News

Get the latest news here

വണ്ടിപ്പെരിയാറിലെ ആറ് വയസ്സുകാരിയുടെ കൊലപാതകം: 78 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിച്ച് പോലീസ്

തൊടുപുഴ: വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. പെൺകുട്ടിയുടെ അയൽവാസി കൂടിയായ പ്രതി അർജുന്(22) എതിരേയാണ് തൊടുപുഴ പോക്സോ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങളുംപോക്സോ വകുപ്പും പ്രതിക്കെതിരേ ചുമത്തിയിട്ടുണ്ട്.

പ്രതി അറസ്റ്റിലായി 78 ദിവസത്തിനകമാണ് അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിച്ചില്ലെങ്കിൽ പ്രതിക്ക് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടായിരുന്നു. ഇത് ഒഴിവാക്കാനാണ് അതിവേഗത്തിൽ നടപടികൾ പൂർത്തിയാക്കി കുറ്റപത്രം നൽകിയത്. 36 സാക്ഷികളാണ് കേസിലുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി 150-ഓളം പേരുടെ മൊഴികളും രേഖപ്പെടുത്തിയിട്ടുണ്ട്. കേസിൽ ഒരാഴ്ച മുമ്പ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറെയും നിയമിച്ചിരുന്നു.

ജൂൺ 30-നാണ് ചുരുക്കുളം എസ്റ്റേറ്റിലെ മുറിക്കുള്ളിൽ ആറ് വയസ്സുകാരിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്ന് കരുതിയ സംഭവത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് വഴിത്തിരിവുണ്ടായത്. പെൺകുട്ടി ലൈംഗികപീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായിരുന്നു. തുടർന്ന് പോലീസ് സംഘം വിശദമായ അന്വേഷണം നടത്തുകയും അർജുനെ പിടികൂടുകയുമായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലിൽ പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയതാണെന്ന് അർജുൻ സമ്മതിച്ചു.

പീഡിപ്പിക്കുന്നതിനിടെ പെൺകുട്ടി ബോധരഹിതയായെന്നും ഇതോടെ കെട്ടിത്തൂക്കിയെന്നുമായിരുന്നു പ്രതിയുടെ മൊഴി. അശ്ലീലചിത്രങ്ങൾക്ക് അടിമയായിരുന്ന പ്രതി മൂന്നുവർഷത്തോളമായി പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Content Highlights:vandiperiyar rape murder case police submitted charge sheet in court
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.