News

Get the latest news here

സ്വാതന്ത്ര്യ സമരസേനാനി ജി.സുശീല അന്തരിച്ചു

പാലക്കാട്: സ്വാതന്ത്ര്യ സമര സേനാനി ആനക്കര വടക്കത്ത് ജി സുശീല (100) അന്തരിച്ചു. ബുധനാഴ്ച വൈകീട്ട് ആറരയോടെ വടക്കത്ത് തറവാട്ടിലാണ് അന്ത്യം. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ആറുവർഷത്തോളമായി കിടപ്പിലായിരുന്നു.

ദേശീയപ്രസ്ഥാനത്തിലെ പ്രവർത്തകരുടെ സംഗമ കേന്ദ്രമായിരുന്ന ആനക്കര വടക്കത്ത് തറവാട്ടിൽ 1921-ലാണ് സുശീല ജനിച്ചത്. ഗാന്ധിയനായിരുന്ന ആനക്കര വടക്കത്ത് എ.വി. ഗോപാലമേനോന്റെയും പെരുമ്പിലാവിൽ കുഞ്ഞിലക്ഷ്മി അമ്മയുടെയും മകളാണ്.

മഹാത്മജിയുടെ ലളിതജീവിതാദർശം ജീവിതത്തിൽ പകർത്തിയ സുശീലാമ്മ കോൺഗ്രസിന്റെ മഹിളാവിഭാഗം ദേശീയസെക്രട്ടറിയായിരുന്നു. എന്നാൽ, സ്വാതന്ത്ര്യാനന്തരം സജീവരാഷ്ട്രീയത്തിൽനിന്ന് അകന്നുനിന്നു.

സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം ഉപരിപഠനത്തിനായി മദ്രാസിലേക്ക് പോയി. സ്വാതന്ത്ര സമരത്തിന്റെ ഭാഗമായി നടന്ന പ്രകടനത്തിൽ പങ്കെടുത്ത് അറസ്റ്റിലുമായി. മൂന്നുമാസം വെല്ലൂർ ജയിലിൽ തടവനുഭവിച്ചു.സ്ത്രീക്ഷേമപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.

ഭർത്താവ്: സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന ടി.വി. കുഞ്ഞികൃഷ്ണൻ. ഇദ്ദേഹം മാതൃഭൂമിയിൽ ഏറെക്കാലം വിദേശരംഗം എന്ന പംക്തി കൈകാര്യം ചെയ്തിരുന്നു. മക്കൾ: നന്ദിതാ കൃഷ്ണൻ, ഇന്ദുധരൻ മേനോൻ (പാരീസ്). മരുമക്കൾ: അരുൺകൃഷ്ണൻ, ബ്രിഷി (ബ്രിജിത്ത്).

സംസ്കാരം വ്യാഴാഴ്ച വൈകിട്ട് രണ്ടരയോടെ വീട്ടുവളപ്പിൽ.

Content Highlights: Freedom fighter GSusheela dies at the age of 100
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.