News

Get the latest news here

ലിംഗായത്ത് പിന്തുണയില്‍ പ്രതീക്ഷ; യെദ്യൂരപ്പയുടെ പടിയിറക്കത്തിൽ കരുതലോടെ കോൺഗ്രസ്

ബെംഗളൂരു: ബി.എസ്. യെദ്യൂരപ്പയുടെ പടിയിറക്കത്തിൽ കോൺഗ്രസിന് പ്രതീക്ഷയേറെയാണ്. ബി.ജെ.പി.യെ പരമ്പരാഗതമായി പിന്തുണയ്ക്കുന്ന പ്രബല ലിംഗായത്ത് സമുദായത്തിന്റെ നേതാവാണ് സ്ഥാനമൊഴിയുന്നത്. ഇതിലൂടെ നഷ്ടപ്പെട്ട ലിംഗായത്ത് പിന്തുണ തിരിച്ചുപിടിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. സാമുദായിക രാഷ്ട്രീയത്തിന്റെ കൂത്തരങ്ങായ കർണാടകത്തിൽ കോൺഗ്രസിന്റെ നീക്കം കരുതലോടെയാവും.

യെദ്യൂരപ്പയെ മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് മാറ്റരുതെന്ന് ലിംഗായത്ത് മഠാധിപതികൾ ആവശ്യപ്പെട്ടിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് യെദ്യൂരപ്പയുടെ പടിയിറക്കം. ഇതിനോട് ലിംഗായത്ത് വിഭാഗം ഏതുരീതിയിൽ പ്രതികരിക്കുമെന്നാണ് കോൺഗ്രസ് ഉറ്റുനോക്കുന്നത്.

പുതിയ മുഖ്യമന്ത്രി ലിംഗായത്തിന് പുറത്തുനിന്നാണെങ്കിൽ കോൺഗ്രസിന് സഹായകരമാകും. യെദ്യൂരപ്പയുടെ പകരക്കാരനെ ലിംഗായത്ത് വിഭാഗം അംഗീകരിക്കുമോയെന്നതും ശ്രദ്ധേയമാണ്. പാർട്ടിയിലെ ലിംഗായത്ത് നേതാക്കളെ രംഗത്തിറക്കാനാണ് നേതൃത്വത്തിന്റെ തീരുമാനം. പ്രമുഖ നേതാക്കളായ എം.ബി. പാട്ടീലും ഷാമന്നൂർ ശിവശങ്കരപ്പയും ലിംഗായത്ത് നേതാക്കളാണ്. യെദ്യൂരപ്പയെ മാറ്റുന്നതിൽ പരസ്യമായി എതിർത്തവരാണിവർ. ബി.ജെ.പി.യിലെ ലിംഗായത്ത് എം.എൽ.എ.മാരെ കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ ക്ഷണിച്ചതും ശ്രദ്ധേയമാണ്.

മറ്റു സമുദായങ്ങളെ പിണക്കാതെയായിരിക്കും കോൺഗ്രസിന്റെ നീക്കങ്ങൾ. പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ. ശിവകുമാർ വൊക്കലിഗസമുദായവും പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ കുറുമ്പ സമുദായവുമാണ്. ലിംഗായത്തിന്റെ പിന്തുണകൂടി തിരിച്ചുപിടിക്കാൻ കഴിഞ്ഞാൽ കോൺഗ്രസിന് എളുപ്പത്തിൽ അധികാരം പിടിക്കാൻ കഴിയും.

നിലവിൽ ദളിത് പിന്നാക്കക്കൂട്ടായ്മയുടെ പിന്തുണ കോൺഗ്രസിനാണ്. ഇതോടൊപ്പം ലിംഗായത്തിന്റെ പിന്തുണകൂടി ലഭിച്ചാൽ കോൺഗ്രസിന്റെ അടിത്തറ ശക്തമാകും. ശിവകുമാർ കോൺഗ്രസ് അധ്യക്ഷനായതിനുശേഷം വൊക്കലിഗ വിഭാഗത്തിന്റെ പിന്തുണ നേടാൻ കോൺഗ്രസിന് ഒരുപരിധിവരെ കഴിഞ്ഞിട്ടുണ്ട്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.