News

Get the latest news here

നെതര്‍ലന്‍ഡ്‌സിനെ ആറു വിക്കറ്റിന് തോല്‍പ്പിച്ചു; ക്രിക്കറ്റില്‍ ചരിത്രമെഴുതി നമീബിയ

അബുദാബി: ക്രിക്കറ്റിൽ നമീബിയക്ക് ഇത് ചരിത്രനിമിഷം. ട്വന്റി-20 ലോകകപ്പ് യോഗ്യതാ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ച് നമീബിയ ലോകകപ്പ് ചരിത്രത്തിലെ തങ്ങളുടെ ആദ്യ വിജയം സ്വന്തമാക്കി. ആറു പന്ത് ശേഷിക്കെ ആറു വിക്കറ്റിനായിരുന്നു നമീബിയയുടെ വിജയം.

165 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ നമീബിയയെ ഡേവിഡ് വൈസിന്റെ ബാറ്റിങ്ങാണ് വിജയതീരത്തെത്തിച്ചത്. 40 പന്തിൽ നാല് ഫോറിന്റേയും അഞ്ച് സിക്സിന്റേയും സഹായത്തോടെ ഡേവിഡ് വൈസ് 66 റൺസ് അടിച്ചു. 22 പന്തിൽ 32 റൺസുമായി ക്യാപ്റ്റൻ എറാസ്മസ് വൈസിന് പിന്തുണ നൽകി.

ആദ്യം ബാറ്റു ചെയ്ത നെതർലന്റ്സിനായി ഓപ്പണർ മാക്സ് ഡൗഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. 56 പന്തിൽ 70 റൺസ് അടിച്ചെടുത്തു. കോളിൻ അക്കർമാൻ 35 റൺസ് നേടി. ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടുകെട്ടുണ്ടാക്കി. നമീബിയക്കായി ഫ്രൈലിങ്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.

ഗ്രൂപ്പ് എയിൽ ഒന്നു വീതം വിജയവും തോൽവിയുമായി നമീബിയ മൂന്നാം സ്ഥാനത്താണ്. രണ്ടു മത്സരങ്ങളും തോറ്റ നെതർലൻഡ്സ് അവസാന സ്ഥാനത്താണ്.

Content Highlights: Namibia first World Cup win T20 World Cup Cricket
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.