News

Get the latest news here

ബൈഡനുമായി കൂടിക്കാഴ്ച, ക്വാഡ്- കോവിഡ് ഉച്ചകോടി, യുഎന്‍ അഭിസംബോധന; മോദിയുടെ ത്രിദിന യുഎസ് സന്ദര്‍ശനം

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായുള്ള നേരിട്ടുള്ള കൂടിക്കാഴ്ച, ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായുള്ള ചർച്ച, കോവിഡ് ഉച്ചകോടി, യു.എൻ. പൊതുസഭയെ അഭിസംബോധന ചെയ്യൽ എന്നിങ്ങനെ മൂന്ന് ദിവസത്തെ അമേരിക്കൻ സന്ദർശനത്തിനായി യാത്ര തിരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തിരിക്കുന്നത് തിരക്കുപിടിച്ച പരിപാടികൾ.

അമേരിക്കൻ പ്രസിഡന്റായശേഷം ജോ ബൈഡനുമായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേരിട്ടുള്ള ആദ്യ കൂടിക്കാഴ്ച വെള്ളിയാഴ്ച വാഷിങ്ടണിൽ നടക്കും. സുരക്ഷയും ഭീകരതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അമേരിക്കൻ പ്രസിഡന്റുമായും ഉന്നത ഉദ്യോഗസ്ഥരുമായും പ്രധാനമന്ത്രി ചർച്ച നടത്തും.

ഇരു രാജ്യങ്ങൾക്കും താല്പര്യമുള്ള പ്രദേശിക-ആഗോള വിഷയങ്ങൾ കൂടിക്കാഴ്ചകളിൽ ചർച്ചയാവും. വാണിജ്യം, നിക്ഷേപം, പ്രതിരോധം, അഫ്ഗാനിസ്താനിലെ താലിബാൻ സർക്കാരിന്റെ രൂപവത്കരണം മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ തുടങ്ങിയവയും ഇരു രാഷ്ട്രതലവന്മാരും ചർച്ചചെയ്യും.

യു.എസ്. വൈസ് പ്രസിഡന്റും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസിനെയും പ്രധാനമന്ത്രി കാണും. ശാസ്ത്ര സാങ്കേതിക മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെ സാധ്യതകൾ കൂടിക്കാഴ്ചയിൽ ചർച്ചയാകും. ഒപ്പം പ്രമുഖ അമേരിക്കൻ കമ്പനികളുടെ പ്രതിനിധികളെയും പ്രധാനമന്ത്രി കാണും.

ബൈഡനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ക്വാഡ് രാജ്യത്തലവന്മാരുടെ (ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ജപ്പാൻ) നേരിട്ടുള്ള ആദ്യയോഗം ചേരും. സുരക്ഷയും ഭീകരതയും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ക്വാഡ് രാഷ്ട്രങ്ങളുടെ തലവന്മാരുമായും മോദി ചർച്ച നടത്തും. ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ, ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗ എന്നിവരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.

ശനിയാഴ്ച ന്യൂയോർക്കിലെത്തുന്ന പ്രധാനമന്ത്രി യു.എൻ. പൊതുസഭയിൽ സംസാരിക്കും. ഐക്യരാഷ്ട്രസഭയുടെ പൊതുസഭയെ അഭിസംബോധന ചെയ്തുള്ള പ്രസംഗത്തോടെയാണ് പ്രധാനമന്ത്രിയുടെ യുഎസ് സന്ദർശനം അവസാനിക്കുക. കോവിഡ് മഹാമാരി, തീവ്രവാദത്തിനെതിരായ പോരാട്ടത്തിന്റെ ആവശ്യകത, കാലാവസ്ഥാ വ്യതിയാനം എന്നിവയുൾപ്പെടെയുള്ള ആഗോള വെല്ലുവിളികൾ കേന്ദ്രീകരിച്ചുകൊണ്ടാകും അദ്ദേഹം യുഎന്നിൽ സംസാരിക്കുക.

Content Highlights: Quad, UN Address, Covid Summit Key Agenda As PM Modi Jets Off To US
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.