News

Get the latest news here

റോഡുവികസനത്തിന് ആവശ്യമെങ്കിൽ ആരാധനാകേന്ദ്രങ്ങൾ മാറ്റിനൽകണം -മാർ ആലഞ്ചേരി



കൊച്ചി: ഗതാഗത ആവശ്യങ്ങൾക്കായി കുരിശടികളോ കപ്പേളകളോ ചെറിയ ആരാധനാലയങ്ങളോ മാറ്റിസ്ഥാപിക്കേണ്ടി വന്നാൽ എല്ലാ ക്രൈസ്തവ വിഭാഗങ്ങളും അതിനു തയ്യാറാകണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. നാടിന്റെ സമകാലിക ആവശ്യങ്ങളിൽ ഉദാരതയോടെ സഹകരിക്കണമെന്നും കെ.സി.ബി.സി. പ്രസിഡന്റും സിറോ മലബാർസഭ മേജർ ആർച്ച്ബിഷപ്പുമായ കർദിനാൾ നിർദേശിച്ചു. ദേശീയപാതാ വികസനത്തിനു ഭൂമിയേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട ഹൈക്കോടതിവിധിയോട് പ്രതികരിക്കുകയായിരുന്നു കേരള ഇന്റർ ചർച്ച് കൗൺസിൽ ചെയർമാൻകൂടിയായ കർദിനാൾ.ചരിത്രപ്രാധാന്യമുള്ളവയും കൂടുതൽ വിശ്വാസികൾ പ്രയോജനപ്പെടുത്തുന്നതുമായ ആരാധനാലയങ്ങളുടെ നിലനിൽപ്പിനെ ബാധിക്കാത്തവിധം വിവേകത്തോടെ വികസനപദ്ധതികൾ ആസൂത്രണം ചെയ്യാൻ സർക്കാർ ശ്രദ്ധിക്കേണ്ടതുണ്ടെന്നും അദ്ദേഹം ഓർമിപ്പിച്ചു.ദേശീയപാത 66-ന്റെ വികസനത്തിനായി ക്ഷേത്രമിരിക്കുന്ന സ്ഥലം വിട്ടുകൊടുത്ത കൊവ്വൽ അഴിവാതുക്കൽ ക്ഷേത്രഭാരവാഹികളെ കർദിനാൾ അനുമോദിച്ചു. സമാന സാഹചര്യങ്ങളിൽ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കാൻ എല്ലാവരും പ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.