News

Get the latest news here

ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളുടെ പട്ടികയില്‍ നരേന്ദ്ര മോദിയും മമതാ ബാനര്‍ജിയും

ന്യൂഡൽഹി: ടൈം മാഗസിൻ പുറത്തിറക്കിയ ഏറ്റവും സ്വാധീനമുള്ള 100 ലോക വ്യക്തിത്വങ്ങളുടെ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും.ഇവരെക്കൂടാതെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ. അദാർ പൂനാവാലയും പട്ടികയിൽ ഇടം നേടിയിട്ടുണ്ട്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, വൈസ് പ്രസിഡന്റ് കമല ഹാരിസ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, ഹാരി രാജകുമാരൻ, മേഗൻ രാജകുമാരി, മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് എന്നിവർ ഉൾപ്പെടുന്നതാണ് ടൈം മാസിക പുറത്തിറക്കിയ 2021-ലെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാർഷിക പട്ടിക. താലിബാൻ സഹസ്ഥാപകനായ മുല്ല അബ്ദുൽ ഗനി ബരാദറും പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഒരു സ്വതന്ത്ര രാഷ്ട്രമെന്ന നിലയിൽ 74 വർഷത്തിനിടയിൽ ഇന്ത്യയ്ക്ക് മൂന്ന് പ്രധാന നേതാക്കളുണ്ടായിരുന്നു - ജവഹർലാൽ നെഹ്റു, ഇന്ദിരാ ഗാന്ധി, നരേന്ദ്ര മോദി, മോദിയുടെ ടൈം പ്രൊഫൈലിൽ പറയുന്നു.

എന്നാൽ പ്രശസ്ത സി.എൻ.എൻ. പത്രപ്രവർത്തകൻ ഫരീദ് സക്കറിയ എഴുതിയ പ്രൊഫൈലിൽ പ്രധാനമന്ത്രി മോദി രാജ്യത്തെ മതേതരത്വത്തിൽ നിന്നും ഹിന്ദു ദേശീയതയിലേക്ക് തള്ളിവിട്ടെന്ന് ആരോപിക്കുന്നു. മോദി ഇന്ത്യയിലെ മുസ്ലീം ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കുന്നു എന്നും മാധ്യമപ്രവർത്തകരെ തടവിലാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഏറ്റവും സ്വാധീനമുള്ള 100 പേരുടെ പട്ടികയിൽ 66-കാരിയായ മമതാ ബാനർജി ഇന്ത്യൻ രാഷ്ട്രീയത്തിലെ ഉഗ്രതയുടെ മുഖമായി മാറിയിരിക്കുന്നു എന്നാണ് മമതയുടെ ടൈം പ്രൊഫൈലിൽ പറയുന്നത്.

ലോകത്തിലെ ഏറ്റവും കൂടുതൽ വാക്സിൻ നിർമ്മിക്കുന്ന കമ്പനിയുടെ തലവനായ അദാർ പുനെവാലയാണ് പട്ടികയിലിടം നേടിയ മറ്റൊരു ഇന്ത്യാക്കാരൻ.

താലിബാൻ സഹസ്ഥാപകൻ മുല്ല അബ്ദുൽ ഗനി ബരാദറിനെ അയാളുടെ ടൈം പ്രൊഫൈലിൽ വളരെ അപൂർവ്വമായി പരസ്യ പ്രസ്താവനകളോ അഭിമുഖങ്ങളോ നൽകുന്ന, നിശബ്ദനായ രഹസ്യസ്വഭാവമുള്ള മനുഷ്യൻ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

പട്ടികയിൽ ടെന്നീസ് താരം നവോമി ഒസാക്ക, റഷ്യൻ രാഷ്ട്രീയപ്രവർത്തക അലക്സി നവാൽനി, സംഗീത ഐക്കൺ ബ്രിട്നി സ്പിയേഴ്സ്, ഏഷ്യൻ പസഫിക് പോളിസി ആൻഡ് പ്ലാനിംഗ് കൗൺസിൽ എക്സിക്യൂട്ടീവ് ഡയറക്ടർ മഞ്ജുഷ പി.കുൽക്കർണി, ആപ്പിൾ സിഇഒ ടിം കുക്ക്, നടി കേറ്റ് വിൻസ്ലെറ്റ് എന്നിവരും ഉൾപ്പെട്ടിട്ടുണ്ട്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.