News

Get the latest news here

കേരളത്തില്‍ ലൗ ജിഹാദും നാര്‍ക്കോട്ടിക്‌ ജിഹാദുമില്ല- കണക്കുകള്‍ നിരത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽസംഘടിതമായ ലൗജിഹാദും നാർക്കോട്ടിക് ജിഹാദും ഇല്ലെന്ന് കണക്കുകൾ നിരത്തി മുഖ്യമന്ത്രി. സംസ്ഥാനത്ത് നിന്ന് ഐ.എസിൽ ചേർന്നവരുടേയും മയക്കുമരുന്ന് ഇടപാടുകൾ തടയുന്നതിനുള്ള2020 ലെ എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകളുടെയും കണക്കുകൾ പറഞ്ഞാണ് മുഖ്യമന്ത്രി ഇക്കാര്യം വിശദീകരിച്ചത്.

സംസ്ഥാനത്ത് നിന്ന് ഐ.എസിൽ ചേർന്നവരുടെ വിശദാംശങ്ങൾ പരിശോധിക്കുമ്പോൾ പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നു എന്ന പ്രചാരണം സാധൂകരിക്കാനാവില്ലെന്നുംനാർക്കോട്ടിക്ക് കേസുകളിൽ ഒരു പ്രത്യേക മതത്തിന്റെ അസ്വാഭാവികമായ അനുപാതം ഇല്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

2019 വരെ ഐ.എസിൽ ചേർന്നതായി വിവരം ലഭിച്ച മലയാളികളായ 100 പേരിൽ 72 പേർ തൊഴിൽപരമായ ആവശ്യങ്ങൾക്കോ മറ്റോ വിദേശരാജ്യത്ത് പോയ ശേഷം അവിടെ നിന്നും ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടരായി ആസംഘടനയിൽ എത്തിപ്പെട്ടതാണ്. അവരിൽ കോഴിക്കോട് തുരുത്തിയാട് സ്വദേശി ദാമോദരന്റെ മകൻ പ്രജു ഒഴികെ മറ്റെല്ലാപേരും മുസ്ലീം സമുദായത്തിൽ ജനിച്ചവരാണ്. മറ്റുള്ള 28 പേർ ഐ.എസ് ആശയങ്ങളിൽ ആകൃഷ്ടരായി കേരളത്തിൽ നിന്നും തന്നെ പോയവരാണെന്നും കണ്ടെത്തിയിട്ടുണ്ട്. ആ 28 പേരിൽ 5 പേർ മാത്രമാണ് മറ്റ് മതങ്ങളിൽ നിന്നും ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം നടത്തിയ ശേഷം ഐ.എസിൽ ചേർന്നത്. അതിൽ തന്നെ തിരുവനന്തപുരം സ്വദേശിനി നിമിഷ എന്ന ഹിന്ദുമതത്തിൽപ്പെട്ട യുവതി പാലക്കാട് സ്വദേശിയായ ബെക്സൺ എന്ന ക്രിസ്ത്യൻ യുവാവിനെയും എറണാകുളം, തമ്മനം സ്വദേശിനിയായ മെറിൻ ജേക്കബ് എന്ന ക്രിസ്ത്യൻ യുവതി ബെസ്റ്റിൻ എന്ന ക്രിസ്ത്യൻ യുവാവിനെയും വിവാഹം കഴിച്ച ശേഷമാണ് ഇസ്ലാം മതത്തിലേയ്ക്ക് പരിവർത്തനം നടത്തുകയും ഐ.എസിൽ ചേരുകയും ചെയ്തത്. പെൺകുട്ടികളെ പ്രണയക്കുരുക്കിൽപ്പെടുത്തി മതപരിവർത്തനം നടത്തി തീവ്രവാദ സംഘടനകളിൽ എത്തിക്കുന്നു എന്ന പ്രചാരണത്തെ സാധൂകരിക്കുന്നതല്ല ഈ കണക്കുകൾ എന്നും മുഖ്യമന്ത്രി പറഞ്ഞു.

നാർക്കോട്ടിക്ക് ജിഹാദ് എന്ന പേരിൽ സംഘടിത ശ്രമങ്ങൾ നടക്കുന്നതായുള്ള പ്രസ്താവനയുംപ്രചാരണങ്ങളും അടിസ്ഥാനരഹിതമാണ്. 2020ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എൻ.ഡി.പി.എസ് ആക്ട് പ്രകാരമുള്ള കേസുകൾ 4941 ആണ്. അവയിൽ പ്രതികളായ 5422 പേരിൽ 2700 (49.80%) പേർ ഹിന്ദുമതത്തിൽപ്പെട്ടവരും 1869 (34.47%) പേർ ഇസ്ലാംമതത്തിൽപ്പെട്ടവരും 853 (15.73%) പേർ ക്രിസ്തു മതത്തിൽപ്പെട്ടവരുമാണ്. ഇതിൽ അസ്വാഭാവികമായ അനുപാതം എവിടെയുമില്ല. മതാടിസ്ഥാനത്തിലല്ല മയക്കുമരുന്ന് കച്ചവടം നടക്കുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Content Highlights: CM Pinarayi Vijayan on love jihad narcotic jihad controversy
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.