News

Get the latest news here

നൂറ് പവന്‍ സ്വര്‍ണം.. മൂന്നര ഏക്കര്‍ സ്ഥലം.. 10 ലക്ഷം രൂപ.. കാര്‍; എന്നിട്ടും കൊതിതീരാതെ സൂരജ്


കൊല്ലം: അഞ്ചൽ ഉത്ര വധക്കേസിൽ പ്രതി സൂരജിന് ഇരട്ടജീവപര്യന്തമാണ് കോടതി വിധിച്ച ശിക്ഷ. പരമാവധി ശിക്ഷയായ തൂക്കുകയർ പ്രതിക്ക് വിധിക്കാത്തതിലുള്ള നിരാശ കുടുംബം മറച്ചുവെക്കുന്നില്ല. വിധിയിൽ തുടർ നിയമനടപടി സ്വീകരിക്കനാണ് കുടുംബത്തിന്റെ തീരുമാനം. ഉത്രയെ വിവാഹം കഴിപ്പിച്ച് വിട്ട പറക്കോടുള്ള സൂരജിന്റെ വീട്ടിൽ നേരിടേണ്ടി വന്നത് കൊടിയ മാനസിക പീഡനമാണ്. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ ചെറിയ ജോലി ചെയ്തിരുന്ന സൂരജിന് വലിയ സ്ത്രീധനമാണ് ഉത്രയുടെ കുടുംബം നൽകിയത്.

മൂന്നര ഏക്കർ വസ്തുവും നൂറുപവൻ സ്വർണവും കാറും പത്തുലക്ഷം രൂപയും സൂരജിന് സ്ത്രീധനമായി നൽകി. എന്നിട്ടും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. ഒടുവിൽ 8000 രൂപവീതം മാസം ചെലവിന് നൽകി. ഉത്രയെ ഇഷ്ടപ്പെട്ടുവെന്ന് പറഞ്ഞ് വിവാഹനിശ്ചയം നടത്തിയ ശേഷം കൂടുതൽ പണവും സ്വർണവും ആവശ്യപ്പെടുകയായിരുന്നു. മകളുടെ ജീവിതത്തെ കരുതി ആവശ്യപ്പെട്ടപ്പോഴെല്ലാം കുടുംബം പണം നൽകുന്നത് തുടരുകയും ചെയ്തു.

ഉത്ര വധക്കേസിൽ പ്രതി സൂരജിനും കുടുംബാംഗങ്ങൾക്കും എതിരായ ഗാർഹിക പീഡനക്കേസിൽ ക്രൈംബ്രാഞ്ച് നൽകിയ കുറ്റപത്രത്തിന്റെ വിചാരണ പ്രത്യേകം നടക്കും. പുനലൂർ കോടതിയിലാണ് ഈ കേസ്. സൂരജ്, പിതാവ് അടൂർ പറക്കോട് ശ്രീസൂര്യയിൽ സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ പ്രതികളാക്കിയാണ് ഗാർഹിക പീഡനം, വിശ്വാസവഞ്ചന, തെളിവ് നശിപ്പിക്കൽ എന്നീ വകുപ്പുകൾ ചുമത്തി കുറ്റപത്രം സമർപ്പിച്ചത്.

വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടത് മുതൽ മാനസികമായി ഉത്രയെ പീഡിപ്പിച്ചിരുന്നു. ഈ വിഷയം വീട്ടിൽ അറിയിച്ചപ്പോൾ ഉത്രയെ കൂട്ടിക്കൊണ്ട് പോകുകയും ചെയ്തു. ഇനി പ്രശ്നമുണ്ടാക്കില്ലെന്ന്് ഉറപ്പ് നൽകിയപ്പോൾ തിരികെ അടൂരിലുള്ള സൂരജിന്റെ വീട്ടിലേക്ക് അയക്കുകയും ചെയ്തിരുന്നു. എന്നാൽ തിരികെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് വന്നതുമുതൽ ഉത്രയെ കൊലപ്പെടുത്താനുള്ള പദ്ധതികൾ സൂരജ് ആവിഷ്കരിച്ച് തുടങ്ങിയിരുന്നു.

Content Highlights: what sooraj got as dowry from uthra`s family​

Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.