News

Get the latest news here

മുന്നൊരുക്കം ഗംഭീരമാക്കി ഇന്ത്യ; രണ്ടാം സന്നാഹ മത്സരത്തില്‍ ഓസീസിനേയും തകര്‍ത്തു

ദുബായ്: ട്വന്റി-20 ലോകകപ്പ് സന്നാഹ മത്സരത്തിൽ തകർപ്പൻ പ്രകടനം തുടർന്ന് ഇന്ത്യ. ഇംഗ്ലണ്ടിനെ തോൽപ്പിച്ചതിന് പിന്നാലെ ഓസ്ട്രേലിയയേയും തറപറ്റിച്ചു. 13 പന്ത് ശേഷിക്കെ ഒമ്പത് വിക്കറ്റിനായിരുന്നു ഓസീസിനെതിരായ വിജയം.

153 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്ക് കെഎൽ രാഹുലും രോഹിത് ശർമയും മികച്ച തുടക്കം സമ്മാനിച്ചു. ഇരവരും ഓപ്പണിങ് വിക്കറ്റിൽ 9.2 ഓവറിൽ 68 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 31 പന്തിൽ രണ്ട് ഫോറും മൂന്നു സിക്സും സഹിതം 39 റൺസെടുത്ത കെഎൽ രാഹുലിനെ ആഷ്റ്റൺ അഗർ പുറത്താക്കി. 41 പന്തിൽ അഞ്ചു ഫോറിന്റേയും മൂന്നു സിക്സിന്റേയും സഹായത്തോടെ 60 റൺസെടുത്ത രോഹിത് റിട്ടേർഡ് ഹർട്ടായി മടങ്ങി.

പിന്നീട് സൂര്യകുമാർ യാദവും ഹാർദിക് പാണ്ഡ്യയും ഇന്ത്യയെ വിജയതീരത്തെത്തിച്ചു. സൂര്യകുമാർ 27 പന്തിൽ 38 റൺസും പാണ്ഡ്യ എട്ടു പന്തിൽ 14 റൺസുമടിച്ചു.

നേരത്തെ ഓസ്ട്രേലിയ നിശ്ചിത ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ 152 റൺസാണെടുത്തത്. ഒരു ഘട്ടത്തിൽ മൂന്നു വിക്കറ്റിന് 11 റൺസ് എന്ന അവസ്ഥയിലായിരുന്ന ഓസീസിനെ സ്റ്റീവ് സ്മിത്ത് മികച്ച സ്കോറിലേക്ക് നയിക്കുകയായിരുന്നു. സ്മിത്ത് 48 പന്തിൽ ഏഴു ഫോറിന്റെ സഹായത്തോടെ 57 റൺസെടുത്തു. 41 റൺസോടെ സ്റ്റോയിൻസും 37 റൺസോടെ മാക്സ്വെല്ലും സ്മിത്തിന് പിന്തുണ നൽകി. ഡേവിഡ് വാർണർ (1), ആരോൺ ഫിഞ്ച് (8), മിച്ചൽ മാർഷ് (0) എന്നിവർക്ക് തിളങ്ങാനായില്ല. നാല് റൺസോടെ മാത്യു വെയ്ഡ് പുറത്താകാതെ നിന്നു.

11 റൺസിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി കൂട്ടത്തകർച്ചക്ക് തുടക്കമിട്ട ഓസ്ട്രേലിയയെ പിന്നീട് നാലാം വിക്കറ്റിൽ അർധ സെഞ്ചുറി കൂട്ടുകെട്ടുമായി സ്മിത്തും മാക്സ്വെല്ലും കര കയറ്റുകയായിരുന്നു. 46 പന്തിൽ ഇരുവരും ചേർത്തത് 61 റൺസാണ്. മാക്സ്വെൽ പുറത്തായ ശേഷം അഞ്ചാം വിക്കറ്റിൽ സ്റ്റോയ്ൻസിനെ കൂട്ടിപിടിച്ച് സ്മിത്ത് പൊരുതാവുന്ന സ്കോറിലെത്തിച്ചു. 49 പന്തിൽ ഇരുവരും ചേർന്ന് 76 റൺസ് അടിച്ചു. ഇന്ത്യക്കായി അശ്വിൻ രണ്ടും ഭുവനേശ്വർ കുമാറും രവീന്ദ്ര ജഡേജയും രാഹുൽ ചാഹറും ഓരോ വിക്കറ്റ് വീതവും നേടി.

Content Highlights: India vs Australia T20 World Cup Cricket Warm Up Match
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.