News

Get the latest news here

ഗൗരിഖാന്റെ പ്രാര്‍ഥന കേട്ടില്ല; 'സത്യമേവ ജയതേ' എന്ന് വാങ്ക്‌ഡെ

മുംബൈ : മകന് വേണ്ടിയുള്ള പ്രാർഥനയിലായിരുന്നു ഗൗരിഖാൻ. ബുധനാഴ്ചയെങ്കിലും ആര്യൻഖാൻ ആർതർ റോഡ് ജയിലഴിക്കുള്ളിൽനിന്ന് ബാന്ദ്ര ബാൻഡ് സ്റ്റാൻഡിലെ മന്നത്തിലെത്തുമെന്നായിരുന്ന ഗൗരിഖാന്റെ പ്രതീക്ഷ. ആ പ്രതീക്ഷയാണ് ബുധനാഴ്ച കോടതിയിൽ പുതിയ തെളിവുകൾ നിരത്തി നർക്കോട്ടിക് കൺട്രോൾ ബ്യുറോ പൊളിച്ചത്. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോവിന്റെ വാദങ്ങളിൽ സാധുത കണ്ട കോടതി ആര്യൻഖാന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

ബോളിവുഡിലെ യുവനടിയുമായി മയക്കുമരുന്ന് സംബന്ധിച്ച ചാറ്റുകളും ആര്യൻഖാൻ മയക്കുമരുന്നിന് അടിമയാണെന്നും പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കുമെന്ന വാദവുമാണ് എൻ.സി.ബി. കോടതിയിൽ മുഖ്യമായും ഉന്നയിച്ചത്.

അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റുമായി ആര്യൻ ഖാന് ബന്ധമുണ്ടെന്ന കാര്യവും എൻ.സി.ബി. നേരത്തേ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുതിർന്ന അഭിഭാഷകൻ അമിത് ദേശായിയെ ഉൾപ്പെടെ നാല് അഭിഭാഷകർ ആര്യൻഖാന് വേണ്ടി കോടതിയിൽ വാദിച്ചെങ്കിലും ആര്യൻഖാന്റെ അഭിഭാഷകവാദങ്ങളെ കോടതി അംഗീകരിച്ചില്ല.

നേരത്തേ ആര്യൻ ഖാന് ജാമ്യം ലഭിക്കുമെന്ന് വാർത്ത പരന്നതോടെ ബാന്ദ്രയിലെ ഷാരൂഖാന്റെ വസതിക്ക് മൂന്നിൽ ആരാധകർ ഒഴുകിയെത്തി. ഉച്ചയ്ക്ക് ശേഷം 2.45-ന് കോടതി തുടങ്ങി ആര്യൻഖാന്റെ ജാമ്യാപേക്ഷ തള്ളി. ആര്യൻഖാനൊപ്പം അറസ്റ്റിലായ അർബ്ബാസ് മർച്ചന്റ്, മുൻമുൺ ധമേച്ച എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും.

ആര്യൻഖാന്റെ ജാമ്യാപേക്ഷ തള്ളിയതോടെ മാധ്യമങ്ങളോട് എൻ.സി.ബി. മേധാവി സമീർ വാങ്ക്ഡെയുടെ പ്രതികരണം രണ്ട് വാക്കിലൊതുങ്ങി-സത്യമേവ ജയതേ.

കേസുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്ഡ് നടക്കുകയാണ്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്.നടി അനന്യ പാണ്ഡയെയുടെ വീട്ടിലും റെയ്ഡ് നടത്തുന്നു. അനന്യയെ പിന്നീട് ചോദ്യംചെയ്യലിന് വിളിപ്പിച്ചു.

Content Highlights:Gauri Khan,Aryan Khans arrest, sameer wankhede, narcotics control bureau




Related News
Comments
© 2016 - 2020 Mathrubhumi Printing & Publishing Co Ltd.