News

Get the latest news here

'സ്വരാജിനെ സ്വന്തം പാര്‍ട്ടിക്കാരും സിപിഐയും പാലംവലിച്ചു': സിപിഎമ്മില്‍ നടപടി, നേതൃത്വത്തിന് പരാതി

തൃപ്പൂണിത്തുറ:തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽപാർട്ടി സ്ഥാനാർഥി എം.സ്വരാജിനായി സിപിഐ വേണ്ടത്ര പ്രവർത്തിച്ചില്ലെന്നപരാതി ഉന്നയിച്ച് സിപിഎം ജില്ലാ നേതൃത്വം. തൃപ്പൂണിത്തുറയിലെ തോൽവി അന്വേഷിച്ച പാർട്ടി കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സിപിഐക്കെതിരെ പരാതി ഉന്നയിച്ചത്. ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളിൽ സിപിഐയുടെ വോട്ടുകൾ ലഭിച്ചില്ലെന്നാണ് പരാതി.

കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങൾ നടന്നു. ഇതിൽ അന്വേഷണ റിപ്പോർട്ടുകളും വച്ചു. ആക്ടിങ് സംസ്ഥാനസെക്രട്ടറി എ വിജയരാഘവൻ ഈ യോഗത്തിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തോട് തന്നെ സിപിഐ വോട്ടുകൾ സ്വരാജിന് ലഭിച്ചില്ലെന്ന പരാതി നേരിട്ട് ഉന്നയിച്ചു. ഉദയംപേരൂരിൽ സിപിഐയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല. സിപിഎമ്മിന് വലിയ സ്വാധീനമുള്ള പഞ്ചായത്താണ് ഉദയംപേരൂർ. ഒരുവട്ടം ഒഴിച്ചാൽ പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. ഇവിടെ സിപിഎമ്മിനുള്ളിൽ വലിയ വിഭാഗീയത ഉണ്ടായിരുന്നു. അത് കയ്യാങ്കളിയിലേക്ക് അടക്കം പോയി. അതിനൊടുവിൽ അന്നത്തെ ലോക്കൽ കമ്മിറ്റി സെക്രട്ടറി രഘുവരൻ ഉൾപ്പടെയുള്ളവർ സിപിഐയിലേക്ക് പോകുകയാണ് ഉണ്ടായത്.

കുറേക്കാലമായി പിന്നെ പ്രശ്നങ്ങളില്ലായിരുന്നു. പാർട്ടി വിട്ടുപോയവർഈ പ്രാവശ്യം നിസ്സഹകരിച്ചു. തോൽവിക്ക് കാരണമായ വീഴ്ചയുടെ പേരിൽ ജില്ലാ കമ്മിറ്റി അംഗം സി.എൻ സുന്ദരനെ പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിൽ നിന്നും ഇന്നലെ നീക്കി. സ്ഥാനാർഥിയായിരുന്ന എം. സ്വരാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുന്ദരനെതിരേ നടപടിയുണ്ടായത്. പാർട്ടിയുടെ ശക്തികേന്ദ്രമായ എരൂരിൽ പോലും വോട്ട് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്നായിരുന്നു പരാതി. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും പാർട്ടിക്കുള്ളിൽ നിന്നുതന്നെയായിരുന്നു പരാതികൾ വന്നത്. മുതിർന്ന നേതാക്കളായ ഗോപി കോട്ടമുറിക്കലും കെ.ജെ. ജേക്കബ്ബുമായിരുന്നു അന്വേഷണ കമ്മിഷൻ. തുടർഭരണം കിട്ടിയപ്പോഴും സ്വരാജിന്റെ തോൽവി സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.

സി.പി.എം. നേതാക്കൾക്ക് താക്കീത്, തരംതാഴ്ത്തൽ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളിൽ സി.പി.എം. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നേതാക്കൾക്കെതിരേ കടുത്ത നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. മണിശങ്കറിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എൻ.സി. മോഹനനെ താക്കീത് ചെയ്യാനും ജില്ലാ നേതൃയോഗങ്ങളിൽ തീരുമാനമായി. നേതാക്കൾ കുറ്റക്കാരാണെന്ന് വിലയിരുത്തിയതിനെ തുടർന്ന് കഴിഞ്ഞ ജില്ല നേതൃയോഗങ്ങളിൽ ഇവരോട് വിശദീകരണം ചോദിക്കാൻ തീരുമാനിച്ചിരുന്നു. അവർ നൽകിയ വിശദീകരണം ചർച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പിറവം മണ്ഡലത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്ബിനെ സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയിൽനിന്നും നീക്കി. തൃക്കാക്കരയിലെ പരാതികളുടെ അടിസ്ഥാനത്തിൽ കെ.ഡി. വിൻസെന്റിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനങ്ങളിൽനിന്നും നീക്കി. പിറവം മണ്ഡലത്തിലെ പരാതിയുടെ അടിസ്ഥാനത്തിൽ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിലെ സെക്രട്ടറി അരുൺ സത്യകുമാറിനെ ചുമതലയിൽനിന്ന് നീക്കി. ചെള്ളാക്കാപ്പടി ബ്രാഞ്ച് സെക്രട്ടറി അരുൺ വി.മോഹനനെ ശാസിക്കും. അതേസമയം തൃപ്പൂണിത്തുറയിൽ ഏരിയാ സെക്രട്ടറി പി.വാസുദേവൻ നടപടികളിൽനിന്ന് ഒഴിവാക്കപ്പെട്ടു. പെരുമ്പാവൂരിൽ കുറ്റാരോപിതരായിരുന്ന ഏരിയാ സെന്ററിലെ ആറുപേരിൽ ഒരാളെ ശാസിക്കും. സി.ബി.എം. ജബ്ബാറിനാണ് ശാസന.

തൃക്കാക്കര മണ്ഡലത്തിൽ പാർട്ടി സംവിധാനം ബോധപൂർവം ചലിപ്പിച്ചില്ലെന്ന പരാതിയിലുള്ള അന്വേഷണമാണ് സി.കെ. മണിശങ്കറിന്റെ നടപടിയിലേക്ക് എത്തിയത്. തൃക്കാക്കര മണ്ഡലം സെക്രട്ടറിയായിരുന്നു മണിശങ്കർ. ഏരിയാ സെക്രട്ടറി എന്ന നിലയിൽ ഉയർന്നു പ്രവർത്തിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കെ.ഡി. വിൻസെന്റിനെതിരേ കടുത്ത നടപടി വന്നത്.

പാർട്ടിയുടെ ശക്തികേന്ദ്രമായ എരൂരിൽ പോലും വോട്ട് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്നായിരുന്നു പരാതി. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും പാർട്ടിക്കുള്ളിൽ നിന്നുതന്നെയായിരുന്നു പരാതികൾ വന്നത്. മുതിർന്ന നേതാക്കളായ ഗോപി കോട്ടമുറിക്കലും കെ.ജെ. ജേക്കബ്ബുമായിരുന്നു അന്വേഷണ കമ്മിഷൻ.

പിറവത്തും പെരുമ്പാവൂരും കേരള കോൺഗ്രസ് സ്ഥാനാർത്ഥികളുടെ പരാതികൾ പരിശോധിക്കാൻ സി.എം. ദിനേശ് മണി, പി.എം. ഇസ്മയിൽ എന്നിവരായിരുന്നു കമ്മിഷൻ. പിറവത്ത് സ്ഥാനാർത്ഥി നിർണയം മുതൽ സംഘടനാവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന കുറ്റത്തിനാണ് കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്ബിനെതിരേ കർശന നടപടിയുണ്ടായത്. സ്ഥാനാർത്ഥി നിർണയത്തിനെതിരേ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടു. സ്ഥാനാർഥി വന്നശേഷം വേണ്ട രീതിയിൽ പ്രവർത്തിച്ചില്ല തുടങ്ങിയ നിരവധി ആരോപണങ്ങൾ ഷാജുവിനെതിരേ പാർട്ടിക്കു മുന്നിൽ ഉണ്ടായിരുന്നു. ഷാജുവിന് ഒപ്പം നിന്നതിനാണ് ഓഫീസ് സെക്രട്ടറി അരുൺ സത്യകുമാറിനെ മാറ്റിയത്.

പെരുമ്പാവൂരിൽ സ്ഥാനാർഥിയിൽനിന്ന് തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് പണം വാങ്ങിയെന്ന ആരോപണമായിരുന്നു പ്രധാനമായി ഉണ്ടായിരുന്നത്. അവിടെ പാർട്ടി സംവിധാനം വേണ്ട രീതിയിൽ പ്രവർത്തിക്കാതിരുന്നതിനും വേണ്ട ജാഗ്രത പുലർത്താത്തതിലുമാണ് എൻ.സി. മോഹനനെ താക്കീത് ചെയ്യാൻ തീരുമാനിച്ചത്. സ്ഥാനാർഥിയിൽ നിന്ന് പണം സ്വീകരിച്ചെങ്കിലും അത് വിനിയോഗിച്ചതിന്റെ കണക്കുകൾ ബോധിപ്പിക്കുകയും അറിയാതെ വന്ന സംഭവങ്ങളിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂർ ഏരിയാ സെന്റർ കേന്ദ്രീകരിച്ച് പ്രവർത്തിച്ച നേതാക്കളെ നടപടിയിൽനിന്ന് ഒഴിവാക്കിയത്.

കമ്മിഷൻ റിപ്പോർട്ട് കൂടാതെ കളമശ്ശേരി മണ്ഡലത്തിൽ ഉയർന്ന ആരോപണങ്ങളും യോഗത്തിൽ ചർച്ചയായി. ഇതേത്തുടർന്ന് ആലങ്ങാട് ഏരിയാ സെക്രട്ടറി എം.കെ. ബാബുവിനെ ശാസിക്കാനും തീരുമാനിച്ചു.

ആലങ്ങാട്, നെടുമ്പാശ്ശേരി, കാലടി, മുളന്തുരുത്തി ഏരിയാ കമ്മിറ്റികൾ ലയിപ്പിക്കാനും വൈറ്റില കമ്മിറ്റി തൃക്കാക്കര കമ്മിറ്റിയാക്കാനും യോഗം അംഗീകാരം നൽകി. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

Content Highlights:CPI ditches Swaraj; District leadership complains to Vijayaraghavan
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.