News

Get the latest news here

ഡല്‍ഹിയിലും നോയിഡയിലും വന്‍ മയക്കുമരുന്ന് വേട്ട; 37 കിലോ ഹെറോയിന്‍ പിടിച്ചു

ന്യൂഡൽഹി: ഡൽഹിയിലും ഉത്തർപ്രദേശിലെ നോയിഡയിലും വൻ മയക്കുമരുന്ന് വേട്ട. 37 കിലോഗ്രാമോളം മയക്കുമരുന്നാണ് ഇരുസ്ഥലങ്ങളിൽ നിന്നുമായി പിടിച്ചത്. ഹെറോയിനും കൊക്കെയ്നും ഉൾപ്പടെയുള്ള മയക്കുമരുന്നാണ് പിടിച്ചത്. അഫ്ഗാൻ, ഉസ്ബെകിസ്താൻ സ്വദേശികൾ ഉൾപ്പടെ എട്ടുപേരെ സംഭവത്തിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ടയുടെ തുടർച്ചയായി നടന്ന പരിശോധനയിലാണ് ഇവർ പിടിയിലായത്. ഏതാനും ദിവസം മുൻപാണ്ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് എത്തിയ കണ്ടെയ്നറുകളിൽനിന്ന് മൂന്ന് ടൺ ഹെറോയിൻ ഡി.ആർ.ഐ. പിടിച്ചെടുത്തത്. ടാൽകം പൗഡറാണെന്ന വ്യാജേനയാണ് ഇവ രണ്ട് കണ്ടെയ്നറുകളിലായി എത്തിച്ചിരുന്നത്. ഒരു കണ്ടെയ്നറിൽനിന്ന് 2000 കിലോ ഹെറോയിനും മറ്റൊരു കണ്ടെയ്നറിൽനിന്ന് 1000 കിലോ ഹെറോയിനുമാണ് കണ്ടെടുത്തത്.

ഗുജറാത്തിൽ നടന്ന ലഹരി വേട്ടയുടെ തുടർച്ചയായി ഡൽഹി, നോയിഡ, ചെന്നൈ, കോയമ്പത്തൂർ, അഹമ്മദാബാദ്, വിജയവാഡ തുടങ്ങിയ നഗരങ്ങളിലും പരിശോധന നടന്നിരുന്നു. ഡൽഹിയിലെ ഗോഡൗണിൽ നിന്നും നോയിഡയിലെ വീട്ടിൽ നിന്നുമാണ് മയക്കുമരുന്ന് പിടിച്ചത്.

രാജ്യത്തെ വലിയ മയക്കുമരുന്നുവേട്ടയാണ് കഴിഞ്ഞദിവസം മുന്ദ്രയിലെ അദാനി തുറമുഖത്ത് ഡി.ആർ.ഐ. നടത്തിയത്.അന്താരാഷ്ട്ര വിപണിയിൽ 21,000 കോടിയോളം രൂപ വില മതിക്കുന്ന ലഹരിമരുന്നാണ്പിടികൂടിയത്. ടാൽക്കം പൗഡർ കയറ്റിവന്ന രണ്ട് കണ്ടെയ്നറുകളിലാണ് ഇത്രയും ഹെറോയിൻ കണ്ടെത്തിയത്. ഇറാനിലെ ബന്ദർ അബ്ബാസ് തുറമുഖത്തുനിന്നുള്ള ഈ കണ്ടെയ്നറുകൾ വിജയവാഡയിലെ ആഷി ട്രേഡിങ് കമ്പനിയുടെ പേരിലുള്ളവയാണ്.

ഇതിനെ തുടർന്ന് കമ്പനി ഉടമസ്ഥരായ തമിഴ്നാട് സ്വദേശികൾ മച്ചാവരം സുധാകറിനെയും ഭാര്യ വൈശാലിയെയും ചെന്നൈയിൽ അറസ്റ്റുചെയ്തു. ഇവരെ ഭുജ് കോടതി 10 ദിവസത്തേക്ക് ഡി.ആർ.ഐ. കസ്റ്റഡിയിൽവിട്ടു. ഇവരറിയാതെ കണ്ടെയ്നറുകൾ മയക്കുമരുന്നുകടത്താൻ ഉപയോഗിക്കാനുള്ള സാധ്യതയും തള്ളിക്കളഞ്ഞിട്ടില്ല.

Content Highlights: Mundra Drug Haul: 37 Kgs Suspected Heroin, Cocaine Seized In Delhi, Noida
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.