News

Get the latest news here

മാനസയെ വിട്ടുപിരിയാന്‍ ആവില്ല, പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞു; സുഹൃത്തിന്റെ വെളിപ്പെടുത്തല്‍

കൊച്ചി: മാനസയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് പറഞ്ഞാണ് രഖിൽ മുറിയെടുക്കാൻ സഹായം ചോദിച്ചതെന്ന് സുഹൃത്തിന്റെ വെളിപ്പെടുത്തൽ. രഖിലിന് കോതമംഗലം നെല്ലിക്കുഴിയിൽ വാടകയ്ക്ക് മുറിയെടുത്ത് നൽകിയ സുഹൃത്ത് ഹൻസീബാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മാനസയുമായി ഏറെ നാളായി ബന്ധമുണ്ടെന്നും വിട്ടുപിരിയാൻ പറ്റില്ലെന്നും പറഞ്ഞിരുന്നു. തങ്ങൾക്കിടയിൽ ചില പ്രശ്നങ്ങളുണ്ടെന്നും പറഞ്ഞു. നേരിട്ടു കണ്ട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളാണെന്നാണ് പറഞ്ഞത്. ഇതിനു വേണ്ടിയാണ് ഒരു സുഹൃത്തെന്ന നിലയിൽ തന്നോട് സഹായം ചോദിച്ചത്. ഇന്ദിര ഗാന്ധി കോളേജിനടുത്ത് മുറി വേണമെന്നായിരുന്നു ആവശ്യം. മുറിയെടുത്ത ശേഷവും രഖിൽ തന്നോട് സംസാരിച്ചിരുന്നതായും ഹൻസീബ് പറഞ്ഞു.

രഖിലിന് എങ്ങനെയാണ് തോക്ക് കിട്ടിയതെന്ന് കണ്ടെത്താൻ പോലീസിന്റെ അന്വേഷണം തുടരുകയാണ്. ബാലിസ്റ്റിക് വിദഗ്ധരും ഫൊറൻസിക് സംഘവും സംഭവസ്ഥലത്തി വിദഗ്ധ പരിശോധന നടത്തി. തോക്കിന്റെ ഉറവിടം കണ്ടെത്താനായി രഖിലിന്റെ സ്വദേശമായ കണ്ണൂരിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോതമംഗലത്തുനിന്നുള്ള പോലീസ് സംഘം ശനിയാഴ്ച രാവിലെ തന്നെ കണ്ണൂരിലെത്തിയിരുന്നു. ഇവർ മേലൂരിലെ രഖിലിന്റെ വീട്ടിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തി.

അതിനിടെ, മാനസയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. വൈകാതെ രഖിലിന്റെ മൃതദേഹവും പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരിയിൽ എത്തിക്കും. പോസ്റ്റ്മോർട്ടം പൂർത്തിയായ ശേഷംമൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

Content Highlights:manasa murder case rakhils friend reveals more details




Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.