News

Get the latest news here

ആര്യന്‍ ഖാനെ ഇനിയും കസ്റ്റഡിയില്‍ വേണമെന്ന് എന്‍.സി.ബി; ഓടിയൊളിക്കാന്‍ ശ്രമിച്ചില്ലെന്ന് പ്രതിഭാഗം

മുംബൈ: ആഡംബര കപ്പലിൽനിന്ന് ലഹരിമരുന്ന് പിടികൂടിയ കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാനെ ഒക്ടോബർ 11 വരെ കസ്റ്റഡിയിൽ വേണമെന്ന് എൻ.സി.ബി. കോടതിയിൽ ആവശ്യപ്പെട്ടു. അഡീഷണൽ സോളിസിറ്റർ ജനറൽ അനിൽ സിങ്ങാണ് എൻ.സി.ബിക്ക് വേണ്ടി കോടതിയിൽ ഹാജരായത്. പ്രതികളിൽനിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനുണ്ടെന്നും ലഹരിമരുന്ന് നൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ആര്യന്റെ ഫോണിൽനിന്ന് നിർണായക തെളിവുകൾ ലഭിച്ചിട്ടുണ്ട്. കോഡ് ഭാഷയിലാണ് പ്രതികൾ ചാറ്റ് ചെയ്തിരുന്നതെന്നും അനിൽ സിങ്ങ് കോടതിയിൽ പറഞ്ഞു.

അഭിഭാഷകനായ സതീഷ് മനീഷ് ഷിൻഡെയാണ് ആര്യന് വേണ്ടി ഹാജരായത്. തന്റെ കക്ഷിയിൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു. കപ്പലിലെ മറ്റുള്ളവരിൽനിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തിട്ടുണ്ടെങ്കിൽ ആര്യനെ കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നും മനീഷ് ഷിൻഡെ പറഞ്ഞു.

അന്താരാഷ്ട്ര ലഹരിസംഘവുമായി ബന്ധമുണ്ടെന്നാണ് പ്രോസിക്യൂഷൻ വാദം. ചില വാട്സാപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം ആരോപിക്കുന്നത്. എന്നാൽ ഇതിനൊന്നും തെളിവില്ലെന്നും കോടതിക്ക് ചാറ്റുകൾ പരിശോധിക്കാമെന്നും പ്രതിഭാഗം വ്യക്തമാക്കി. കപ്പലിൽ ഉദ്യോഗസ്ഥരെ കണ്ടപ്പോൾ ഓടിയൊളിക്കാൻ ശ്രമിച്ചില്ലെന്നും അവരെ പരിശോധന നടത്താൻ അനുവദിച്ചെന്നും ആര്യന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.

എൻ.സി.ബി.യുടെ റിമാൻഡ് അപേക്ഷ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അർബാസിന്റെ അഭിഭാഷകനും കോടതിയിൽ വാദിച്ചു. മൂന്ന് പ്രതികളിൽനിന്നായി ആകെ അഞ്ച് ഗ്രാം ഹാഷിഷാണ് കണ്ടെടുത്തതെന്നും ആരിൽനിന്നാണ് ഇത് കണ്ടെടുത്തതെന്ന് റിമാൻഡ് അപേക്ഷയിൽ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ആര്യൻ ഖാന് ലഹരിമരുന്ന് എത്തിച്ചുനൽകിയവരെക്കുറിച്ചുള്ള വിവരങ്ങൾ എൻ.സി.ബി.ക്ക് ലഭിച്ചിരുന്നു. ആര്യന്റെയും അർബാസിന്റെയും വാട്ആപ്പ് ചാറ്റുകളിൽനിന്നാണ് ലഹരിമരുന്ന് വിതരണക്കാരെ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ കണ്ടെത്തിയത്. ശ്രേയസ് നായർ എന്നയാളാണ് ആര്യൻ ഖാനും അർബാസ് മർച്ചന്റിനും ലഹരിമരുന്ന് എത്തിച്ചുനൽകിയതെന്നാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ പറയുന്നത്. ഇയാളെ എൻ.സി.ബി. സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ആര്യനും അർബാസിനും ശ്രേയസ് നായരെ നേരത്തെ പരിചയമുണ്ടെന്നാണ് എൻ.സി.ബി. ഉദ്യോഗസ്ഥർ നൽകുന്നവിവരം. ചില പാർട്ടികളിൽ മൂവരും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങളും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. ലഹരിപാർട്ടി നടന്ന ആഡംബര കപ്പലിൽ ശ്രേയസ് നായരും യാത്രചെയ്യാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ മറ്റുചില കാരണങ്ങളാൽ ഇയാൾ യാത്ര ഒഴിവാക്കുകയായിരുന്നു.

അതിനിടെ, ലഹരിമരുന്ന് കേസ് അന്വേഷിക്കുന്ന എൻ.സി.ബി. സംഘം തിങ്കളാഴ്ച വൈകിട്ടോടെ മുംബൈ അന്താരാഷ്ട്ര ക്രൂയിസ് ടെർമിനലിലെത്തി പരിശോധന നടത്തി. കോർഡെലിയ ക്രൂയിസിൽ യാത്രചെയ്തവരിൽനിന്ന് വിവരങ്ങൾ ശേഖരിക്കാനാണ് എൻ.സി.ബി. സംഘത്തിന്റെ തീരുമാനം. റെയ്ഡ് നടക്കുന്ന സമയം കപ്പലിലുണ്ടായിരുന്നവരെ അന്വേഷണസംഘം ചോദ്യംചെയ്തേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.


Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.