക്ക് ഏകദേശം അവസാനിച്ചതു പോലെയാണെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ചൊവ്വാഴ്ച വിതരണം ചെയ്യാനുള്ളത് വളരെ ചെറിയ എണ്ണം ഡോസ് മാത്രമാണ്. വാക്സിൻ ലഭ്യമാക്കാൻ കേന്ദ്ര സർക്കാരിനോട് നിരന്തരം അഭ്യർഥിച്ചുവരുകയാണെന്നും അവർ വ്യക്തമാക്കി.

സ്വകാര്യ ആശുപത്രികൾ വഴിയുള്ള വിതരണം കാര്യമായി നടക്കുന്നുണ്ട്. പല ജില്ലയിലും കോവിൻ പോർട്ടൽ വഴി സ്വകാര്യ ആശുപത്രികളിലേക്ക് മാത്രമാണ് സ്ലോട്ട് ബുക്ക് ചെയ്യാനാവുന്നത്.

ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിലെ സർക്കാർ വിതരണ കേന്ദ്രങ്ങളിൽ വാക്സിൻ വിതരണം മുടങ്ങും. എറണാകുളത്തും പത്തനം തിട്ടയിലും കോവാക്സിൻ മാത്രമാണുള്ളത്. അശാസ്ത്രീയമായി സ്പോട്ട് ബുക്കിങ് ഏർപ്പെടുത്തിയതും വാക്സിൻ വീതംവെപ്പും പരിഹരിക്കാനായിട്ടുമില്ല.

ലക്ഷ്യം നേടി വയനാട്, കാസർകോട് ജില്ലകൾ

: വയനാട്, കാസർകോട് ജില്ലകളിൽ 45 വയസ്സിന് മുകളിൽ ലക്ഷ്യംവെച്ച എല്ലാവർക്കും ആദ്യ ഡോസ് വാക്സിൻ നൽകിയതായി മന്ത്രി വീണാ ജോർജ്. വയനാട്ടിൽ 2,72,333 പേർക്കും കാസർകോട്ട് 3,50,648 പേർക്കും വാക്സിൻ നൽകാനാണ് ലക്ഷ്യമിട്ടിരുന്നത്. ഈ ജില്ലകളിൽ 45-ന് മുകളിലുള്ളവർ വാക്സിനെടുക്കാനുണ്ടെങ്കിൽ തൊട്ടടുത്ത ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെടണമെന്നും മന്ത്രി നിർദേശിച്ചു.

വയനാട്ടിലെ ആദിവാസി ഊരുകൾ കേന്ദ്രീകരിച്ച് മൊബൈൽ ടീമുകളുടെ സഹായത്തോടെയാണ് വാക്സിൻ നൽകിയത്. വിമുഖത കാണിച്ച പലർക്കും അവബോധം നൽകി. വയനാട് ജില്ലയിൽ 45-നു മുകളിലുള്ള 56 ശതമാനം പേർക്ക് (1,52,273) രണ്ടാം ഡോസും നൽകിയിട്ടുണ്ട്. എൻഡോസൾഫാൻ മേഖല ഉൾപ്പെടുന്ന കാസർകോട്ട് 45-നു മുകളിലുള്ള 54 ശതമാനം പേർക്ക് (1,88,795) രണ്ടാംഡോസ് നൽകി. 18-ന് മുകളിലുള്ള 53 ശതമാനം പേർക്ക് (5,20,271) ആദ്യ ഡോസും 23 ശതമാനം പേർക്ക് (2,30,006) രണ്ടാംഡോസും നൽകിയതായും മന്ത്രി പറഞ്ഞു.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.