News

Get the latest news here

മാതൃഭൂമി ഡയറക്ടര്‍ ഡോ. ടി.കെ. ജയരാജ് അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത യൂറോളജി സർജനും കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റൽ മാനേജിങ് ഡയറക്ടറും ചീഫ് സർജനും മാതൃഭൂമി ഡയറക്ടറുമായ ഡോ.ടി.കെ.ജയരാജ് (82). അന്തരിച്ചു. കോഴിക്കോട് തളി കൽപകയിലായിരുന്നു താമസം. 2006 മുതൽ മാതൃഭൂമി ഡയറക്ടറാണ്.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്ന് എം.ബി.ബി.എസ്. ബിരുദം നേടിയ ജയരാജ് കേരള ഗവ. സർവീസിൽ അസിസ്റ്റന്റ് സർജനായാണ് ഭിഷഗ്വരജീവിതം തുടങ്ങിയത്. എം.എസ്., എഫ്.ഐ.സി.എസ്., എഫ്.ഐ.എം.എസ്.എ. ബിരുദങ്ങളും നേടി. 1965 മുതൽ 1974 വരെ വിവിധ സർക്കാർ ആശുപത്രികളിൽ അസിസ്റ്റന്റ് സർജനായി പ്രവർത്തിച്ചു. 1976-ൽ കോഴിക്കോട് പി.വി.എസ്. ഹോസ്പിറ്റൽ തുടങ്ങിയതുമുതൽ അതിന്റെ നേതൃത്വത്തിൽ അദ്ദേഹമുണ്ടായിരുന്നു. എളിയനിലയിൽ തുടങ്ങിയ സ്ഥാപനത്തെ മൾട്ടി സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലാക്കി വളർത്തുന്നതിൽ നിർണായകപങ്കു വഹിച്ചു. അഖിലേന്ത്യാതലത്തിലും അന്താരാഷ്ട്രതലത്തിലും നടന്ന മെഡിക്കൽ സമ്മേളനങ്ങളിൽപ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര ജേണലുകളിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുമുണ്ട്.

തൃശ്ശൂർ ജില്ലയിലെ വലപ്പാട്ട് മലബാർ ഡിസ്ട്രിക്ട് ബോർഡിൽ സ്കൂൾഅധ്യാപകനായിരുന്ന എടമുട്ടം തണ്ടയം പറമ്പിൽ കുഞ്ഞുകൃഷ്ണന്റെയും കാർത്യായനിയുടെയും മകനായി 1939 ജൂലായ് ഏഴിനായിരുന്നു ജനനം.

അസോസിയേഷന് ഓഫ് സർജൻസ് ഓഫ് ഇന്ത്യ ഭരണസമിതിയംഗം, കേരള ചാപ്റ്റർ പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ബ്രാഞ്ച് പ്രസിഡന്റ്, കാലിക്കറ്റ് യൂറോളജി ക്ലബ്ബ് പ്രസിഡന്റ്, ശ്രീനാരായണ എഡ്യുക്കേഷൻ സൊസൈറ്റി ഡയറക്ടർബോർഡംഗം, വൈസ് പ്രസിഡന്റ്, ശ്രീകണ്ഠേശ്വര ക്ഷേത്രം പ്രവർത്തകസമിതിയംഗം, റോട്ടറി ക്ലബ്ബ് ഓഫ് കാലിക്കറ്റ് ഈസ്റ്റ് പ്രസിഡന്റ്, ജില്ലാ വോളിബോൾ അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്.

കെ.ടി.സി. സ്ഥാപകനും പ്രമുഖ വ്യവസായിയുമായ പരേതനായ പി.വി.സാമിയുടെ മകൾ കുമാരി ജയരാജാണ് ഭാര്യ. മക്കൾ: ഡോ.ജെയ്സി ബൈജു (ഹാർട്ട് ആൻഡ് വാസ്കുലാർ കെയർ, ഫ്ളോറിഡ, യു.എസ്.), ഡോ.ദീപ സുനിൽ (പി.വി.എസ്. ഹോസ്പിറ്റൽ, കോഴിക്കോട്), ഡോ.ജയ് കിഷ് ജയരാജ് (ഡയറക്ടർ, പി.വി.എസ്. ഹോസ്പിറ്റൽ), ഡോ.ദീഷ്മ രാജേഷ് (പി.വി.എസ്. ഹോസ്പിറ്റൽ). മരുമക്കൾ: ഡോ.പ്രദീപ് ബൈജു (ഹാർട്ട് ആൻഡ് വാസ്കുലാർ കെയർ, ഫ്ളോറിഡ, യു.എസ്.), ഡോ.സുനിൽ രാഹുലൻ (ദുബായ്), ഡോ.ആര്യ ജയ് കിഷ് (പി.വി.എസ്. ഹോസ്പിറ്റൽ), ഡോ. രാജേഷ് സുഭാഷ് (പി.വി.എസ്. ഹോസ്പിറ്റൽ). സഹോദരങ്ങൾ: സാവിത്രി (ഫറോക്ക്), സതി (അയ്യന്തോൾ), പരേതരായ ഡോ.ടി.കെ.രവീന്ദ്രൻ (കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ), ഗംഗാധരൻ(വിമുക്തഭടൻ), ബാലകൃഷ്ണൻ (റിട്ട. പ്രിൻസിപ്പാൾ, ഗവ. കോളേജ്, ചാലക്കുടി), സുരേന്ദ്രൻ (റിട്ട. ഇന്ത്യൻ റവന്യൂ സർവീസ്), സരോജിനി, സരസ്വതി.

മാതൃഭൂമി ചെയർമാനും മാനേജിങ് എഡിറ്ററുമായ പി.വി.ചന്ദ്രൻ, മുഴുവൻസമയ ഡയറക്ടറും ചലച്ചിത്ര നിർമാതാവുമായ പി.വി.ഗംഗാധരൻഎന്നിവർ ഭാര്യാസഹോദരന്മാരാണ്.
Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.