News

Get the latest news here

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലന്‍സിനുള്ളില്‍ സുഖ പ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ അതിഥി തൊഴിലാളിയായ യുവതിക്ക് ആംബുലൻസിനുള്ളിൽ സുഖ പ്രസവം. മധ്യപ്രദേശ് ലംസാര സ്വദേശിയും ഇടുക്കി രാജാക്കാട് ആനപ്പാറ താമസവുമായ ടീകാമിന്റെ ഭാര്യ ഹേമാവതി (31) ആണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. അടിമാലി താലൂക്ക് ആശുപത്രിയിൽ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ആശുപത്രി അധികൃതർ അറിയിച്ചു.

ചൊവ്വാഴ്ച രാത്രി 10.30നാണ് സംഭവം. ഹേമാവതിക്ക് വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ പ്രദേശത്തെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിനെ ബന്ധപ്പെടുകയും തുടർന്ന് ഇവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയുമായിരുന്നു. കൺട്രോൾ റൂമിൽ നിന്നുള്ള നിർദേശാനുസരണം ഉടൻ തന്നെ രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആംബുലൻസ് എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ആഷ്ലി ജോസഫ്, പൈലറ്റ് മോൻസൻ പി സണ്ണി എന്നിവർ സ്ഥലത്തെത്തി. പരിശോധനയിൽ ഹേമാവതി തീരെ അവശയാണെന്നും ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റണമെന്നും മനസിലാക്കി. തുടർന്ന് ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുകയും ഹേമാവതിയെ ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു.

അടിമാലി താലൂക്ക് ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ രാജാക്കാട് എത്തുമ്പോഴേക്കും ഹേമാവതിയുടെ ആരോഗ്യനില കൂടുതൽ വഷളാകുകയും തുടർന്ന് സമീപത്ത് കണ്ട ഒരു ക്ലിനിക്കിലേക്ക് ആംബുലൻസ് കയറ്റുകയും ചെയ്തു. എന്നാൽ ഡോക്ടർ എത്തുന്നതിന് മുൻപ് തന്നെ ആംബുലൻസിനുള്ളിൽ വെച്ച് 11 മണിയോടെ ആഷ്ലിയുടെ പരിചരണത്തിൽ ഹേമാവതി കുഞ്ഞിന് ജന്മം നൽകി. തുടർന്ന് സ്വകാര്യ ആശുപത്രിയിലെ ഡോ. ജയചന്ദ്രൻ അമ്മയ്ക്കും കുഞ്ഞിനും പ്രഥമ ശുശ്രൂഷ നൽകിയ ശേഷം ഉടൻ തന്നെ ഇരുവരെയും അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

ആഷ്ലിയുടെ പരിചരണത്തിൽ കനിവ് 108 ആംബുലൻസിൽ നടക്കുന്ന രണ്ടാമത്തെ പ്രസവമാണ് ഇത്. കൃത്യമായ ഇടപെടലിലൂടെ അമ്മയുടേയും കുഞ്ഞിന്റേയും ജീവൻ രക്ഷിച്ച കനിവ് 108 ആംബുലൻസ് ജീവനക്കാരെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

content highlights:women gave birth to child in ambulance
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.